വെള്ളംകയറിക്കിടക്കുന്ന ആറന്മുള പുഞ്ച.
തിരുവല്ല: അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതത്തിന് ശമനമില്ല. മഴ കുറഞ്ഞതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നതിനേത്തുടര്‍ന്ന് താലൂക്കിലെ 14 ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. താലൂക്കിന്റെ കിഴക്കന്‍ മേഖലകളിലെ ക്യാമ്പുകളിൽനിന്നാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിയത്. ഇരവിപേരൂരില്‍ മൂന്നും തോട്ടപ്പുഴശേരിയിലും കോയിപ്രത്തും കാവുംഭാഗത്തും ഒരോ ക്യാമ്പുകള്‍ വീതവും പിരിച്ചുവിട്ടു.
എന്നാൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാന്പുകൾ തുടരുകയാണ്. തിരുവല്ല താലൂക്കിൽ 90 ക്യാന്പുകളാണ് നിലവിലുള്ളത്. 2335 കുടുംബങ്ങളിലായി 7153 പേർ ക്യാന്പുകളിലാണ്. 3174 പുരുഷൻമാരും 3016 സ്ത്രീകളും 963 കുട്ടികളും ക്യാന്പുകളിലുണ്ടെന്ന് തഹസീൽദാർ ജോബിൻ കെ.ജോർജ് അറിയിച്ചു.
അതേസമയം എഴുപതോളം ക്യാമ്പുകള്‍ ഇപ്പോഴും തുടരുകയാണ്. അതിഥി തൊഴിലാളികളും ഭിന്നശേഷിയുള്ളവരും ഗര്‍ഭിണികളുമെല്ലാം ക്യാമ്പുകളിലെ പരിമിതമായ സൗകര്യങ്ങളില്‍ കഴിയുന്നു. മഴകുറഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ തുടരുകയാണ്. തിരുവല്ല - അന്പലപ്പുഴ പാതയിലൂടെ ഇന്നലെ ഉച്ചകഴിഞ്ഞതോടെ കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു.
ഗ്രാമീണ റോഡുകള്‍ വെള്ളത്തിനടിയില്‍ തുടരുന്നതിനാല്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഇതുകാരണം രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും കിടപ്പ് രോഗികള്‍ക്ക് സാന്ത്വനം നല്‍കാനും കഴിയുന്നില്ല. മരണപ്പെട്ടവരുടെ സംസ്കാരം നടത്താന്‍പോലും ആളുകള്‍ ബുദ്ധിമുട്ടുകയാണ്.
വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായിട്ടുണ്ട്. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ ചെളിവെള്ളം വീടുകളില്‍ അടിഞ്ഞുകൂടിയതു നീക്കുന്നത് ശ്രമകരമായ ജോലിയാണ്. നീരൊഴുക്ക് സാവധാനമാണ്. വെള്ളം ഒഴിഞ്ഞുമാറിയാലും ചെളിയും മാലിന്യങ്ങളും ദുരിതമായി മാറുകയാണ്. കുറ്റൂരിൽ വെള്ളം ഒഴിഞ്ഞുമാറിയെങ്കിലും വീടുകള്‍ ചെളികെട്ടിയനിലയാണ്. തിരുവല്ല നഗരസഭ, ഇരവിപേരൂര്‍, കവിയൂര്‍ ഭാഗങ്ങളിലെ വീടുകളും കടകളും സ്ഥാപനങ്ങളും ശുചീകരിച്ചുതുടങ്ങി. മിക്കയിടത്തും വീടുകളിലെ വെള്ളം ഒഴിഞ്ഞിട്ടില്ല. പെരിങ്ങരയില്‍ ചാത്തങ്കരി, മേപ്രാല്‍, വേങ്ങല്‍ ഭാഗങ്ങളിലാണ് ഏറെ പ്രശ്നം. നിരണം, തേവേരി, ഇരതോട്, കൊമ്പങ്കേരി മേഖലകളില്‍ ദുരിതാശ്വാസക്യാമ്പുകളിലും വെള്ളം കയറിയിരുന്നു.
