വൈക്കംകാരൻ കെ.ടി. ബേബി യുകെയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനായി മാവേലിവേഷം അണിഞ്ഞപ്പോൾ.
വൈക്കം: നാട്ടിലും മറുനാട്ടിലും മാവേലി വേഷം കെട്ടി വൻ ഹിറ്റാക്കിയ ഒരു ബേബിയുണ്ട് വൈക്കത്ത്. പേര് കെ.ടി. ബേബിയെന്നാണെങ്കിലും വേഷം കെട്ടിയാൽ ആൾ തികഞ്ഞ മാവേലി തന്നെ.
വൈക്കം നഗരസഭയിലെ മുൻ ഡ്രൈവർ വൈക്ക പ്രയാർ കെച്ചുതറയിൽ ബേബിയാണ് കഴിഞ്ഞ 22വർഷമായി മാവേലി വേഷം കെട്ടി ശ്രദ്ധേയനായത്. കേരളത്തിനകത്തും വിദേശത്ത് യുകെയിലും സകലരുടെയും കൈയടി ഇദ്ദേഹത്തിന്റെ മാവേലി വേഷത്തിന് ലഭിച്ചിട്ടുണ്ട്.
ചമയങ്ങൾ അണിഞ്ഞു കഴിയുമ്പോൾ മഹാബലിത്തമ്പുരാന്റെ ഗാംഭീര്യം ഒട്ടും ചോരാതെ ബേബിയിൽ കാണാൻ കഴിയുന്നതുകൊണ്ടാണ് ബേബിയുടെ മാവേലി വേഷത്തിന് വലിയ സ്വീകാര്യത കിട്ടിയതെന്നാണ് ആരാധകർ പറയുന്നത്. വൈക്കം നഗരസഭയിൽ ജോലി ചെയ്ത 22 വർഷത്തിനിടയിൽ 20 വർഷവും ബേബി മാവേലി വേഷം കെട്ടി. തൃപ്പൂണിത്തുറ അത്തച്ചമയത്തിന് മുൻ നിരയിൽ 18വർഷം നിന്നത് ബേബിയുടെ മാവേലി വേഷമായിരുന്നു.
ഇത്തവണയും ക്ഷണമുണ്ടായെങ്കിലും യുകെയിലായതിനാൽ പോകാനായില്ല. എറണാകുളം ജില്ലാ പഞ്ചായത്ത്, പിറവം, മുളന്തുരുത്തി പഞ്ചായത്തുകളുടെ ഓണാഘോഷങ്ങളിലെല്ലാം ബേബി നിറ സാന്നിദ്ധ്യമായിരുന്നു. മികച്ച മാവേലിക്കായുള്ള മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ബേബി വിജയ കിരീടം ചൂടിയിട്ടുണ്ട്.
മറൈൻഡ്രൈവിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന വലിയ പൂക്കള മത്സരത്തിൽ ബേബിയുടെ മാവേലി വേഷത്തെ മഞ്ചലിൽ ചുമന്ന് വേദിയിലെത്തിച്ചപ്പോൾ കൈപിടിച്ച് ഇറക്കിയത് ചലച്ചിത്ര നടൻ ദിലീപായിരുന്നു. 2024ൽ യുകെയിലുള്ള മക്കൾക്കൊപ്പം എത്തിയപ്പോൾ മലയാളി അസോസിയേഷൻകാരുടെ ആവശ്യപ്രകാരം മാവേലിയായി. മാവേലിയായുള്ള പകർന്നാട്ടം അവർക്ക് ഇഷ്ടമായതോടെ തുടർന്ന് നിരവധി അവസരങ്ങൾ വന്നു.
അടുത്ത ദിവസം മലയാളി അസോസിയേഷനുകൾ നടത്തുന്ന ഓണാഘോഷങ്ങളിലും മാവേലിവേഷം കെട്ടുന്നുണ്ട് ഈ 66 കാരൻ. ഭാര്യ സിസിലിയും മക്കളായ എഡിസൺ, എൽണിമോൾ, മരുമക്കളായ ജീവിത, മാത്യൂസ് തുടങ്ങിയവരും കൊച്ചു മക്കളും അപ്പച്ചന്റെ മാവേലിവേഷത്തിന് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Maveli