നെടുമങ്ങാട് : മുന്നറിയിപ്പില്ലാതെ ഇരുമ്പ-കാച്ചാണി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതു യാത്രക്കാരെ വലച്ചതായി പരാതി.
അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചതോടെ നെടുമങ്ങാട്- പേരൂർക്കട വഴി പോകുന്നതും വരുന്നതുമായ കെഎസ്ആർടിസി ബസുകളും മറ്റു യാത്രാവാഹനങ്ങളും ചരക്കു ലോറികളും വാളിക്കോട് -മുളമുക്ക്-കുമ്മി -മുല്ലശ്ശേരി വഴി കടത്തിവിട്ടതാണ് ജനങ്ങളെ വലച്ചത്.
പ്രവർത്തിദിനമായിരുന്ന ഇന്നലെ സർക്കാർ ജീവനക്കാരും വിദ്യാർഥികളും മെഡിക്കൽ കോളജിൽ പോകേണ്ടവരും ഉൾപ്പടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. അവധിദിനങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപ്പണി പ്രവൃത്തിദിനത്തിൽ ചെയ്ത ഉദ്യോഗസ്ഥ നടപടിയാണു യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയത്.
കഴിഞ്ഞ 20നു കാച്ചാണി റോഡിലെ അറ്റകുറ്റപ്പണി സംബന്ധിച്ചു പൊതുമരാമത്ത് അധികൃതർ നെടുമങ്ങാട് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്കും പോലീസിനും കത്തു നല്കിയെങ്കിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു വാർത്താ മാധ്യമങ്ങളിൽ അറിയിപ്പു നൽകിയിരുന്നില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് ഞായറാഴ്ച രാത്രി വാട്സാപ്പ് ഗ്രൂപ്പിലൂടെ അറിയിപ്പു നൽകിയെങ്കിലും ജനശ്രദ്ധയിലെത്തിയില്ല. വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളെ തുടർന്നു കാച്ചാണി വഴി തിരിച്ചുവിട്ടിരുന്ന വാഹന ഗതാഗതമാണു മുന്നറിയിപ്പ് കൂടാതെ വാളിക്കോട് -മുളമുക്ക് -മുല്ലശ്ശേരി റൂട്ടിൽ ക്രമീകരിച്ചത്.
ഇരുമ്പ-കാച്ചാണി റോഡിലെ അറ്റകുറ്റപ്പണി പൂർത്തിയായതായും ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിലിന്റെ ഓഫീസ് അറിയിച്ചു.