ഇരിട്ടി: ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ അന്യസംസ്ഥാന തൊഴിലാളിയും മുഴക്കുന്ന് സ്വദേശി അമേഗും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു സംഭവം.
പാലത്തിലൂടെ വരികയായിരുന്ന ലോറിക്ക് മുന്നിലൂടെ നടന്നുവന്ന യുവതി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു.
ഇതിനിടെ അസ്വാഭാവികത തോന്നിയ ഡ്രൈവർ പാലത്തിൽ ലോറി നിർത്തി ഇറങ്ങി അതിവേഗത്തിൽ എത്തി തടയാൻ ശ്രമിക്കുന്നതിനിനിടെ യുവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ കൂവി വിളിക്കുന്നതും വെള്ളത്തിൽ യുവതി വീഴുന്ന ശബ്ദവും കേട്ടതോടെ സമീപത്ത് കെട്ടിട നിർമാണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി.
പിന്നീട് അന്യസംസ്ഥാന തൊഴിലാളി മുഴക്കുന്ന് സ്വദേശി അമേഗിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കെത്തിക്കുകയായിരുന്നു. യുവതിയുമായി നീന്തുന്നതിനിടെ തളർന്നു പോയ അന്യസംസ്ഥാന തൊഴിലാളിയെ സഹായിക്കാനാണ് പിന്നീട് അമേഗും ഇറങ്ങിയത്. ഇരുവരും ചേർന്നാണ് യുവതിയെ കരയ്ക്ക് എത്തിച്ചത്.
സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്ന് യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അവശ നിലയിലായ അന്യസംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Woman Nattuvishesham district news