ക്യാന്പുകളിലേക്ക് ടോറസ് ലോറികളിലും ട്രാക്ടറുകളിലുമാണ് ഇപ്പോഴും സാധനങ്ങള്‍ എത്തിക്കുന്നത്. നെടുമ്പ്രത്ത് ദുരിതത്തില്‍ അകപ്പെട്ട കുടുംബങ്ങളെ ക്യാമ്പുകളില്‍ എത്തിച്ചു. വീടുകളിലെ ചെളിയും ചേറും നീക്കിയാലേ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മടങ്ങാന്‍ കഴിയൂ. മിക്കയിടത്തും സന്നദ്ധസംഘടനകളുടെ സഹായം ലഭിച്ചാലേ ഇക്കാര്യം സാധ്യമാകൂവെന്ന് അധികൃതർ പറഞ്ഞു. ഉപജീവന മാർഗങ്ങൾതന്നെ നഷ്ടപ്പെട്ടവരുണ്ട്. കിണറുകൾ ചെളി മൂടിയതോടെ ഇത് ശുചീകരിക്കാനും ഏറെ പണിപ്പെടണം.
കറ്റോട് ഷട്ടറിന്റെ തകര്‍ച്ചയാല്‍ കവിയൂര്‍ പുഞ്ച മുങ്ങികിടക്കുന്നതിനാൽ വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മണിമലയാറ്റിലെ വെള്ളംകൂടി കയറുന്നതാണ് പ്രതിസന്ധി.
ദുരിതമുഖത്ത് കരുത്തായി ഓഫ് റോഡ് വാഹനങ്ങള്‍
തിരുവല്ല: ദുരിതകാലത്ത് രക്ഷകരായി ഓഫ് റോഡ് വാഹനങ്ങള്‍. ആറന്മുളയില് അടക്കം ഇത്തരം വാഹനങ്ങള്‍ക്കു പിഴ ചുമത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായി. ഒറ്റപ്പെട്ടുപോയ ഒട്ടേറെയാളുകളെ രക്ഷപ്പെടുത്തിയത് ഈ വാഹനങ്ങളിലാണ്. ശേഖരിച്ച ഭക്ഷണസാധനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ കയറ്റി ക്യാന്പുകളില്‍ വിതരണം ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ട്രാക്ടറുകളും സജീവമാണ്.
ടിപ്പര്‍, ടോറസ് വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളായി ഉപയോഗിച്ചു. പോലീസ്, റവന്യു, ആരോഗ്യം, കെഎസ്ഇബി വകുപ്പുകള്‍ ഒന്നിച്ചാണ് ഇത്തരം വാഹനങ്ങളില്‍ സജീവമായത്. ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ എത്തിയതും ഈ പ്രളയത്തില്‍ കാണാന്‍ കഴിഞ്ഞു. തിരുവല്ല തഹസില്‍ദാര്‍ ജോബിന് കെ. ജോര്‍ജ് കഴിഞ്ഞ അഞ്ചു ദിവസവും ഔദ്യോഗിക വാഹനമായി ടിപ്പര്‍ ഉപയോഗിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്.
ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിനു ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ തഹസില്‍ദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പും ഓഫീസും രണ്ട് ആഴ്ച മുന്‍പ് ജപ്തി ചെയ്തിരുന്നു.
റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട്
തിരുവല്ല: ഏറെ വിവാദമായ റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ട് തുടരുന്നു. ഇരട്ടപ്പാത നിലവിൽ വന്നതോടെ കുറ്റൂരിലും ഇരുവെള്ളിപ്രയിലും റെയിൽവേ ഗേറ്റ് ഒഴിവാക്കി അടിപ്പാത റെയിൽവേ നിർമിച്ചുവെങ്കിലും ഇതുവഴിയുള്ള യാത്ര മഴക്കാലത്ത് ദിവസങ്ങളോളം തടസപ്പെടുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതിനോടകം റെയിൽവേ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇവയൊന്നും വിജയിച്ചില്ല. ഇത്തവണയും വെള്ളപ്പൊക്കം വന്നതോടെ അടിപ്പാത മുങ്ങികിടക്കുകയാണ്. രണ്ട് വഴികളിലും ഗതാഗതവും മുടങ്ങി.
റെയിൽവേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയതാണ്. മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാൽ മഴ ശക്തമായി തുടരുന്പോൾ അതും സാധ്യമല്ലെന്നായി. വെള്ളം നിറഞ്ഞാൽ പാത അടച്ചിടാൻ ഗേറ്റ് സ്ഥാപിച്ചിരുന്നു. ഒപ്പം മുന്നറിയിപ്പുമായി അലാറവും കാമറയുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Waterlogging Upper Kuttanad