കൃഷിയിടങ്ങൾക്കു ഭീഷണിയായി വളർന്നുവരുന്ന അധിനിവേശ സസ്യങ്ങളിലൊന്ന്.
കോന്നി: കാർഷിക, വന മേഖലകൾ ഉൾപ്പെടുന്ന ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അധിനിവേശ സസ്യങ്ങളുടെ വ്യാപനം അതിരൂക്ഷമാകുന്നതായി പഠന റിപ്പോർട്ട്. സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം കോന്നിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പഠനത്തിലാണ് തദ്ദേശീയ സസ്യജാലങ്ങൾക്കും കാർഷിക മേഖലയ്ക്കും ജലാശയങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന സസ്യങ്ങളെ സംബന്ധിച്ച കണ്ടെത്തലുകളുള്ളത്.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പട്ടികപ്പെടുത്തിയിട്ടുള്ള അറുപത്തിയൊന്നോളം അധിനിവേശ സസ്യങ്ങളും പ്രാദേശികമായി അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന ഏഴോളം ഇനങ്ങളും കോന്നിയിൽ വ്യാപകമായിട്ടുണ്ടെന്ന് സർവേ സ്ഥിരീകരിച്ചു.
പ്രകൃതിക്കും മനുഷ്യനും ഭീഷണി
സ്വദേശീയമല്ലാത്ത സസ്യങ്ങൾ അതിവേഗം പടർന്നുപിടിച്ച് അവിടുത്തെ ആവാസവ്യവസ്ഥയെയും സാമ്പത്തിക മേഖലയെയും തകിടം മറിക്കുന്നതാണ് അധിനിവേശം. വനങ്ങളും പുൽമേടുകളും നദീതീരങ്ങളും നശിക്കുന്നതിലൂടെ പക്ഷികൾ, പ്രാണികൾ, മറ്റ് വന്യജീവികൾ എന്നിവയുടെ നിലനില്പുതന്നെ അപകടത്തിലാകുന്നു. കൃഷിയിടങ്ങളിൽ വിളകളുമായി ജലത്തിനും പോഷകങ്ങൾക്കുമായി ഈ സസ്യങ്ങൾ മത്സരിക്കുന്നതുമൂലം കാർഷിക ഉത്പാദനം ഗണ്യമായി കുറയുന്നുണ്ട്.
കൂടാതെ, മാഞ്ചിയം പോലുള്ള സസ്യങ്ങൾ അലർജി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുന്നു. വന്യജീവികളുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമായ സസ്യങ്ങൾ ഇല്ലാതാകുന്നതോടെ അവ ജനവാസമേഖലകളിലേക്ക് ഇറങ്ങാനും വന്യജീവി സംഘർഷം രൂക്ഷമാകാനും കാരണമാകുന്നുണ്ട്.
സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം സെക്രട്ടറി ചിറ്റാർ ആനന്ദന്റെ നേതൃത്വത്തിലായിരുന്നു പഠനം. പ്രസിഡന്റ് ഡോ. സണ്ണി മൈക്കിൾ, അംഗങ്ങളായ പ്രേംചന്ദ് ഇളകൊള്ളൂർ, ആർ. ചിഞ്ചു, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ആർ. കാവ്യ, ഗ്രീൻ ലിങ്ക് എക്കോ അംഗങ്ങളായ അരുൺ സി. രാജൻ, നിരുപമ രാജ്, രഹ്ന നവാസ്, അരുന്ധതി എന്നിവരും പഠനത്തിൽ പങ്കാളികളായി.
വ്യാപകമാകുന്ന ഇനങ്ങൾ
കാട്ടുപൊന്നാംകണ്ണി, ചുവന്ന കാട്ടുചീര, മാങ്ങാനാറി, കളർ ചേമ്പ്, നായ്മളസി, പൊട്ടൻ കലംപൊട്ടി, മഞ്ഞവയറ, ധൃതരാഷ്ട്രപച്ച, പോതുപുല്ല്, ഞൊട്ടാഞൊടിയൻ, തോട്ടപ്പയർ, മുടിയൻപച്ച, കുമ്മിണിപ്പച്ച തുടങ്ങിയ സസ്യങ്ങളാണ് കോന്നിയിൽ പടർന്നു പിടിച്ചിരിക്കുന്നത്.
അച്ചൻകോവിൽ നദിയുടെ തീരങ്ങളിൽ പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിദേശവൃക്ഷമായ പേപ്പർ മൾബറിയുടെ വ്യാപനം അതിരൂക്ഷമാണ്. കമ്യൂണിസ്റ്റ് പച്ച കമ്മൽപൂവ് എന്നിവയുടെ വ്യാപനം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മണിപ്ലാന്റ്, സിങ്കോണിയം, ഇൻസുലിൻ പച്ച തുടങ്ങിയവയുടെ വ്യാപനം അപകടകരമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
മുള്ളൻപായൽ, കുളവാഴ, ആഫ്രിക്കൻ പായൽ, മുട്ടപ്പായൽ തുടങ്ങിയവ ജലാശയങ്ങളിലെ ജലപ്രവാഹം തടസപ്പെടുത്തുകയും മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യുന്നു. വള്ളിപ്പടർപ്പുകളായവ മരങ്ങളെയും കാർഷിക വിളകളെയും ഇല്ലാതാക്കാൻ തന്നെ കെല്പുള്ളതാണ്.
അലങ്കാരച്ചെടികളും വില്ലന്മാർ
വീടുകളിൽ അലങ്കാരത്തിനായി വളർത്തുന്ന തേൻപൂവള്ളി, കേശവർധിനി, മാണിക്യ ചെമ്പഴുക്ക, ഹെലിക്കോർണിയ, വേലിപ്പരുത്തി എന്നിവ നിയന്ത്രണമില്ലാതെ പുറത്തേക്ക് പടരാൻ സാധ്യതയേറെയാണ്. നിലവിൽ മെക്സിക്കൻ സൂര്യകാന്തിയും അഗ്ലോനിമയും വീട്ടുമുറ്റത്തു നിന്ന് തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പടർന്നുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജൈവവൈവിധ്യ മാനേജ്മെന്റ് സമിതികൾ, വനം, കൃഷി വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവരുടെ സംയുക്ത ഇടപെടൽ അനിവാര്യമാണ്.
അലങ്കാര സസ്യങ്ങൾ പൊതുപ്രകൃതിയിലേക്ക് ഉപേക്ഷിക്കുന്നത് ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ ഇവനീക്കം ചെയ്യുക, ബോധവത്കരണം ശക്തമാക്കുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.