പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് 10 മുതൽ 15 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഓണം ഖാദി വിപണന മേള സംഘടിപ്പിക്കുന്നു.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ ആകർഷകമായ സമ്മാന പദ്ധതിയുമുണ്ട്.
സമ്മാന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 5,000 രൂപയുടെ ഖാദി ഉത്പന്നങ്ങൾ വാങ്ങാവുന്ന 30 ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നു.
കൂടാതെ, ജില്ലാ തലത്തിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ ഖാദി ഉത്പന്നങ്ങൾ വാങ്ങാവുന്ന 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകുന്നു.
ഓരോ 1,000 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ഉപയോക്താവിനു ലഭിക്കും.
സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും ലഭ്യമാണ്.