തിരുവനന്തപുരം: വിശ്വാസ ലക്ഷങ്ങള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്നു തിരുവനന്തപുരം അതിരൂപത നവതിയുടെ നിറവിലേക്ക്. 1937 ജൂലൈ ഒന്നിന് "ഇന്‍ ഓറ മലബാറിക്ക' എന്ന വിജ്ഞാപനത്തിലൂടെയാണ് പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ തിരുവനന്തപുരം രൂപത സ്ഥാപിച്ചത്. പിന്നീട് 1996 ജൂണ്‍ 14ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ "ആദ് ആപ്റ്റിയസ് പ്രൊവെഹെന്ഡം' എന്ന അപ്പസ്തോലിക ഉത്തരവിലൂടെ നെയ്യാറ്റിന്‍കര രൂപത തിരുവനന്തപുരത്ത് നിന്ന് വിഭജിച്ചു. തുടര്‍ന്നു 2004 ജൂണ്‍ 17ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ തിരുവന ന്തപുരത്തെ അതിരൂപതയുടെ പദവിയിലേക്ക് ഉയര്‍ത്തി. കൊല്ലം, ആലപ്പുഴ, നെയ്യാറ്റിന്‍കര, പുനലൂര്‍ എന്നീ രൂപതകള്‍ തിരുവനന്തപുരം അതിരൂപതയ്ക്കു കീഴിലാണ്.
ബെല്‍ജിയത്തില്‍ ജനിച്ച് 1905ല്‍ പൗരോഹിത്യം സ്വീകരിച്ച ഡോ. വിന്‍സന്റ് ഡെറേറ ഒസിഡി ആയിരുന്നു അതിരൂപതയുടെ ആദ്യ ബിഷപ്പ്. ഇന്ത്യയിലെത്തിയ അദ്ദേഹം 1926-ല്‍ കൊല്ലത്താണ് കപ്പലിറങ്ങിയത്. സെന്റ് തെരേസ തിയോളജിക്കല്‍ സെമിനാരിയില്‍ റെക്ടറും പ്രഫസറുമായിരുന്ന അദ്ദേഹം ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ പിന്‍ഗാമിയായി 1936 മെയ് 13ന് കൊല്ലം ബിഷപ്പായി. അതിനുശേഷമായിരുന്നു പരിശുദ്ധ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ 1937ല്‍ തിരുവനന്തപുരം രൂപതയുടെ ആദ്യ ബിഷപ്പായി നിയമിച്ചത്. 1937 മുതല്‍ 1966 വരെ സേവനമനുഷ്ഠിച്ചു.
തുടര്‍ന്ന് രണ്ടാമത്തെ ബിഷപ്പായി ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരയാണ് ചുമതലയേറ്റത്. അതിരൂപതയുടെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പായിരുന്നു അദ്ദേഹം. നെടുമങ്ങാട് ചുള്ളിമാനൂരിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ സഹവികാരിയായി ആദ്യനിയമനം ലഭിച്ച അദ്ദേഹം 1961 ജൂലൈ നാലു മുതല്‍ തിരുവനന്തപുരത്തിന്റെ കോഅഡ്ജ്യൂട്ടര് കം ജൂറി പിന്തുടര്ച്ചക്കാരായിരുന്നു. 1966 ഒക്ടോബര്‍ 24ന് അന്നത്തെ ബിഷപ് വിന്‍സന്റ് ഡി. ഡെറെയര് ഒസിഡി രാജിവച്ചപ്പോഴായിരുന്നു തിരുവനന്തപുരം രൂപത ബിഷപ്പ് പീറ്റര്‍ ബെര്‍ണാഡ് പെരേരയുടെ കൈകളിലേക്ക് എത്തിയത്. 1978 വരെയായിരുന്നു അദ്ദേഹം ബിഷപ്പായി സേവനമനുഷ്ഠിച്ചത്.
തുടര്‍ന്ന് ഡോ. ജേക്കബ് അച്ചാരുപറമ്പില്‍ ഒഎഫ്എം 1979 ഒക്ടോബര്‍ ഏഴിന് ബിഷപ്പായി നിയമിതനായി. രൂപതയില്‍ വ്യത്യസ്ത നവീകരണ പരിപാടികള്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. മതബോധനഗ്രന്ഥം, കേരള കത്തോലിക്കാ യുവജന പ്രസ്ഥാനം, ആരാധനക്രമം എന്നിവ സജീവമാക്കി. നന്ദാവനം ബിഷപ് പെരേര ഹാള്‍, വെള്ളയമ്പലം ജൂബിലി മെമ്മോറിയല്‍ ആനിമേഷന്‍ സെന്റര്‍, ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കഴക്കൂട്ടം സെന്റ് വിന്‍സന്റ്സ് മൈനര്‍ സെമിനാരി എന്നിവ അദ്ദേഹത്തിന്റെ കാലത്ത് നിര്‍മിച്ചു.
പിന്നീട് ചുമതലയേറ്റ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് തിരുവനന്തപുരത്തെ നാലാമത്തെ ബിഷപ്പും ആദ്യത്തെ മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ്പും. 32 വര്‍ഷമാണ് അദ്ദേഹം തിരുവനന്തപുരം അതിരൂപതയെ നന്മയുടെ വഴിയില്‍ നയിച്ചത്. 1989-ല്‍ തിരുവനന്തപുരം രൂപതാ മെത്രാനായ അദ്ദേഹത്തെ 2004-ല്‍ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി ജോണ്‍പോള്‍ രണ്ടാമന് മാര്‍പ്പാപ്പയായിരുന്നു നിയമിച്ചത്. എല്ലാ മേഖലയിലുമുള്ള അജഗണങ്ങള്ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവിതത്തിനും ഉന്നമനത്തിനും മൂന്നു പതിറ്റാണ്ടിലേറെ അദ്ദേഹം മാര്‍ഗനിര്‍ദേശിയായി.
തിരുവനന്തപുരത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു സൂസപാക്യം. മദ്യവിരുദ്ധ, പരിസ്ഥിതി സമരങ്ങളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പവും മതസൗഹാര്ദവേദികളില് സാമുദായിക നേതൃത്വങ്ങള്ക്കൊപ്പവും അദ്ദേഹം കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. മതസൗഹാര്‍ദ്ദത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും കാവലാളായി ഇന്നും അദ്ദേഹം മുന്നില്‍ത്തന്നെയുണ്ട്. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയാണ് ഇന്ന് അതിരൂപതയെ നയിക്കുന്നത്.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത നവതി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. അതിരൂപത ദിനമായ ജൂലൈ ഒന്നിനു പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ അതിരൂപത സഹായ മെത്രാന് ബിഷപ് ഡോ. ആര്. ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയുടെ നവതി ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം നടത്തി ഒരുമിച്ച് മുന്നേറാന്‍ വചന സന്ദേശത്തിലൂടെ ബിഷപ് ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലി മധ്യേ നവതി ലോഗോയുടെ പ്രകാശന കര്‍മം ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം നിര്‍വഹിച്ചു. ആഗോള കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തോടും പ്രബോധനങ്ങളോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ശതാബ്ദിയിലേക്ക് നീങ്ങുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത കേരളത്തിന്റെ വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ജൂലൈ അഞ്ചിന് അതിരൂപതയിലെ ഇടവകകളില്‍ പതാക ഉയര്‍ത്തി ഇടവകതല നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
Tags : Local News Nattuvishesham Thiruvananthapuram