കൊല്ലം: പാചകവാതകക്ഷാമത്തിന് അറുതിയില്ല. പാചകവാതക ക്ഷാമം ജില്ലയിൽ ജനജീവിതത്തെ ബാധിച്ചിട്ട് ഒരുമാസം പിന്നിട്ടു. ആഴ്ചകൾ പിന്നിട്ടപ്പോൾ ചില പ്രദേശങ്ങളിൽ ഗ്യാസ് വിതരണം പരമാവധി സുഗമമാക്കാൻ ഏജൻസികൾ ശ്രമിച്ചപ്പോൾ മറ്റിടങ്ങളിൽ ക്ഷാമത്തിന് വലിയ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം എന്നിവയുടെ ഏജൻസികളാണ് പാചകവാതക വിതരണം കൂടുതലും നടത്തുന്നത്.
കൂടുതൽ എജൻസികൾ ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ്. നിലവിൽ ഡിഎസി നന്പർ ലഭിച്ചാലും ഗ്യാസ് കിട്ടാത്ത സ്ഥിതിയാണുള്ളത്. ക്ഷാമം വന്നതോടെ ഗ്യാസ് ബുക്കിംഗി ന്റെ കാലാവധി കന്പനികൾ ദീർഘിപ്പിച്ചിരുന്നു.
പാചകവാതക സിലിണ്ടർ ഒരെണ്ണം ലഭിച്ചുകഴിഞ്ഞാൽ പിന്നെ ബുക്കിംഗിനു ഗ്രാമങ്ങളിൽ 45ദിവസവും നഗരങ്ങളിൽ 25 ദിവസവുമെടുക്കും. ഇതിന്റെ റഫറൻസ് നന്പർ ലഭിക്കാനും ഒരാഴ്ചയെടുക്കുന്നു. അതുകഴിഞ്ഞ് ബില്ലടിച്ച് ഡിഎസി നന്പറിന്റെ മെസേജ് ലഭിക്കാനും കാത്തിരിക്കണം. സാധാരണ ഡിഎസി നന്പർ ലഭിച്ചാൽ പാചകവാതക സിലിണ്ടർ ഉറപ്പാണ്. എന്നാൽ, പലയിടത്തും സിലിണ്ടർ ലഭിക്കാൻ പിന്നെയും ആഴ്ചകൾ കാത്തിരിക്കണം.
കുളമായി ഓൺലൈൻ ഡെലിവറി
പാചകവാതക ക്ഷാമം ഓൺലൈൻ ഭക്ഷണ വിതരണത്തെയും ബാധിക്കുന്നു. ഭക്ഷണമെത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ ഉപജീവനമാർഗവും അവതാളത്തിലായ അവസ്ഥയാണ്. ഭക്ഷണം തയാറാക്കാൻ സമയമെടുക്കുന്നതാണ് പ്രധാന വിഷയം. മിക്ക ഹോട്ടലുകളും പ്രവർത്തനസമയം വെട്ടിച്ചുരുക്കി. ഇതിനാൽ ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാൻ കഴിയുന്നില്ല. മുൻപ് ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം പതിനഞ്ച് മിനിറ്റിനകം ഹോട്ടലുകളിൽ നിന്ന് തയാറാക്കി നൽകുമായിരുന്നു.
എന്നാൽ പാചകവാതക ക്ഷാമം തുടങ്ങിയതോടെ ഭക്ഷണം തയാറാക്കാൻ അരമണിക്കൂർ വരെ വൈകുന്നുണ്ട്. അസം, ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത് ഹോട്ടലുകളിൽ തൊഴിലാളി ക്ഷാമവും രൂക്ഷമാക്കി. ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചത് ഭക്ഷണ വിതരണ തൊഴിലാളികൾക്ക് തിരിച്ചടിയാണ്.
അടിസ്ഥാന ശമ്പളമില്ല
രാവിലെ എട്ടുമുതൽ രാത്രി 12 വരെ ജോലി ചെയ്താൽ 1500- 2000 രൂപ വരെ ഒപ്പിക്കാം. ഓർഡറുകളുട എണ്ണം കുറഞ്ഞതോടെ ഇതും ലഭിക്കാതെയായി. ഗിഗ് തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളമില്ല. ഓർഡർ അനുസരിച്ചാണ് ശമ്പളം. ഓർഡറുമായി ഒരു കിലോമീറ്റർ ടൂ വീലർ ഓടിച്ചാൽ 4 രൂപയാണ് ഇന്ധന ചെലവ് ഉൾപ്പെടെ ലഭിക്കുന്നത്.
