പെരുമാതുറ: ചിറയിൻകീഴ് പഞ്ചായത്തിലെ പൊഴിക്കര വാർഡിൽ കാട്ടുപന്നി സാന്നിധ്യം. വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ആദ്യമായി കാട്ടുപന്നിയെ കണ്ടത്.
പിന്നീട് രാത്രി ഏഴുമണിക്കുശേഷം വലിയപള്ളി ദർസിനു സമീപമുള്ള റോഡിലൂടെയും പന്നി നടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഒന്നിലധികം കാട്ടുപന്നികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാന്നു നാട്ടുകാർ പറയുന്നത്. സാധാരണയായി കാട്ടുപന്നികളുടെ ശല്യമില്ലാത്ത തീരദേശ മേഖലയിലും ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന പ്രധാന റോഡിലും പന്നികളെ കണ്ടതു വലിയ ആശങ്കയാണ്.
കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഇതു കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരമറിയിച്ചതായി വാർഡ് മെമ്പർ മഞ്ജു അജയൻ അറിയിച്ചു. വനംവകുപ്പുമായി യോജിച്ചു പന്നിയെ തുരത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഒന്നിലധികം പന്നികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നു വാർഡ് മെമ്പർ മഞ്ജു അജയൻ അഭ്യർഥിച്ചു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും, യാതൊരു കാരണവശാലും കുട്ടികളെ തനിച്ചോ അല്ലാതെയോ പുറത്തേക്ക് വിടരുതെന്നും അധികൃത പറഞ്ഞു.