പുൽപ്പള്ളി: പാടിച്ചിറയിൽ പുലി വളർത്തുനായയെ കൊന്നുതിന്നു. കിഴക്കേഭാഗത്ത് ബിനു വീടിനുസമീപം കൂട്ടിൽ കെട്ടിയ നായയെയാണ് പുലി പിടിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
കൂട് തകർത്താണ് നായയെ ആക്രമിച്ചത്. ചങ്ങലയിൽ കെട്ടിയിരുന്നതിൽ വലിച്ചുകൊണ്ടുപോകാനായില്ല. ജഡം കൂടിനു പുറത്തിട്ടാണ് ഭാഗികമായി ഭക്ഷിച്ചത്. പുലർച്ചെ നായ കുരയ്ക്കുന്നതുകേട്ട് ബിനു വീടിന് പുറത്തിറങ്ങിയിരുന്നു. കൃഷിയിടത്തിൽ കാട്ടുപന്നി ഇറങ്ങിയതിനാലാണ് നായ കുരയ്ക്കുന്നതെന്നാണ് കരുതിയത്. പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയശേഷം ബിനു വീട്ടിലേക്ക് മടങ്ങി.
പുലർച്ചെ 5.30ഓടെ വീണ്ടും വീടിന് പുറത്തിറങ്ങിയെങ്കിലും പട്ടിക്കൂടിന് സമീപം പോയില്ല. നായയെ പുലി കൊന്നത് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) എ. നിജേഷിന്റെ നേതൃത്വത്തിൽ വനപാലകർ എത്തി പരിശോധന നടത്തി.
നായയെ പുലി പിടിച്ചതിന്റെ ലക്ഷണമാണുള്ളതെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രദേശത്ത് നിരീക്ഷണത്തിന് നാല് കാമറ സ്ഥാപിച്ചു. പട്രോളിംഗ് ശക്തമാക്കുമെന്ന് അറിയിച്ചു. കഴിഞ്ഞവർഷം പാടിച്ചിറയ്ക്കടുത്ത് കബനിഗിരിയിൽ പുലി നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു.
Tags : Local News Nattuvishesham Wayanad