പൂവച്ചൽ : 17 ലക്ഷത്തോളം രൂപ ചെലവിട്ട് നവീകരിച്ച കുളം നാശത്തിന്റെ വക്കിൽ. പൂവച്ചൽ പഞ്ചായത്തിലെ തോട്ടമ്പറ വാർഡിൽ ഉൾപ്പെട്ട മുളയംകോട് കുളമാണ് നശിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ജില്ലാപഞ്ചായത്ത് അ നുവദിച്ച 17 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരിച്ച കുളമാണു പായലും ചെളിയുംമൂടി നശിക്കുന്നത്. ഒരേക്കറോളം വരുന്ന കുളത്തിനു പാർശ്വഭിത്തി നിർമിച്ചു എന്നതൊഴിച്ചാൽ കുളം പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണിപ്പോൾ.
നവീകരണത്തിന്റെ ഭാഗമായി കുറെയേറെ ജോലികൾ നടന്നെങ്കിലും പൂർത്തിയായില്ല. കുളത്തിൽനിന്നു കൃഷിയിടങ്ങളിലേക്കു പണിത കൈവഴികളും അടഞ്ഞു. നിലവിൽ കുളമാകെ പായൽമൂടി പരിസരം കാടുകയറിയ നിലയിലാണ്. മാലിന്യം കൊണ്ടിടാനുള്ള ഇടമായി കുളം മാറിയതോടെ വെള്ളത്തിനു ദുർഗന്ധമുണ്ട്.
മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ഒന്നും തന്നെ കുളത്തിലില്ലെന്നും പ്രദേശവാസികൾ പറയുന്നു. കുളത്തിന്റെ ഉള്ളിലെ പാറ കുഴിച്ചുണ്ടാക്കിയ ചെറിയ കിണറ്റിൽ കടുത്ത വേനലിൽ പോലും വെള്ളം വറ്റാറില്ലെന്നു നാട്ടുകാർ ഓർക്കുന്നു. കുളത്തിൽ നിന്നു പുറത്തേക്കുണ്ടായിരുന്ന രണ്ടു തോടുകൾ വഴിയാണ് സമീപത്തെ വയലുകളിൽ കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത്. കുളത്തിൽ നിന്നുള്ള ജലനിർഗമന മാർഗവും ഇപ്പോഴില്ല.
വാർഡിൽ ഉൾപ്പെട്ട കുഴലാർ ഏലായിലെ കൃഷിയുടെ നിലനിൽപ്പ് കുളത്തെ ആശ്രയിച്ചാണ്. ഏലായുടെ തലയ്ക്കൽ ഉണ്ടായിരുന്ന കുളമാണിത്. കൃഷിക്ക് പുറമെ തുണിയലക്കാനും കുളിക്കാനുമൊക്കെ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ജലസ്രോതസ് നശിക്കാൻ കാരണം പഞ്ചായത്തിന്റെ അനാസ്ഥ യാണെന്ന് നാട്ടുകാർ പറയുന്നു.
Tags : Local News Nattuvishesham Thiruvananthapuram