കാസർഗോഡ് നഗരമധ്യത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നായക്സ് റോഡ്.
കാസർഗോഡ്: വീതിക്കുറവു മൂലം അപകടമേഖലയായി മാറിയ എംജി റോഡ് നവീകരിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ ബന്ധപ്പെട്ട സ്ഥലമുടമകളുമായി പ്രാഥമിക ചർച്ച നടത്തി. കല്ലട്ര മാഹിൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം, വൈസ് ചെയർമാൻ കെ.എം. ഹനീഫ് എന്നിവർ പങ്കെടുത്തു.
കെട്ടിടങ്ങൾക്കു മുന്നിൽ റോഡ് വീതികൂട്ടുന്നതിന് മൂന്നു മീറ്ററെങ്കിലും വീതിയിലുള്ള സ്ഥലം ബന്ധപ്പെട്ട ഉടമകൾ സൗജന്യമായി വിട്ടുതരികയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും ഫണ്ട് ഉപയോഗിച്ച് നവീകരണം വേഗത്തിൽ നടപ്പാക്കാനാകുമെന്ന് എംഎൽഎയും നഗരസഭാ അധികൃതരും ഉറപ്പുനൽകി.
സ്ഥലമുടമകൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചെങ്കിലും സ്ഥലം വിട്ടുനൽകുന്നതിനുള്ള മറ്റു വ്യവസ്ഥകളൊന്നും മുന്നോട്ടുവച്ചില്ല. തുടർന്നുള്ള ചർച്ചകളിലും ഈ മാസംതന്നെ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളിലും ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഉടമകളുടെ സാന്നിധ്യത്തിൽ എംഎൽഎയും നഗരസഭ അധികൃതരും പരിശോധന നടത്തി. ആദ്യ ചർച്ചയിൽ പങ്കെടുക്കാത്ത കെട്ടിട ഉടമകളുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്നും സംഘം വ്യക്തമാക്കി.
നായക്സ് റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിൽ
എംജി റോഡിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽനിന്ന് ബാങ്ക് റോഡിലേക്കും തിരിച്ചും എത്തുന്നതിനുള്ള എളുപ്പവഴിയായ നായക്സ് റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കഴിഞ്ഞ മാർച്ചിൽ കോൺക്രീറ്റ് ചെയ്ത് അറ്റകുറ്റപണികൾ പൂർത്തിയാക്കിയ റോഡ് പിന്നീട് പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി വീണ്ടും വെട്ടിപ്പൊളിക്കുകയായിരുന്നു. വെട്ടിപ്പൊളിച്ച ഭാഗത്ത് വീണ്ടും കോൺക്രീറ്റ് ചെയ്തെങ്കിലും ആഴ്ചകൾക്കുള്ളിൽ അത് അവിടവിടെയായി വീണ്ടും അടർന്നു. പല ഭാഗങ്ങളിലും ഇരുവശങ്ങളിലേക്കും രണ്ടു വാഹനങ്ങൾക്കു മാത്രം കടന്നുപോകാവുന്ന വീതിയാണ് റോഡിനുള്ളത്. വെട്ടിപ്പൊളിച്ച ഭാഗങ്ങളിലൂടെ അടിയുലഞ്ഞാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. മറ്റു പലയിടങ്ങളിലും ആഴമേറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
തിരക്കേറിയ സമയങ്ങളിൽ റോഡിൽ ഗതാഗതക്കുരുക്കൊഴിയാത്ത നിലയാണ്. പല ഭാഗങ്ങളിലും ഓവുചാലിനു മുകളിൽ സ്ലാബില്ലാത്തതും അപകടസാധ്യതയാകുന്നു.
നഗരത്തിലെ മറ്റൊരു ബൈപാസ് റോഡായ കെപിആർ റാവു റോഡും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. നഗരത്തിലെ റോഡുകളുടെ നവീകരത്തിന് സംസ്ഥാന സർക്കാർ രണ്ടു കോടിയുടെയും നഗരസഭ ഒരു കോടിയുടെയും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മഴക്കാലം വിട്ടുമാറിയാലുടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്. റോഡുകളുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധനയും ഇതോടൊപ്പം നടത്തും. ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം പറഞ്ഞു.
Tags : NattuVishesham DistrictNews