പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ വാട്ടർചാർജ് ബില്ലുകൾ കണ്ടുഞെട്ടി ഗുണഭോക്താക്കൾ. വലിയ തുകയാണ് ഓരോരുത്തർക്കും ബിൽ വന്നിട്ടുള്ളത്. മുടപ്പല്ലൂർ അണിത്തിരുത്തി രാമകൃഷ്ണന് ലഭിച്ചത് 17,528 രൂപയുടെ ബിൽ.
ഇത്തരത്തിലാണ് മറ്റുള്ളവർക്കും വന്നിട്ടുള്ളത്. ഉള്ളതുകൊണ്ട് ഓണാഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് സാധാരണക്കാരെ നിസഹായരാക്കുന്ന വിധമുള്ള പഞ്ചായത്തിന്റെ നടപടി വന്നിട്ടുള്ളത്.
വെള്ളക്കരം കുടിശിക 2021 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ളതും വെള്ളക്കരം തൻവർഷം 2026 ഏപ്രിൽ മുതൽ 2026 ജൂലൈ വരെയുള്ള ബില്ലുകളാണ് ഒന്നിച്ച് അയച്ചിട്ടുള്ളത്. ബിൽതുക 15 ദിവസത്തിനകം അടക്കാത്ത പക്ഷം കണക്്ഷൻ വിഛേദിച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി. എന്തുകൊണ്ട് ഇത്രയും വർഷത്തെ കുടിശിക വന്നു എന്ന ചോദ്യമാണ് ഗുണഭോക്താക്കളിൽ നിന്നുമുണ്ടാകുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ഭയപ്പെടുത്തുന്ന പഞ്ചായത്ത് നടപടിക്കെതിരേ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, ഗഫൂർ മുടപ്പല്ലൂർ, പ്രമോദ് തണ്ടലോട്, പി.കെ. പ്രവീൺ, ബിനോയ്, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് കെ.പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജിത്ത്, എം.പി. അരുൺ, പഞ്ചായത്ത് മെംബർമാരായ എം. ഹംസ,അച്ചാമ്മ ജോസഫ്, നൂർജഹാൻ മറ്റു നേതാക്കളായ കെ.കെ. ലക്ഷ്മണൻ, എ.എ. അബ്ദുൾ ലത്തീഫ്, വി. സുരേഷ് പ്രസംഗിച്ചു.
Tags : water charge NattuVishasham DistrictNews