പ്രതീകാത്മക ചിത്രം
തലശേരി: പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിനിമ നിർമാതാവ് ലിബർട്ടി ബഷീറിന്റെ പേരക്കുട്ടി ചിറക്കര മാഹിനലി സാഹിബ് റോഡിലെ ശബാന മൻസിലിൽ റൈഹാൻ ബിൻ അമീർ (15) മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ പി. ഹാഫിയബി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ ഒന്നിന് വൈകുന്നേരം നാലിനാണ് റൈഹാനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ജെം ഇന്റർനാഷനൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു റൈഹാൻ ബിൻ അമീർ. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ പ്രധാന അധ്യാപിക റൈഹാനെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് മാനസികരോഗി എന്നു വിളിച്ച് അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നും ഈ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് ക്ലാസിലെ കുട്ടികൾ നടത്തിയ ആശയവിനിമയം സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു.
എന്നാൽ, സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സ്കൂൾ മാനേജ്മെന്റ് അതിസമ്പന്നരായതിനാൽ ലോക്കൽ പൊലിസിന്റെ അന്വേഷണങ്ങൾക്ക് പരിമിതിയുള്ളതായും കുടുംബം പറയുന്നു. റൈഹാന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്വേഷണം പ്രത്യേക പൊലിസ് സംഘത്തിന് കൈമാറണമെന്നാണ് ഹാഫിയബി ആവശ്യപ്പെട്ടിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന അധ്യാപിക, ക്ലാസ് ടീച്ചർ, കുട്ടികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് പൊലിസ് മൊഴി രേഖപ്പെടുത്തിയിരുന്നു. മാർക്ക് കുറഞ്ഞതിനെക്കുറിച്ച് കുട്ടിയോട് സംസാരിച്ചിരുന്നുവെന്നും ജയിക്കണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് പറഞ്ഞിരുന്നതായും പ്രിൻസിപ്പൽ പൊലിസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. കുട്ടിയെ മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാധാരണ കുട്ടികളോട് സംസാരിക്കുന്ന പോലെ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നുമാണ് പ്രധാനധ്യാപികയുടെ നിലപാട്.
Tags : Local News Nattuvishesham Student's death Crime Branch