കൊരട്ടി - പുളിക്കകടവ് പൊതുമരാമത്ത് റോഡിൽ രൂപപ്പെട്ട കുഴികളിലൊന്ന്.
കൊരട്ടി: കൊരട്ടി - പുളിക്കക്കടവ് പൊതുമരാമത്ത് റോഡിൽ ചതിക്കുഴികൾ പെരുകിയതോടെ യാത്രാദുരിതവും അപകടഭീതിയും രൂക്ഷം. റെയിൽവേ മേൽപ്പാലത്തിനു മുകളിലും എൽഎഫ് കോൺവന്റ്് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും കൊരട്ടിമുത്തിയുടെ പള്ളിക്കു മുന്നിലുമാണ് നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പള്ളിക്കുമുന്നിലെ അപകടകരമായ വളവും റോഡിലെ കുഴികളും യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.
മഴ ശക്തമായതോടെ കുഴികളുടെ വ്യാപ്തിയും ആഴവും വർധിക്കുകയാണ്. കുഴികളിൽ മഴവെള്ളം നിറയുന്നതോടെ അവയുടെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. രാത്രികാലത്തെ വെളിച്ചക്കുറവ് കൂടിയാകുമ്പോൾ അപകടസാധ്യത ഇരട്ടിയാകുന്നു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ പൊതുമരാമത്ത് റോഡുകളിലൊന്നാണിത്.
ദേശീയപാത 544നേയും ദേശീയപാത 66നെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണിത്. അന്നമനട, മാള, കാടുകുറ്റി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്.
ബിഎംബിസി നിലവാരത്തിൽ ആധുനികരീതിയിൽ നവീകരിച്ച റോഡിനാണ് ഇപ്പോൾ ഈ ദുർഗതി. റോഡിന്റെ ഇരുവശങ്ങളിലായി കാനകൾ ഉണ്ടെങ്കിലും മണ്ണും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. പള്ളിക്ക് മുന്നിലെ റോഡിൽ ഒഴുകിയെത്തുന്ന മഴവെള്ളം കാനയിലേക്ക് ഒഴുകിപ്പോകാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുന്നതും റോഡ് തകരുന്നതിനും അപകടസാധ്യത വർധിക്കുന്നതിനും കാരണമാകുന്നു.
റെയിൽവേ മേൽപാലം മുതൽ കൊരട്ടി പള്ളി വരെയുള്ള ഭാഗത്തെ കുഴികൾ അടിയന്തരമായി അടയ്ക്കുകയും കാനകളിലെ മണ്ണും മാലിന്യങ്ങളും നീക്കി മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം സംഭവിച്ച ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം, അപകടം ഒഴിവാക്കാൻ ഇപ്പോഴെങ്കിലും അധികൃതർ കണ്ണുതുറക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : NattuVishesham DistrictNews