ചവറ: ചവറ ചുമപ്പാണെങ്കിലും മനസ് ആർക്കും പിടികൊടുക്കാറില്ല. അവസാനനിമിഷം വരെ മനസ് തുറക്കാതെ നില്‍ക്കാനുള്ള കഴിവാണ് ചവറയുടെ കൈക്കരുത്ത്. കരിമണലിന്റെ നാട്ടില്‍ രാഷ്ട്രീയ മണലിനും നിറം ചുമപ്പാണ്. എന്നാല്‍ യുഡിഎഫിനൊപ്പം നില്ക്കുന്ന സോഷ്യലിസത്തിന്റെ ചുമപ്പാണ്. പക്ഷേ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റുകള്‍ക്ക് അടിതെറ്റി. എന്നാല്‍ ഇത്തവണ പിതാവിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ കച്ചകെട്ടിതന്നെയാണ് ഷിബു ബേബി ജോണിന്റെ പോരാട്ടം. അതേ സമയം മണ്ഡലം നില നിര്‍ത്താന്‍ സുജിത് വിജയന്‍പിള്ളയും ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ ചവറയില്‍ ആരു വാരും ആര് വീഴും.
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്. രാജേഷിനെയാണ് എന്‍ഡിഎ കളത്തിലിറക്കിയിരിക്കുന്നത്. 2016 ൽ ബിജെപിക്കുവേണ്ടി മത്സരിച്ച എം.സുനിൽ 10,276 വോട്ടാണ് പിടിച്ചത്. എന്നാൽ 2021 ൽ ബിജെപിക്കു വേണ്ടി വിവേക് ഗോപൻ 14211 വോട്ട് പിടിച്ചു. ഇക്കുറി മത്സരിക്കുന്ന രാജേഷ് കേന്ദ്ര സർക്കാരിന്റെ വികസനമന്ത്രമാണ് മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നത്.
മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രമുള്ള ചവറയില്‍ പോരാട്ടം കടുക്കുമ്പോള്‍ ആര്‍എസ്പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍മന്ത്രിയുമായിരുന്ന ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലെത്തിച്ച മണ്ഡലത്തിന്റെ മനസ് ഇത്തവണ ആരോടൊപ്പമാകും. മണ്ഡലം രൂപീകൃതമായ 1977 മുതല്‍ 1996 വരെയുള്ള ആറു തെരഞ്ഞെടുപ്പിലും ബേബി ജോണായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മകന് ഷിബു ബേബി ജോണും ചവറയില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. ആര്എസ്പിയുടേത് അല്ലാത്ത ഒരു സ്ഥാനാര്‍ഥി ചവറയില്‍ നിന്ന് ജയിക്കുന്നത് 2016ല്‍ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.
ബേബി ജോണ്‍ 1967 മുതല്‍ അടുത്ത പത്ത് വര്‍ഷം കരുനാഗപ്പള്ളിയില്‍ നിന്നുമാണ് നിയമസഭയിലെത്തുന്നത്. ആദ്യ തവണ സ്വതന്ത്രനായും പിന്നീട് ആര്‍എസ്പി സ്ഥാനാര്‍ഥിയായും ജനവിധി തേടിയ ബേബി ജോണ്‍ രണ്ട് തവണയും വിജയം കണ്ടെത്തി. 1977ല്‍ മണ്ഡലം മാറിയാണ് ബേബി ജോണ്‍ ചവറയിലെത്തുന്നത്. 1996 വരെ നിയമസഭ അംഗമായിരുന്ന ബേബി ജോണ്‍ അച്യുത മേനോന്, കെ കരുണാകരന്, എകെ ആന്റണി, പികെ വാസുദേവന്‍ നായര്‍, ഇ.കെ നായനാര്‍ മന്ത്രിസഭകളിലും അംഗമായിരുന്നു.
തുടര്‍ച്ചയായി ബേബി ജോണ്‍ വിജയിച്ചിരുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയത് മകന് ഷിബു ബേബി ജോണ്‍ തന്നെയായിരുന്നു. ആദ്യ അങ്കത്തില്‍ ജയം കണ്ടെത്തിയെങ്കിലും 2006ല്‍ അടിതെറ്റി. അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ആര്‍എസ്പിയുടെ എന്‍.കെ പ്രേമചന്ദ്രനാണ് ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്. എന്നാല്‍ 2011ല്‍ ഷിബു ബേബി ജോണ്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2006ല്‍ എന്‍.വിജയന്‍പിള്ള ഇടതു മുന്നണി പിന്തുണയോടെ വിജയം കണ്ടെത്തി ചരിത്രം തിരുത്തി. വിജയന്‍പിള്ളയുടെ മരണത്തിനു പിന്നാലെ 2021ലെ തെരഞ്ഞെടുപ്പില്‍ മെഡിക്കല്‍ ബിരുദധാരിയായ മകന് സുജിതിനെ സ്ഥാനാര്‍ഥിയാക്കി. തീരമേഖലയായതിനാല്‍ ആഴക്കടല്‍ മല്സ്യബന്ധനക്കരാറടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തില്‍ വിജയന് പിള്ളയുടെ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇടതിന്റെ പ്രചാരണം.
