തെരുവ് നായകള്‍ ആടിനെ കടിച്ചുകൊന്ന നിലയിൽ
ചവറ : തെരുവ് നായകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിലും വാര്‍ഡ് മെമ്പര്‍ക്കും പരാതി നല്കി നാട്ടുകാര്‍. ചവറ തോട്ടിന് വടക്കാണ് തെരുവ് നായകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറുന്നത്. കഴിഞ്ഞ ദിവസം തോട്ടിന് വടക്ക് സരസ്വതി വിലാസത്തില്‍ ത്യാഗരാജന്റെ ഉടമസ്ഥതയിലുള്ള ആടിനെ തെരുവ് നായകള്‍ കൊന്നു.
മറ്റൊരു ആടിനെ കടിച്ച് പരിക്കേല്പിച്ചു. രണ്ട് മാസം മുമ്പ് ഇവരുടെ തന്നെ കുട്ടി ആടിനെയും കൊന്നിരുന്നു. മതില് ചാടി കടന്നാണ് നായകള്‍ അക്രമണം നടത്തിയത്. ആടിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വെളിയില്‍ ഇറങ്ങി നായകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വീട്ടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇതേ വാര്‍ഡില്‍ തന്നെ ഒരാഴ്ച്ചയ്ക്ക് മുമ്പ് കോഴികളെ കൂട് തകര്‍ത്ത് പിടിച്ചുകൊണ്ടുപോയി. സ്കൂളില്‍ സൈക്കിളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പുറകെ തെരുവ് നായ്ക്കള്‍ ഓടിച്ചെല്ലുന്നത് കാരണം വിദ്യാര്‍ഥികളും ഭീതിയിലാണ്.
വാര്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില വീടുകളിലെ കോഴിക്കൂടുകള്‍ തകര്‍ത്തു കോഴികളെ തെരുവ് നായകള്‍ കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. ഒരു മാസം മുമ്പ് മറ്റൊരു വീട്ടില്‍ ആടുകളെ തെരുവ് നായകള്‍ ആക്രമിച്ച് കൊന്ന സംഭവവും ഉണ്ടായി. തെരുവ് നായകളുടെ ആക്രമണം മൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭീഷണി ഉയരുകയാണെന്നും വളര്‍ത്തുമൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kollam