ചെറുപുഴ: നാട്ടുകാരുടെ കൂട്ടായ്മയിൽ റോഡ് ടാറിംഗ് നടത്തി നവീകരിച്ചു. പുളിങ്ങോം-പാലാന്തടം റോഡാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ ഗതാഗത യോഗ്യമായത്. എട്ടുലക്ഷം രൂപാ ചെലവിൽ 260 മീറ്റർ റോഡാണു ടാർ ചെയ്തത്. 28 വർഷം മുന്പ് നാട്ടുകാർ പിരിവെടുത്ത് ചെങ്കല്ല് പാകിയ റോഡ് കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരുന്നു.
പഞ്ചായത്ത് ഫണ്ടിന് കാത്തുനിൽക്കാതെ പഞ്ചായത്തംഗം ജമീല കോളയത്തിന്റെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് എട്ടുലക്ഷം രൂപ സമാഹരിച്ചായിരുന്നു നവീകരണ പ്രവ്യത്തി നടത്തിയത്. മഴയ്ക്ക് മുന്പായി റോഡ് ടാർ ചെയ്തു. റോഡിന് മഹാത്മ ഗാന്ധി റോഡ് (എംജി റോഡ്) എന്ന് നാമകരണം ചെയ്തു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ജമീല കോളയത്ത് നിർവഹിച്ചു. പുളിങ്ങോം ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഖാദർ അഞ്ചില്ലത്ത്, ബഷീർ അൻഷിദി, ചാക്കോ, എ.ടി. മുഹമ്മദ്, കെ.കെ. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Road tarring was carried out