കൂരാച്ചുണ്ട്: ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷിനാശം വരുത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ബാലുശേരി എംഎൽഎ വി.ടി. സൂരജിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ മൂന്ന് ആഴ്ചകളായി തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ഇതിനെ തടയാൻ ഇരുപത് കിലോമീറ്റർ ദൂരത്തിൽ നിർമിക്കാനിരിക്കുന്ന തൂക്കുവേലി പദ്ധതിയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കും. വനം വകുപ്പിന്റെ ആർആർടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും.
പെട്രോളിംഗിനായി വനം വകുപ്പ് ഉപയോഗിക്കുന്ന നിലവിലെ ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽഎംഎൽഎ മന്ത്രിയുമായി ഇടപെട്ട് ലഭ്യമായ പുതിയ ബോട്ട് ഒന്നരയാഴ്ചക്കുള്ളിൽ എത്തിക്കും. ഡ്രോൺ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള മാർഗങ്ങൾ അവലംബിക്കുന്ന കാര്യങ്ങളെ കുറിച്ച് പരിശോധിക്കും. വനം വകുപ്പിന് പെട്രോളിംഗ് നടത്തുന്നതിനായി ഈ മേഖലയിലുള്ള ഒറ്റപ്ലാക്കൽ താഴെ - ഇറിഗേഷൻ - വടക്കേൽ - ഓട്ടപ്പാലം റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കും. ഈ പ്രദേശങ്ങളിൽ തെരുവുവിളക്കുകളും സ്ഥാപിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ജില്ലാ പഞ്ചായത്ത് അംഗം റീമ കുന്നുമ്മൽ, പഞ്ചായത്ത് അംഗങ്ങളായ പ്രബീഷ് തളിയോത്ത്, എൻ.കെ. കുഞ്ഞമ്മദ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ സി.കെ. മൊയ്തീൻ, പേരാമ്പ്ര ഫയർഫോഴ്സ് ഓഫീസർ റഫീഖ്, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ നിജീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് മനിൽ കുമാർ, വി.എസ്. ഹമീദ്, സൂപ്പി തെരുവത്ത്, കർഷകൻ സോണി തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Urgent action wild animals