തൊടുപുഴ: ഗംഗയുടെ സ്വപ്നങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈത്താങ്ങ്. മൂലമറ്റത്ത് നേരത്തേ നടന്ന കലുങ്ക് സദസിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഓട്ടോറിക്ഷ വേണമെന്ന ആഗ്രഹവുമായാണ് ബൈസണ്‍വാലി മുട്ടുകാട് സ്വദേശിനി അന്പാട്ട് ഗംഗ ഋഷികേശ് എത്തിയത്. അന്നു നൽകിയ വാക്ക് കേന്ദ്രമന്ത്രി പാലിക്കുകയായിരുന്നു. ഗംഗയ്ക്ക് ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇതോടെ വഴിതുറന്നുകിട്ടി.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സുരേഷ് ഗോപി ഗംഗയ്ക്ക് സമർപ്പിച്ച ഓട്ടോയുടെ താക്കോൽദാനം ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യ രാജേഷും ചേർന്ന് നിർവഹിച്ചു. 130 കിലോമീറ്റർ ദൂരം ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് കലുങ്ക് സൗഹൃദ സംഗമ വേദിയിൽ അന്ന് ഗംഗ എത്തിയത്.
മുട്ടുകാട് മേഖലയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ഗംഗ കേന്ദ്രമന്ത്രിയെ അന്ന് ധരിപ്പിച്ചിരുന്നു.ഓട്ടോ കൈമാറുന്നതിനു മുന്‍പ് കേന്ദ്രമന്ത്രിയുമായി എൻ. ഹരിയുടെ ഫോണിലൂടെ വീഡിയോകോൾ ചെയ്തു ഗംഗ നന്ദി അറിയിക്കുകയും ചെയ്തു.