കമ്പനികൾ വ്യത്യാസപ്പെടുമ്പോൾ ഇതിൽ മാറ്റമുണ്ടാവാം. സൗജന്യമായി യൂണിഫോം നൽകാൻ പോലും കമ്പനികൾ തയ്യാറാവുന്നില്ല. കമ്പനിയുടെ ബാഗും യൂണിഫോമും വാങ്ങാൻ കൈക്കാശ് മുടക്കണം. ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യാമെന്നല്ലാതെ തൊഴിൽ സുരക്ഷയില്ല. പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും ഇവർക്ക് ഇല്ല. വിവിധ വിതരണ കമ്പനികളിലായി ജില്ലയിൽ 1000 ഓളം ഫുഡ് ഡെലിവറി തൊഴിലാളികളുണ്ട്.
ഹോട്ടലുകൾ അടയുന്നു
പ്രത്യേകം പോർട്ടൽ തുറന്നെങ്കിലും ഏജൻസികൾക്ക് വേണ്ടത്ര സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ജില്ലയിൽ ഗ്യാസ് ക്ഷാമം തുടരുകയാണ്. ഹോട്ടലുകൾക്ക് ആവശ്യമായതിന്റെ 40 ശതമാനം പോലും സിലിണ്ടർ ലഭിക്കുന്നില്ലെന്നാണ് പരാതി. പോർട്ടലിൽ ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ആവശ്യത്തിന് സിലിണ്ടർ ലഭ്യമാകുന്നില്ലെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
കരിഞ്ചന്തയിൽ സുലഭം
പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്പോഴും കരിഞ്ചന്ത വിൽപ്പന സുലഭം. ഹോട്ടല്‍, തട്ടുകട, പാചകക്കാർ എന്നിവർക്കാണ് കരിഞ്ചന്തയിൽ പാചകവാതകം കൂടുതലും ലഭിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാതിരിക്കാൻ അമിതവില നൽകി പാചകവാതകം വാങ്ങാൻ ഹോട്ടൽ നടത്തിപ്പുകാർ നിർബന്ധിതരാകുകയാണ്. കരിഞ്ചന്തയിലെ വിൽപനക്കെതിരെ സിവിൽ സപ്ലൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ വ്യാജമായി സൂക്ഷിക്കുന്ന പാചകവാതക സിലണ്ടറും ഒഴിഞ്ഞ സിലിണ്ടറും പിടികൂടിവരുന്നു.
എന്നാല്‍, പിടികൂടാൻ കഴിയാത്ത വിധം രാത്രികാലങ്ങളിൽ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ കരിഞ്ചന്ത വില്പന നടക്കുന്നു. ബുക്ക് ചെയ്യുന്നവർക്കു നൽകാതെ ചില അംഗീകൃത ഏജൻസികൾ പാചകവാതകം മറിച്ചുവിൽക്കുന്നതാണ് കരിഞ്ചന്തയ്ക്ക് വഴിതുറക്കുന്നതെന്നു കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫീസറായ ജി.എസ്. ഗോപകുമാർ പറഞ്ഞു.
ചില ഏജൻസികൾ വഴിയും ഹോട്ടല്‍, തട്ടുകട, പാചകക്കാർ എന്നിവിടങ്ങളിലേക്ക് പാചകവാതകം മറിച്ചുവില്പന നടക്കുന്നുണ്ട്. ഇവിടെനിന്ന് ഒഴിഞ്ഞ സിലണ്ടറുകൾ ശേഖരിക്കുന്നത് കരിഞ്ചന്തക്കാരാണ്. ഇതിൽ കുറഞ്ഞ അളവിൽ പാചകവാതകം നിറച്ചാണ് രഹസ്യമായി വില്പന നടത്തിവരുന്നത്. സാധാരണ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ 19 കിലോയാണ്, വില 1990രൂപയും. എന്നാൽ, കരിഞ്ചന്തക്കാർ 14-16 കിലോ പാചകവാതകം നിറച്ചിട്ട് 2400-3000രൂപ വരെ ഈടാക്കുന്നു.ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം നിറച്ച സിലിണ്ടർ 15.9 കിലോയാണ്.
ഇതിലും കരിഞ്ചന്തക്കാർ വെട്ടിപ്പുനടത്തുന്നു. ഗ്യാസ് വിതരണക്കാരും പൂഴ്ത്തിവയ്പ് നടത്തുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡിഎസി നന്പർ ലഭിച്ചവർക്കു പാചകവാത സിലിണ്ടർ നൽകാതെയാണ്് വെട്ടിപ്പ്. കരിഞ്ചന്തക്കാർ നിയമവിരുദ്ധമായി സിലിണ്ടറുകൾ സൂക്ഷിക്കുന്നതും പാചകവാതകം നിറയ്ക്കുന്നതും ഒഴിഞ്ഞ പറന്പുകളിലും കനാൽ പുറന്പോക്കിലുമാണ്. പെട്രോളിയം നിയമ പ്രകാരം അംഗീകൃത ഏജൻസികളുടെ ഗ്യാസ് ഗോഡൗണുകൾ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതിയിലുള്ളതാണ്.