കൊച്ചി: പ്രാഥമികാവശ്യത്തിനു പോലും വെള്ളമില്ലാത്തതു മൂലം ജലഗതാഗത വകുപ്പ് ജീവനക്കാർ ദുരിതത്തിൽ. കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം കിട്ടാത്തതിനെത്തുടർന്നാണ് എറണാകുളം ബോട്ട്ജെട്ടിയിലെ ജലഗതാഗത വകുപ്പ് ജീവനക്കാർ ദുരിതത്തിലായിരിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ തടസപ്പെട്ട കുടിവെള്ള വിതരണം എന്നു പുന:സ്ഥാപിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവർ.
ഒരു ലക്ഷം രൂപ കോഷൻ ഡിപ്പോസിറ്റ് കെട്ടിവച്ച് ജലഗതാഗത വകുപ്പ് തങ്ങൾക്ക് വേണ്ടി മാത്രമായി സ്ഥാപിച്ച പൈപ്പ് ലൈനിൽ നിന്നും പത്തിൽ അധികം വ്യാപാര സ്ഥാപനങ്ങൾക്ക് വാട്ടർ അഥോറിറ്റി വെള്ളം നൽകിയതാണ് ജലവിതരണം തടസപ്പെടാൻ
കാരണമെന്ന് ബോട്ട് ജീവനക്കാർ പറയുന്നു.
ജലവിതരണം പുനഃസ്ഥാപിക്കാൻ പരമ്പരാഗതവും അശാസ്ത്രീയവുമായ മാർഗങ്ങളാണ് വാട്ടർ അഥോറിറ്റി പിന്തുടരുന്നതെന്നും ആക്ഷേപവുമുണ്ട്. പൈപ്പ് ലൈനിൽ നിന്ന് മറ്റ് സ്ഥാപനങ്ങളിലേക്ക് വെള്ളം കൊടുക്കുന്നുണ്ടോയെന്ന് പരിശോധന നടക്കുന്നുവെങ്കിലും പ്രശ്നം എപ്പോൾ പരിഹരിക്കും എന്നതിൽ വാട്ടർ അഥോറിറ്റിക്ക് കൃത്യമായ മറുപടി ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം വ്യാപാര സ്ഥാപനങ്ങൾക്കും വെള്ളം കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വനിതാ ജീവനക്കാർ ഉൾപ്പെടെ 140 ഓളം ജീവനക്കാരാണ് ജലഗതാഗത വകുപ്പ് ഓഫീസിലുള്ളത്. പ്രതിദിനം ഒൻപത് ഷെഡ്യൂളുകളായി 85 ജീവനക്കാർ താമസിച്ചു ജോലി ചെയ്യുന്ന സ്ഥലമാണിത്. ടൂറിസം വകുപ്പിന്റെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രാഥമികാവശ്യത്തിനു പോലും വെള്ളം ഇല്ലാതെ വന്നതോടെ ജീവനക്കാർ സ്വന്തമായി പണം മുടക്കി ടാങ്കർ ലോറിയിൽ വെള്ളം അടിപ്പിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.
പ്രതിദിനം 2,000 രൂപയുടെ ജലം വാങ്ങുന്നുണ്ടെന്ന് എൻജിഓ യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി.ടി. അജയഘോഷ് പറഞ്ഞു. ഇത്തരത്തിൽ മുക്കാൽ ലക്ഷം രൂപയുടെ നഷ്ടമാണ് ജീവനക്കാർക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളമില്ലാത്തതിനാൽ ഇവിടെയുള്ള കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തിക്കാത്തതും യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ദുരിതം പരിഹരിക്കണം ജലവിതരണം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് എൻജിഒഎ സംസ്ഥാന കൗൺസിലർ സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam