വെച്ചൂർ: കോട്ടയം ജില്ലയിൽ വിരിപ്പുകൃഷിയുടെ ആദ്യ വിളവെടുപ്പ് വെച്ചൂരിൽ നടന്നു. വെച്ചൂരിൽ നൂറ്റിപതിനൊന്ന് ഏക്കർ വിസ്തൃതിയുള്ള അരികുപുറം പാടശേഖരത്തിൽ അരിവാൾ കൊണ്ട് നെൽകതിർ കൊയ്തെടുത്ത് കെ.ബിനിമോൻ എംഎൽഎ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിക്ക് കൈമാറി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പിന്നീട് കെ.ബിനിമോൻ എംഎൽഎ കൊയ്ത്ത് യന്ത്രത്തിലേറി കൊയ്തതോടെ യന്ത്രങ്ങൾ കൂടുതലായി പാടത്തിറങ്ങി. വെച്ചൂരിൽ ഇക്കുറി ആദ്യം പൊടിയിൽ വിതച്ച അരികുപുറം പാടശേഖരത്തിൽ 55 കർഷകരാണുള്ളത്. ഉമ വിത്ത് വിതച്ച പാടത്ത് ഏക്കറിന് 28-30 ക്വിന്റൽ നെല്ല് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വെച്ചൂരിലെ പാടശേഖരങ്ങളിൽ ശുദ്ധജലമെത്തിക്കുന്നതടക്കമുള്ള ഭൗതീക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് കെ. ബിനിമോൻ പറഞ്ഞു.വെച്ചൂരിലെ 30 പാടശേഖരങ്ങളിൽ 26പാടശേഖരങ്ങളിലായി 1285 ഹെക്ടറിലാണ് വിരിപ്പ് കൃഷി നടത്തിയത്. ഒക്ടോബർ18മുതൽ മറ്റ് പാടശേഖരങ്ങളിലും കൊയ്ത് ആരംഭിക്കും. നെല്ല് സംഭരിക്കുന്നതിനു ആവശ്യമായ മുന്നൊരുക്കങ്ങൾ പാടി മാർക്കറ്റിംഗ് ഓഫീസർ സ്വീകരിച്ചു വരികയാണെന്ന് വെച്ചൂർ കൃഷി ഓഫീസർ ലിഡ ജേക്കബ് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ മിനിമോൾ കോട്ടയ്ക്കൽ, എസ്. മനോജ്കുമാർ, കെ. സുരേഷ്കുമാർ, അഭിലകുശൻ, രാജേഷ് പഞ്ചാരി, അരികുപുറം പാടശേഖര സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ മോഹൻദാസ് വെച്ചൂർ, സെക്രട്ടറി വി.ടി. സണ്ണി, യു.ബാബു, അനിൽ മലരിക്കൽ, സജിവെച്ചൂർ, അശോകൻ, ടെർലി തുടങ്ങിയവർ പങ്കെടുത്തു.