പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിർമിക്കുന്ന ട്രെയിനീസ് ഹോസ്റ്റൽ, അതിഥി മന്ദിരം, വിദ്യാർഥി ഹോസ്റ്റലുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി.
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല ലോകോത്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വെറ്ററിനറി സർവകലാശലയിൽ നിർമിക്കുന്ന ട്രെയിനീസ് ഹോസ്റ്റൽ, അതിഥി മന്ദിരം, വിദ്യാർഥി ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാല കൂടുതൽ ഗവേഷണ സാധ്യതകളുള്ള മേഖലയാണെന്നും ഗവേഷണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഗവേഷണ സാധ്യതകൾ ഉറപ്പാക്കാൻ എഡ്യുക്കേഷൻ ഡെസ്റ്റിനേഷൻ പോയിന്റാക്കി കാന്പസിനെ മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിക് പ്രോഗ്രാമുകളെ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിന് തൊഴിൽസാങ്കേതിക മേഖലകളിലെ മാറ്റത്തിനനുസൃതമായി പാഠ്യ പദ്ധതികളിൽ മാറ്റങ്ങൾ ഉണ്ടാകണം. സർക്കാർ വിവിധ സെക്ടറുകളിലായി വിദഗ്ധരെ ഉൾപ്പെടുത്തി തൊഴിൽ രംഗത്തെ മാറ്റങ്ങൾ ഗൗരവമായി നിരീക്ഷിക്കുകയാണ്.
മാറ്റങ്ങൾ കൃത്യമായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് കരിക്കുലം പരിഷ്കരിക്കാൻ സർവകലാശാലകൾക്കും കാന്പസുകൾക്കും നിർദേശം നൽകും. ആഗോളതലത്തിലെ തൊഴിൽ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിച്ചിട്ടുണ്ടെന്നും മനുഷ്യനും പ്രകൃതിയും ജന്തുജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ വണ്‍ ഹെൽത്ത് എന്ന ആശയത്തിന് പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെറ്ററിനറി കാർഷിക സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികളുടെ ഗവേഷണ ഫലങ്ങളിൽ പൊതുജനങ്ങളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാൻ ഉതകുന്ന ആശയങ്ങൾ നടപ്പാക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകരെ പിടിച്ചുനിർത്തുന്നത് ക്ഷീരമേഖലയാണെന്നും അതിനാൽ
മേഖലയ്ക്ക് പ്രാധാന്യം നൽകി പാലുത്പാദനം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇനിയൊരു സിദ്ധാർഥ് ഉണ്ടാകാൻ പാടില്ലെന്നും സിദ്ധാർഥിന്റെ ഓർമകൾക്ക് മുന്നിൽ ആദരമർപ്പിച്ച് നിയമസഭാ സമ്മേളനത്തിൽ സിദ്ധാർഥിന്റെ പേരിൽ റാഗിംഗ് വിരുദ്ധ നിയമം പാസാക്കുമെന്നും സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിത ശിശുക്ഷേമ, തൊഴിൽ മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി വെറ്ററിനറി സർവകലാശാല കബനി ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രഫ. ഡോ. കെ. എസ്. അനിൽ, പ്രഫ. ഡോ. സാബിൻ ജോർജ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ്, വൈത്തിരി പഞ്ചായത്ത് അംഗം രജനി രവീന്ദ്രൻ, പ്രഫ. ഡോ. കെ.സി. ബിപിൻ, സി.ആർ. സന്തോഷ്, പ്രഫ. ഡോ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി. ദിനേശ്, പ്രഫ. ഡോ. സി. ലത, പ്രഫ. ഡോ. ടി.എസ്. രാജീവ്, എ.കെ. ദിനേശൻ, എ.വി. ശ്രീജിത്ത്, ഡോ. അർച്ചന ചന്ദ്രൻ, സർവകലാശാല ഭരണസമിതി, മാനേജ്മെന്റ് കൗണ്‍സിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags : Pookode Veterinary University nattu vishesham local news