മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ മലമ്പ്രദേശമായ കുഞ്ചിയാർപ്പതിയിലും മണ്ണെണ്ണക്കയത്തും കാട്ടാനക്കൂട്ടങ്ങൾ വിളകൾ നശിപ്പിക്കുന്നതു തുടരുന്നു. കഴിഞ്ഞ രാത്രിയിലും ആനയിറങ്ങി തോട്ടങ്ങളിലെ വിളകൾ നശിപ്പിച്ചു.
രാധാകൃഷ്ണൻ എന്നയാളുടെ വീട്ടുവളപ്പിലെ കുരുമുളകുകൊടികളും കവുങ്ങുകളുമാണ് നശിപ്പിച്ചത്. രാധാകൃഷ്ണന്റെ തോട്ടത്തിൽ സ്ഥിരമായി ആനകളെത്തുന്ന സ്ഥിതിയാണിപ്പോൾ. മൂന്നാഴ്ച മുമ്പാണ് രാധാകൃഷ്ണന്റെ വീട്ടുമുറ്റത്ത് ആനയെത്തി വീട്ടുകാരെ ഭീതിപ്പെടുത്തിയ സംഭവമുണ്ടായത്.
ആനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അന്ന് രാധാകൃഷ്ണന്റെ കൈകൾക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ആനകൾ വീടു തകർക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രാണരക്ഷാർഥം പടക്കം പൊട്ടിച്ചത്.
ഇതിനടുത്ത് മൂച്ചി നിരപ്പിലുള്ള പൂക്കുന്നേൽ പ്രസാദ് വർഗീസിന്റെ എസ്റ്റേറ്റിലും കഴിഞ്ഞരാത്രി ആനകൾ വിളകൾ നശിപ്പിച്ചു. വൈദ്യുതി വേലികൾ തകർത്താണ് ആനകൾ എത്തിയതെന്നു എസ്റ്റേറ്റ് സൂപ്രണ്ട് സുന്ദരൻ പറഞ്ഞു.
ഒരാഴ്ചമുമ്പ് പൂക്കുന്നേൽ തോട്ടത്തിലെ വീട്ടിലെത്തിയ ആന സൂപ്രണ്ടിനേയും തൊഴിലാളികളേയും ആക്രമിക്കാനെത്തി. അർധരാത്രിസമയം വീട്ടിലെ വാട്ടർടാങ്ക് തകർക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ പരാക്രമമുണ്ടായത്.
അതിനുമുമ്പ് അയ്യപ്പൻപാടിയിൽ നീലിയറ മാത്യുവിന്റെ തോട്ടത്തിലെ വീടും കൈയാലക്കെട്ടുകളും കോഴികൂടും ആന തകർത്തിരുന്നു. വൈദ്യുതിവേലിയോടു ചേർന്ന മരങ്ങൾ വേലിയിലേക്കു തള്ളിയിട്ടും പോസ്റ്റുകൾ മറിച്ചിട്ടുമാണ് ആനകൾ കൂട്ടത്തോടെ തോട്ടങ്ങളിൽ എത്തുന്നത്.
വൈകുന്നേരമായാൽ വഴികളിലൂടെയുള്ള ആനകളുടെ യാത്രയും ഏറെ പേടിപ്പെടുത്തുന്നതാണെന്നു കർഷകർ പറയുന്നു. അത്യാവശ്യങ്ങൾക്കുപോകാൻ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്.
കുഞ്ചിയാർപ്പതിക്ക് താഴെ മണ്ണെണ്ണക്കയം പ്രദേശത്തെ തോട്ടങ്ങളും ആനകൾ തമ്പടിക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് ഇല്ലാത്തതാണ് ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്താൻ കാരണമാകുന്നത്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ വനപാലകർ ക്വഞ്ചിയാർപ്പതിയിലെത്തി പരിശോധന നടത്തിയിരുന്നു. വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കർഷകർക്കു ഉറപ്പുനൽകിയിട്ടുണ്ട്. ഫെൻസിംഗ് സ്ഥാപിക്കന്ന പ്രവൃത്തികൾ വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : nattu vishesham The elephants' harves