29-ാം മൈൽ വെള്ളച്ചാട്ടം.
കണിച്ചാർ: കോടമഞ്ഞും നൂൽമഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ചേർന്ന് മൺസൂൺ ടൂറിസത്തിന്റെ വിരുന്നൊരുക്കി ഏലപ്പീടിക. തലശേരി–ബാവലി അന്തർസംസ്ഥാന പാതയോരത്ത് വയനാടൻ മലനിരകളുടെ താഴ്വരയിലുള്ള ഏലപ്പീടികയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് നൂൽമഴ. കനത്തമഴയ്ക്കു പകരം ശരീരത്തെ പതിയെ നനച്ചുകൊണ്ട് പെയ്യുന്ന ചെറുമഴയും കോടമഞ്ഞും വ്യത്യസ്തമായ അനുഭവമാണ്. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള മൺസൂൺ കാറ്റുകൾ പശ്ചിമഘട്ട മലനിരകളിൽ തട്ടി രൂപപ്പെടുന്നതാണ് നൂൽമഴ.
മൺസൂൺ സീസണിൽ ട്രക്കിംഗ് പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന കുരിശുമല കോടമഞ്ഞ് മൂടിയ കാഴ്ചകളും വിശാലമായ മലനിരകളുടെ ദൃശ്യങ്ങളും സമ്മാനിക്കുന്നു. മലമുകളിൽ നിന്ന് പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം പഞ്ചായത്തുകളുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം. ഏലപ്പീടിക സ്കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന തമ്പുരാൻമലയിലേക്കുള്ള യാത്ര കാടിന്റെ നിശബ്ദതയും മഴനനഞ്ഞ വനപാതകളും നിറഞ്ഞ അനുഭവമാണ്. മലമുകളിൽ നിന്നുള്ള കണ്ണൂർ–വയനാട് അതിർത്തി പ്രദേശങ്ങളുടെ വിസ്മയക്കാഴ്ചകളും സഞ്ചാരികളുടെ മനം കവരും.
പ്രകൃതി ഒരുക്കിയ പാറക്കെട്ടുകളും പച്ചപ്പാർന്ന പുൽമേടുകളും നിറഞ്ഞ ഹിറ്റാച്ചിക്കുന്ന് ഫോട്ടോഗ്രഫർമാരുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയ ഇടമാണ്. മലയാള ചിത്രം പാൽതു ജാൻവർ ചിത്രീകരിച്ചത് ഇവിടെയായിരുന്നു.
മഴ ശക്തമാകുന്നതോടെ കൂടുതൽ സജീവമാകുന്ന 29-ാം മൈൽ വെള്ളച്ചാട്ടം ഏലപ്പീടികയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. വയനാടൻ കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പാറകളിലൂടെ പതിക്കുന്ന കാഴ്ചയും സമീപത്തെ ചായക്കടയിൽ നിന്ന് ചൂടുകാപ്പി നുകർന്ന് അത് ആസ്വദിക്കുന്ന അനുഭവവും സഞ്ചാരികൾക്ക് വേറിട്ട ഓർമകളാണ് സമ്മാനിക്കുന്നത്. സമീപത്തെ പൂളക്കുറ്റി അരുവിക്കുഴി വെള്ളച്ചാട്ടവും മഴക്കാല സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.
വയനാട് ജില്ലയിലെ പേര്യയിൽ നിന്നും കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ നിന്നും 10 കിലോമീറ്ററാണ് ഏലപ്പീടികയിലേക്ക്. പ്രകൃതിക്ക് കോട്ടമേൽപ്പിക്കാതെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ കണ്ണൂർ ജില്ലയിലെ പ്രധാന മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഏലപ്പീടിക മാറുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.