ഹരിപ്പാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വോട്ടഭ്യർഥിക്കുന്നു.
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുപര്യടനം ആവേശക്കടലായി മാറി. കരുവാറ്റ, ചെറുതന പഞ്ചായത്തുകളിലെ കാർഷിക മേഖലകളിൽ ജനമനസുകളെ ഇളക്കിമറിച്ചായിരുന്നു സ്ഥാനാർഥിയുടെ പര്യടനം.
രാവിലെ 9.20ന് കരുവാറ്റ ആശ്രമം ജംഗ്ഷനിൽനിന്ന് ആരംഭിച്ച പര്യടനത്തിലുടനീളം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ ഊട്ടുപറമ്പ്, അറയ്ക്കൽ കോളനി എന്നിവിടങ്ങളിൽ ലഭിച്ച ഉജ്വല സ്വീകരണം ശ്രദ്ധേയമായി. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്.
കാർഷിക മേഖല നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിനായിരിക്കും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പ്രഥമ പരിഗണന നൽകുകയെന്ന് ചെന്നിത്തല കർഷകർക്ക് ഉറപ്പുനൽകി. “ഈ നാടാണ് എന്നെ വളർത്തിയത്...’’ എന്ന് വികാരാധീനനായി അദ്ദേഹം സംസാരിച്ചപ്പോൾ ഹർഷാരവങ്ങളോടെയാണ് നാട് അത് ഏറ്റുവാങ്ങിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്, മഹാരാഷ്ട്ര മുൻമന്ത്രി ചക്രവർത്തി ശർമ എന്നിവരും പര്യടനത്തിൽ പങ്കെടുത്തു. ചക്കിട്ടപ്പറമ്പ് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം വോട്ട് അഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളായ എ.കെ. രാജൻ, എം.കെ. വിജയൻ, അനിൽ ബി. കളത്തിൽ, ജോൺ തോമസ് തുടങ്ങിയർ പ്രസംഗിച്ചു.
Tags : excitement nattuvishesham local news