മംഗലംഡാം പാണ്ടിക്കടവിലെ ആലയിൽ ടാപ്പിംഗ് കത്തി നിർമാണത്തിലേർപ്പെട്ടിട്ടുള്ള ശശി.
മംഗലംഡാം: മനോഹരമായ പണിശാലയോ പേരെഴുതി ബോർഡ് തൂക്കാവുന്ന കെട്ടിടമോ ഇല്ല. മംഗലംഡാം റിസർവോറിന്റേയും പൊൻകണ്ടം, കടപ്പാറ റോഡിന്റേയും ഇടയ്ക്ക് പാതയോരത്തായി ചെറിയൊരു ഷെഡ്. ഇവിടെയാണ് റബർ ടാപ്പിംഗ് കത്തി നിർമാണ സ്പെഷ്യലിസ്റ്റായ 68 കാരൻ ശശിയുടെ പണിപ്പുര. ഇവിടെനിന്നും രൂപം കൊള്ളുന്നത് കർഷകരുടെ ഉപജീവനമാർഗത്തിനുള്ള ടാപ്പിംഗ് കത്തി ഉൾപ്പെടെയുള്ള ആയുധകൂട്ടുകളാണ്.
ടാപ്പിംഗ് കത്തി നിർമാണ വൈദഗ്ധ്യത്തിലാണ് ശശിയുടെ പേരും പെരുമയുമൊക്കെ. ലീഫ് തീയിൽ പഴുപ്പിച്ച് ഷെയ്പ്പാക്കി പിടിയിട്ട് ടാപ്പിംഗ് കത്തി പരുവപ്പെടുത്തണമെങ്കിൽ മണിക്കൂറുകളേറെ നീളുന്ന അധ്വാനമുണ്ട്. എല്ലാം വേഗത്തിൽ ചെയ്യേണ്ട പണികളാണ്. വൈകലുണ്ടായാൽ പൊള്ളിച്ച ലീഫ് അടിച്ച് ഷേയ്പ്പാക്കാനാകില്ല.
നല്ല കാതലുള്ള തേക്കിൻ മരത്തിന്റെ കഷണം കടഞ്ഞെടുത്താണ് പിടി ഉണ്ടാക്കുന്നത്. കരി കൂട്ടിയിട്ട് അതിലേക്ക് കാറ്റടിച്ച് തീയുണ്ടാക്കിയാണ് ഇരുമ്പ് പൊള്ളിക്കുക. ചിരട്ടയ്ക്ക് വില ഉയർന്നതോടെ മരക്കരിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
പണിശാലയ്ക്ക് മുന്നിലുള്ള വീട്ടിൽ നിന്നും രാവിലെ എട്ടിന് പണിപ്പുരയായ ആലയിലെത്തും. വൈകുന്നേരം ആറുവരെ പണി തുടരും. അപ്പോഴേക്കും മുട്ടുവേദനയും ഇടുപ്പുവേദനയും കലശലാകുമെന്ന് ശശി പറയുന്നു. ഓർഡർ അനുസരിച്ചാണ് ടാപ്പിംഗ് കത്തികൾ നിർമിക്കുന്നത്. ആവശ്യകാർക്ക് സമയത്തിന് കത്തി കൊടുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ടാപ്പിംഗ് തൊഴിലുമായി കർണാടകത്തിൽ പോയിട്ടുള്ളവർ നിരവധി പേരുണ്ട്. അവരെല്ലാം ഓണത്തിന് നാട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ പുതിയ കത്തി കൊടുക്കണം. അതിന്റെ തിരക്കുകളിലാണ് ശശിയിപ്പോൾ. പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ശശി 1976 ലാണ് മംഗലം ഡാമിലെത്തുന്നത്.
അന്നത്തെ കാലത്ത് റബർ ടാപ്പിംഗ് കത്തി നിർമിക്കുന്നവർ പ്രദേശത്തുണ്ടായിരുന്നില്ല. അത്യാവശ്യക്കാർ 25 കിലോമീറ്റർ യാത്ര ചെയ്ത് വാണിയംപാറയിലെ കൊല്ലനെ ആശ്രയിക്കണം. തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാർ ഏറെ അന്നും മംഗലംഡാമിലുണ്ടായിരുന്നു. കത്തി നിർമാണ മിടുക്ക് കണ്ട് നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശശിയും മംഗലംഡാമിലെത്തിയത്.
തൃശൂർ ആമ്പല്ലൂർ സ്വദേശിനിയായ ഭാര്യ സാവിത്രിയാണ് കൂട്ട്. മൂന്ന് പെൺമക്കളാണ്. അവരുടെയെല്ലാം വിവാഹം കഴിഞ്ഞ് കുടുംബമായി ഓരോരുത്തരും മറ്റു സ്ഥലങ്ങളിലാണ്.
Tags : NattuVishesham DistrictNews