പ്രതീകാത്മക ചിത്രം
തൃശൂർ: കോടിക്കണക്കിനു രൂപയുടെ വിറ്റുവരവുള്ള ഉത്സവാഘോഷമേഖലയുടെ നട്ടെല്ലായ ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾക്കും ഉടമകൾക്കുമായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ തങ്ങളെ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിയതുവഴി അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ പരാതി.
വർഷത്തിൽ ആറുമാസം മാത്രം ലഭിക്കുന്ന ഉത്സവസീസണിലെ വരുമാനംകൊണ്ടാണു ബാക്കി മണ്സൂണ് കാലം ഉൾപ്പെടെ ഈ തൊഴിലാളികൾ ജീവിച്ചുപോകുന്നത്. ഈ സാഹചര്യത്തിൽ ഉടമയും തൊഴിലാളിയും ഒന്നുതന്നെയായിമാറുന്ന ഈ മേഖലയ്ക്ക് ഒരു സ്വതന്ത്ര ക്ഷേമനിധി അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ ആനുകൂല്യങ്ങൾക്കു പുറമെ, അംഗങ്ങളുടെ ചികിത്സാസഹായം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് സർക്കാർതലത്തിൽ സഹായം ഉറപ്പാക്കുന്ന തരത്തിലാകണം ക്ഷേമപദ്ധതി രൂപീകരിക്കേണ്ടത്.
നിയമവും ആക്രമണവും
ക്ഷേമ ആനുകൂല്യങ്ങളുടെ അഭാവത്തിനൊപ്പം മറ്റു പല പ്രതിസന്ധികളും ഈ മേഖലയെ തളർത്തുന്നുണ്ട്. രാത്രി പത്തിനുശേഷം ഉച്ചഭാഷിണികളും ലൈറ്റിംഗ് സംവിധാനങ്ങളും ഓഫ് ചെയ്യണമെന്ന കോടതിവിധി നടപ്പാക്കാൻ പോലീസ് കർശനനിലപാട് സ്വീകരിക്കുന്നു. എന്നാൽ, പരിപാടി പത്തിനു തന്നെ അവസാനിപ്പിക്കാൻ തയാറാകാത്ത കാണികളും സംഘാടകരും പലപ്പോഴും ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾക്കുനേരെ തിരിയുന്നതു വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. മൈക്ക് ഓഫാക്കുന്നതിന്റെ പേരിൽ തൊഴിലാളികളെ മർദിക്കുന്നതും ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ വർധിക്കുകയാണ്.
തിരിച്ചടിയായി ഇന്ധനവിലക്ക്
ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഡീസൽ, പെട്രോൾ എന്നിവ കന്നാസുകളിൽ വാങ്ങുന്നതിനുള്ള വിലക്കും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്ര സുരക്ഷാ മാനദണ്ഡപ്രകാരമുള്ള പ്രത്യേക കാനുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്നാണു നിർദേശം. എന്നാൽ ഇത്തരം ഒരു കാനിന് വിപണിയിൽ 8000 രൂപയോളം വിലയുണ്ട്. വലിയ ജനറേറ്ററുകൾ പന്പുകളിൽ എത്തിക്കുക അപ്രായോഗികമായതിനാൽ കടുത്ത ബുദ്ധിമുട്ടിലാണെന്നു ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് കെ.ഒ. ജെൻസണ് പറഞ്ഞു.
പരന്പരാഗത തൊഴിൽമേഖലയായി പരിഗണിച്ച് തങ്ങളുടെ ജീവനിലും സ്വത്തിലും സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ക്ഷേമനിധിയിലൂടെ സാമൂഹികസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണു ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ കൂട്ടായ്മകളുടെ ആവശ്യം.
Tags : light&Sound Nattuvishesham District News