പൊൻകുന്നം: ചങ്ങനാശേരി സ്വദേശികളായ രണ്ടുപേരെ 250 ഗ്രാം എംഡിഎംഎയുമായി പൊൻകുന്നത്ത് പോലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഓപ്പറേഷൻ തൂഫാനിൽ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ എൻ.ബി. നിബിൻ (38) എന്നിവരെയാണ് സാഹസികമായി കാർ തടഞ്ഞ് കോട്ടയം ജില്ലാപോലീസ് ചീഫിന്റെ ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. കാറിന്റെ ഡോറിനിടയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് വർക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തിയാണ് കണ്ടെടുത്തത്.
ബാംഗളൂരുവിൽനിന്ന് കാറിലെത്തിയതാണിവർ. ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി ഇവർ മയക്കുമരുന്നുമായി എത്തുന്നെന്ന് ഡാൻസാഫ് ടീമിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ടീം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപത്തുവച്ച് പൊൻകുന്നം പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞ് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് മറ്റൊരുവാഹനം കൊണ്ട് തടഞ്ഞിട്ടാണ് ഇരുവരെയും പിടികൂടിയത്. പരിശോധനയിൽ കാറിൽനിന്ന് ആദ്യം എംഡിഎംഎ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ എത്തിച്ച് വിശദപരിശോധന നടത്തിയപ്പോഴാണ് ഡോറിനിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്.
Tags : Two arrested MDMA Nattuvishesham Districte news