വിജയന് പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള സഹതാപ വോട്ടുകളും അനുകൂലമായി. 63282 വോട്ടുകളാണ് 2021ലെ തെരഞ്ഞെടുപ്പില്‍ സുജിത്തിന് ലഭിച്ചത്. ഷിബു ബേബി ജോണ്‍ 62186 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
കുന്നത്തൂർ മണ്ഡലം
ഉല്ലാസം വിതച്ച് ഉല്ലാസ് കോവൂർ
കുന്നത്തൂർ:കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന് കുന്നത്തൂർ പഞ്ചായത്തിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.രാവിലെ ഏഴാംമൈൽ ജംഗ്ഷനിലെ ഇന്ദിരാജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണം ആരംഭിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ടി.എ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് കൊച്ചുപ്ലാമൂട്ടിലേക്ക്. ഇവിടെയും മാണിക്യമംഗലം ഉന്നതിയിലും കാത്തു നിന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഉല്ലാസിനെ പൂക്കൾ നൽകിയാണ് വരവേറ്റത്.
കുന്നത്തൂരിൽ ഉല്ലാസം വിതച്ച് മുന്നേറിയ ഉല്ലാസ് കോവൂരിനെ കാത്ത് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കാത്തു നിന്നു. കത്തിയെരിയുന്ന മീനച്ചൂടിനെ പോലും കൂളായി നേരിട്ടാണ് സ്വീകരണ കേന്ദ്രങ്ങളിൽ ഉല്ലാസെത്തിയത്.
ആവേശം നിറഞ്ഞ് കോവൂർ കുഞ്ഞുമോന്റെ പ്രചാരണം
കുന്നത്തൂർ: നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന് മൈനാഗപ്പള്ളി തെക്കത്ത് കാവിൽ ആവോശോജ്വല സ്വീകരണം.ആനുർകവിൽ മേഖലയിലും വൻവരവേല്പാണ് ലഭിച്ചത്. കുഞ്ഞുമോന്റെ വിജയത്തിനായി എൽ ഡി വൈ എഫിന്റെ "കുഞ്ഞുമോനൊപ്പം വാക്ക് വിത്ത് യൂത്ത് കാമ്പയിൻ' സംഘടിപ്പിച്ചു. ശാസ്താംകോട്ട ചന്തയിലും പരിസരപ്രദേശങ്ങളിലും പ്രഭാത സവാരിക്കാരായ വോട്ടർമാരോട് സ്ഥാനാർഥി പരിചയം പുതുക്കി വോട്ട് അഭ്യർഥിച്ചു.
മൈനാഗപ്പള്ളിയെ ഇളക്കിമറിച്ചു രാജി പ്രസാദിന്റെ പര്യടനം
ശാസ്താംകോട്ട: വോട്ടർമാരുടെ ആവേശവും പ്രവർത്തകരുടെ കരുത്തും തെളിയിച്ച് എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിന്റെ മൈനാഗപ്പള്ളി പഞ്ചായത്ത് പര്യടനം. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ കാത്തുനിന്ന ജനക്കൂട്ടം രാജി പ്രസാദിന്റെ ജനപ്രീതിയുടെ സാക്ഷ്യപത്രമായി മാറി.
പര്യടനത്തിലുടനീളം മഹിളാമോർച്ചയുടെ പ്രത്യേക സ്ക്വാഡിന്റെ സാന്നിധ്യം ശ്രദ്ധേയമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്കൊപ്പം സജീവമായി നിലയുറപ്പിച്ച സ്ക്വാഡ്, വീടുകൾ കയറിയുള്ള പ്രചാരണത്തിലും മുന്നിലുണ്ട്.
സ്ത്രീ വോട്ടർമാരുടെ ഇടയിൽ സ്ഥാനാർഥിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു പലയിടങ്ങളിലെയും സ്വീകരണം.
Tags : Local News Nattuvishesham Kollam