യോഗത്തില്‍ മന്ത്രി മോന്‍സ് ജോസഫ് പ്രസംഗിക്കുന്നു.
മുന്‍ വര്‍ഷങ്ങളിലെ കുടിശികയും സമയബന്ധിതമായി നല്‍കും
കോട്ടയം: ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളില്‍ വെള്ളം കയറിയവര്‍ക്കും അര്‍ഹമായ സര്‍ക്കാര്‍ ധനസഹായം പരമാവധി വേഗത്തില്‍ ലഭ്യമാക്കുമെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി ധനസഹായത്തിന് അര്‍ഹതയുള്ളവരുടെ പട്ടിക നല്‍കും. അര്‍ഹതയില്ലാത്ത ഒരാളും തുക കൈപ്പറ്റാതിരിക്കുന്നതിനും നടപടി സ്വീകരിക്കും. പ്രളയബാധിത മേഖലകളില്‍ വീടുകളില്‍ കഴിഞ്ഞവര്‍ക്കും ധനസഹായം ലഭ്യമാക്കും.
മുന്‍വര്‍ഷങ്ങളിലെ പ്രളയ ധനസഹായം കുടിശികയുണ്ടായിരുന്നു. 2024 വരെയുള്ള കുടിശിക അടുത്തിടെ കൊടുത്തുതീര്‍ത്തിട്ടുണ്ട്. 2025ലെ തുകയും വിതരണം ചെയ്യുന്നതിന് നടപടിയുണ്ടാകും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്തിവരികയാണ്. കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള മാനദണ്ഡങ്ങള്‍കൂടി പാലിച്ചായിരിക്കും റിപ്പോര്‍ട്ടുകള്‍ തയാറാക്കുക. ദുരിതാശ്വാസ ക്യാമ്പുകള്‍ സുഗമമായി പ്രവര്‍ത്തിച്ചുവരുന്നു.
ക്യാമ്പുകളില്‍നിന്നും മടങ്ങുന്നവരുടെ വീടുകളുടെ ശുചീകരണത്തിനും കുടിക്കുന്നതിന് ശുദ്ധജലം ഉറപ്പാക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനും വിശദമായ പദ്ധതി തയാറാക്കും.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലും താലൂക്ക് അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു.
എംഎല്‍എമാരായ റോണി കെ. ബേബി, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, വിനു ജോബ്, കെ. ബിനിമോന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് കെ. എം. സാബു മാത്യു, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Reconstruction plan