നെടുമങ്ങാട് : സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അരുവിക്കര മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും യോഗം അരുവിക്കര മണ്ഡലം എംഎൽഎ അഡ്വ. ജി. സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്നു. അധ്യയനത്തിന് മുന്നോടിയായി സ്കൂളുകളിൽ അടിയന്തരമായി നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങളും വിദ്യാലയങ്ങളെ കൂടുതൽ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി.
എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വിപുലമായും ആകർഷകമായും സംഘടിപ്പിക്കാനാണ് യോഗത്തിൽ തീരുമാനം എടുത്തത്. സ്കൂൾ തുറക്കുന്നതിന് മുൻപായി സ്കൂൾ പരിസരങ്ങൾ പൂർണമായും വൃത്തിയാക്കുക, വിദ്യാർഥികൾക്ക് അപകടസാധ്യത ഉണ്ടാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുക, സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകാൻ യോഗം നിർദേശിച്ചു.
യോഗത്തിൽ വെള്ളനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനപ്പാറ വിഷ്ണു, ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ കാസിം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham School admission