കൊച്ചി: കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇനി സമയക്രമത്തെച്ചൊല്ലി കൈയാങ്കളി വേണ്ട. ബസ് ജീവനക്കാരെ നീറ്റാക്കാന്‍ കൊച്ചി സിറ്റി പോലീസിന്റെ ഗരുഡന് വരുന്നു. സമയക്രമം പാലിക്കാതെയുള്ള സര്‍വീസും ബസുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരവും മൂലമുണ്ടാകുന്ന അപകടകരമായ ഡ്രൈവിംഗ് രീതി ഇല്ലാതാക്കുക, കൂടുതല്‍ അച്ചടക്കമുള്ള ബസ് സര്‍വീസ് ഉറപ്പാക്കുക, പൊതുഗതാഗതത്തിന്റെ വിശ്വാസ്യതയും റോഡ് സുരക്ഷയും വര്‍ധിപ്പിക്കുക, നഗരത്തിലെ റോഡ് അപകടസാധ്യത കുറയ്ക്കുക ഇവയെല്ലാമാണ് ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഗരുഡന് പദ്ധതിയിലൂടെ കൊച്ചി സിറ്റി പോലീസ് ലക്ഷ്യമിടുന്നത്.
പദ്ധതി അടുത്ത മാസം നടപ്പാക്കുന്ന പദ്ധതിയില്‍ ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുമുണ്ട്. രണ്ടാംഘട്ടത്തില്‍ പദ്ധതി നഗരം മുഴുവന്‍ വ്യാപിപ്പിച്ച് കൂടുതല്‍ പഞ്ചിംഗ് പോയിന്റുകള്‍ സ്ഥാപിക്കും.
എഐ അധിഷ്ഠിത സ്മാര്‍ട്ട് ബസ് പഞ്ചിംഗ് സംവിധാനമാണ് ഗരുഡന്. ആദ്യഘട്ടത്തില്‍ മര്മപ്രധാനമായതും സ്ഥിരം ഗതാഗതക്കുരുക്കുള്ളതുമായ നഗരത്തിലെ 10 സ്ഥലങ്ങളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്മാര്‍ട്ട് പഞ്ചിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. കണ്ടക്ടര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സംവിധാനം ഉപയോഗിച്ച് ഓരോ ട്രിപ്പിലും പഞ്ച് ചെയ്യണം. ഇതിലൂടെ ബസുകളുടെ സര്‍വീസ് പ്രവര്‍ത്തനം, റൂട്ട് പാലനം, സമയക്രമം എന്നിവ തത്സമയം ഡിജിറ്റലായി നിരീക്ഷിക്കും.
നിശ്ചിത ചെക്ക് പോയിന്റുകളില്‍ ബസുകള്‍ നടത്തുന്ന പഞ്ചിംഗ് വിവരങ്ങള്‍ സംവിധാനം രേഖപ്പെടുത്തുകയും, ബസുകളുടെ യഥാര്‍ഥ റൂട്ട് അംഗീകരിച്ചിട്ടുള്ള സമയക്രമവും പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. റൂട്ട് അടിസ്ഥാനത്തിലും ബസ് അടിസ്ഥാനത്തിലും നിരീക്ഷണം, സമയക്രമം പാലിക്കുന്നതിന്റെ വിശകലനം, വൈകിയുള്ള സര്‍വീസുകള്‍, നേരത്തെയുള്ള പുറപ്പെടല്‍, പഞ്ചിംഗ് ഒഴിവാക്കല്‍, റൂട്ട് ലംഘനം, പ്രവര്‍ത്തനത്തിലെ മറ്റ് വീഴ്ചകള്‍ എന്നിവ കണ്ടെത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. മുമ്പ് ഒരു പോലീസുകാരന് ഇരുന്ന നിയന്ത്രിക്കുന്ന പഞ്ചിംഗ് കാബിനുകള്‍ നഗരത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതടച്ചുപൂട്ടി.
കൊച്ചി നഗരത്തില്‍ 1,600 ഓളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി കെ.എം. നവാസാണ് ഇത്തരത്തിലൊരു ആശയം സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനു മുന്നില്‍ സമര്‍പ്പിച്ചത്. അദ്ദേഹം അതിന് പിന്തുണയേകിയതോടെയാണ് പദ്ധതി പ്രാവര്‍ത്തികമാകുന്നത്. നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍, മറ്റ് അംഗീകൃത ഏജന്‍സികള്‍ എന്നിവയ്ക്ക് വളരെ പെട്ടെന്നുതന്നെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
Tags : nattu vishesham Garuda to stop bus workers