മഞ്ചാടിക്കരിയിലേക്ക് പാലം നിർമിക്കുന്നതിന് വിഭാവനം ചെയ്യുന്ന സ്ഥലം.
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ ഗതാഗത സൗകര്യമെത്താത്ത മഞ്ചാടിക്കരിയുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ഗതാഗതയോഗ്യമായ പാലം തീർക്കണമെന്ന ആവശ്യം ശക്തമായി. വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിലെ വെള്ളത്താൽചുറ്റപ്പെട്ട മഞ്ചാടിക്കരിയുടെ ഒരു ഭാഗത്ത് കൈപ്പുഴയാറും കിഴക്കും പടിഞ്ഞാറുഭാഗങ്ങളിൽ ഇട്ടിയേക്കാടൻ, ചെറുവള്ളിക്കരിതോടുകളും വടക്കുവശത്ത് വലിയപുതുക്കരി തോടുമാണ്. കൈപ്പുഴമുട്ടിൽനിന്ന് ഇട്ടിയേക്കാടൻ തോടിന് സമീപത്തുവരെ ഗതാഗതയോഗ്യമായ റോഡുണ്ട്. ഇട്ടിയേക്കാടൻ തോടിന് കുറുകെ മഞ്ചാടിക്കരിയിലേക്ക് പാലം നിർമിച്ചാൽ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
അര നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ പാലത്തിനായി മുറവിളി കൂട്ടുകയാണ്. പാടശേഖരത്തോട് ചേർന്ന പ്രദേശത്ത് 40 നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്. ഇട്ടിയേക്കാടൻകരി, ചെറുവള്ളിക്കരി, മാനാടൻകരി തുടങ്ങിയ പാടശേഖരങ്ങൾ മഞാടിക്കരിയുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളായി ഇരുകരകളുമായി കയറിൽ ബന്ധിച്ച തോണിയിലേറിയാണ് പ്രദേശവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്നത്.
പുഴയിലും തോടുകളിലും പായലും പുല്ലും വളർന്ന് തിങ്ങുമ്പോഴും മഴക്കാലത്തും തോടിന്റെ മറുകര കടക്കുന്നത് ഏറെ പണിപ്പെട്ടാണ്. ജലാശയത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ചെറുവള്ളങ്ങളുണ്ട്. കൃഷിസമയങ്ങളിൽ വിത്തും വളവും കൊണ്ടുപോകുന്നതും കൊയ്ത്ത് കഴിഞ്ഞ് നെല്ലു കൊണ്ടുപോകുന്നതും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും കുട്ടികളെ സ്കൂളിൽ വിടുന്നതുമൊക്കെ വള്ളത്തിലാണ്.
ഇരുകരകളുമായും കയറിൽ ബന്ധിച്ചിട്ടുള്ള തോണി വെച്ചൂർ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർ കയറി കയർ വലിച്ചാണ് അക്കരെയിക്കരെ കടക്കുന്നത്.