മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍നിന്നും കുറവിലങ്ങാട് മുത്തിയമ്മ തീര്‍ഥാടനം ആരംഭിച്ചപ്പോള്‍.
കുറവിലങ്ങാട്: പരിശുദ്ധ റൂഹാദ്ക്കുദിശയുടെ പേരിൽ പുകൾപെറ്റ മുട്ടുചിറ ഫൊറോനയും കാൽനടയായി കാളികാവ് ഇടവകയും മുത്തിയമ്മയ്ക്കരുകിലെത്തി. നൂറുകണക്കിനാളുകളെ ചേർത്തുനിറുത്തിയാണ് ഇരു ഇടവകകളും മരിയഭക്തിയുടെ പ്രചാരകരായി മാറിയത്.
പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നിന്ന് ജപമാല റാലിയായാണ് മുട്ടുചിറ ഫൊറോന അംഗങ്ങൾ എത്തിയത്. മാലാഖാമാരുടെ വേഷമണിഞ്ഞ കുരുന്നുകളും പള്ളിയോഗപ്രതിനിധികളും കൈക്കാരന്മാരും വിശ്വാസപരിശീലകരും പങ്കെടുത്തു. അസി. വികാരിമാരായ ഫാ. ആന്റണി ഞരളക്കാട്ട്, ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
കാളികാവ് ഇടവകാംഗങ്ങൾ പകലോമറ്റം തറവാട് പള്ളിയിൽനിന്ന് പദയാത്രയായാണ് മുത്തിയമ്മയുടെ സവിധത്തിലെത്തിയത്. മാതാവിന്റെയും വിശുദ്ധരുടെയും വേഷവിധാനങ്ങളണിഞ്ഞ് വിശ്വാസത്തിന്റെ പ്രഖ്യാപനം നടത്തിയാണ് സംഘമെത്തിയത്. വികാരി ഫാ. ജോസഫ് പാണ്ടിയാമാക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
മാസാദ്യവെള്ളിയാഴ്ചയായിരുന്ന ഇന്നലെ പതിനായിരങ്ങളാണ് മുത്തിയമ്മയ്ക്കരുകിലെത്തിയത്. ജപമാലപ്രദക്ഷിണത്തിൽ പങ്കെടുത്തും കൽക്കുരിശിൽ എണ്ണയൊഴിച്ച് പ്രാർഥിച്ചു മടങ്ങിയത്.