ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കരിയക്കരയിൽ മുളങ്കുഴിയിൽ ജോണിയുടെ വീടിനടുത്ത് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ 100 മൂടിലേറെ കപ്പയും ചേനയും സാമൂഹ്യദ്രോഹികൾ നശിപ്പിച്ചതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം രാത്രിയിലാണു വീടിനു തൊട്ടടുത്ത സ്ഥലത്തെ വിളകൾ നശിപ്പിച്ചത്. കാട്ടുമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നത് സാധാരണമാണെങ്കിലും കപ്പയും ചേനയുമൊക്കെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ കർഷകൻ ജോണി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയിരുന്നു.
കരിയക്കരയിൽ മദ്യപന്മാരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ശല്യം അടുത്ത കാലത്ത് വർധിച്ചതും ഇതിന് കാരണമാകാമെന്ന് ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനാണ് നാട്ടുകാർ ചേർന്ന് ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചത്. യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലീനാ വില്യം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ശ്രുതി രാജേഷ്, ഡെന്നി കാവാലം, എ.ടി.വി. ദാമോദരൻ, ജയിംസ് രാമത്തറ, വേണുഗോപാലൻ ചേഞ്ചേരി, സിബി എം. തോമസ്, കുട്ടിച്ചൻ തെന്നടി, സജി ഓലിക്കൽ, അന്നമ്മ പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ ലീന വില്യം, ശ്രുതി രാജേഷ്-രക്ഷാധികാരികൾ, ഡെന്നി കാവാലം-ചെയർമാൻ, ജയിംസ് രാമത്തറ, സി.എം. തോമസ്-വൈസ് ചെയർമാൻമാർ, വേണുഗോപാലൻ ചെഞ്ചേരി-കൺവീനർ, കെ.ജി. സതീശൻ, കുട്ടിച്ചൻ തെന്നടി-ജോയിന്റ് കൺവീനർ എന്നിവരടങ്ങുന്ന 17 അംഗ ജാഗ്രതാ സമിതിയാണു രൂപീകരിച്ചത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രദേശത്തെ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും നീരീക്ഷിക്കാനും സമിതി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags : nattu vishesham Public vigilance committee