എസി കനാൽ ശൂചീകരണ പദ്ധതിയുടെ രൂപരേഖ എംഎൽഎക്കു കൈമാറുന്നു.
ചങ്ങനാശേരി: ആവർത്തിക്കുന്ന പോളശല്യത്തിൽനിന്നു ആലപ്പുഴ–ചങ്ങനാശേരി (എസി) കനാലിനെ പൂർണമായി മോചിപ്പിക്കാൻ ശാസ്ത്രീയവും സുസ്ഥിരവുമായ മൂന്നു വർഷത്തെ സമഗ്ര പരിപാലന പദ്ധതിയുമായി സെന്റ് ബർക്കുമാൻസ് കോളജ്. എസി കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിലവിൽ നീക്കം ചെയ്ത പോളയും മറ്റ് ജലസസ്യങ്ങളും വീണ്ടും പടർന്നുപിടിക്കുന്നത് തടയാനും സ്വാഭാവിക നീരൊഴുക്ക് ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിരേഖ ചങ്ങനാശേരി എംഎൽഎ വിനു ജോബിന് എസ്ബി കോളജിൽ നടന്ന ചടങ്ങിൽ സമർപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പിൽ, ബോട്ടണി വിഭാഗം മേധാവി ഡോ. ജെബിൻ ജോസഫ് എന്നിവർ ചേർന്നാണ് പദ്ധതി സമർപ്പിച്ചത്. ഡോ. ജെബിൻ ജോസഫ് പദ്ധതി വിശദീകരിച്ചു.
പോളയുടെ വളർച്ച തടയുന്നതിന് നിരീക്ഷണം
ലക്ഷങ്ങൾ മുടക്കി ഇടയ്ക്കിടെ പോള വാരുന്ന രീതിക്കു പകരം, പോളയുടെ തിരിച്ചുവരവ് തടയുന്ന ശാശ്വത നിരീക്ഷണ സംവിധാനമാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. തുടക്കത്തിൽത്തന്നെ പോളയുടെ വളർച്ച കണ്ടെത്തി നശിപ്പിക്കുന്ന ഏർലി ഡിറ്റക്ഷൻ ആൻഡ് റാപ്പിഡ് റെസ്പോൺസ് രീതിയാണു പ്രധാന ആകർഷണം. കനാലിൽനിന്നു കോരിമാറ്റുന്ന ജൈവാവശിഷ്ടങ്ങൾ കരയിൽ തള്ളി മലിനീകരണമുണ്ടാക്കാതെ ശാസ്ത്രീയമായി കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള നിർദേശവും പദ്ധതിയിലുണ്ട്.
പദ്ധതി ജനകീയ സഹകരണത്തോടെ
കാർഷികാവശ്യത്തിന് ഉപയോഗിക്കുന്നതിനു മുന്പ് ഇവയിലെ മലിനീകരണ തോതും ഗുണനിലവാരവും പരിശോധിക്കും. ഹരിതകർമസേന, കുടുംബശ്രീ, മത്സ്യത്തൊഴിലാളികൾ, തദ്ദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാകും പദ്ധതി. നഗരസഭാ പാർക്കിനോടു ചേർന്നുള്ള കുളം മാലിന്യമുക്തമാക്കി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയ എസ്ബി കോളജിന്റെ നവോദകം സംരംഭം ആണ് ഇതിനു പ്രചോദനം. ജലസസ്യങ്ങളുടെ തിരിച്ചറിയൽ, ശാസ്ത്രീയ നിരീക്ഷണം, ഹോട്ട്സ്പോട്ട് മാപ്പിംഗ്, പുനർവ്യാപന നിയന്ത്രണം, ജൈവവസ്തുക്കളുടെ ശാസ്ത്രീയ സംസ്കരണം, ഗുണനിലവാര പരിശോധന, വാർഷിക വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകാനാണ് എസ്ബി കോളജ് ബോട്ടണി വിഭാഗം ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിൽ വിജയകരമായി നടപ്പാക്കാനായാൽ കേരളത്തിലെ മറ്റു നഗര കനാലുകളിലും ജലാശയങ്ങളിലും മാതൃകയായി സ്വീകരിക്കാവുന്ന പദ്ധതിയായി ഇത് വികസിപ്പിക്കാനാകുമെന്ന പ്രതീക്ഷയും ബോട്ടണി വിഭാഗം മുന്നോട്ടുവച്ചു.