മരോട്ടിച്ചാൽ: പുത്തൂർ - പാണഞ്ചേ രി പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളായ വെള്ളക്കാരിത്തടം, മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെന്നായ്പാറ, തെക്കേകുളം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിൽ പ്രതിഷേധിച്ചാണു മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പള്ളിത്താഴം സെന്ററിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ ധർണ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുത്തൂർ, പാണഞ്ചേരി പഞ്ചാ യത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു സമരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയസമിതി ജോയിന്റ് കൺവീനർ ബി.എസ്. എഡിസൺ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ സിബി അജി, റെജി പുറ്റാനിയിൽ, ജോസി ബേബി, വിവിധ രാ ഷ്ട്രീയ കക്ഷി പ്രതിനിധികളായ ബിജോയ് തോമസ്, ഷിബു പോൾ, പി.എസ്. ബാബു, കനിഷ്കൻ, ബാബു തോമസ്, സമരസമിതി കൺവീനർ ബാബു പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മനുഷ്യജീവനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക്: പഞ്ചായത്ത് പ്രസിഡന്റ്
വടക്കാഞ്ചേരി: മനുഷ്യജീവനെക്കാൾ സർക്കാരുകൾ പ്രാധാന്യം നൽകുന്നതു വന്യമൃഗങ്ങൾക്കാണെന്ന് മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ്് എൻ.എസ്. വർഗീസ് പത്രസമ്മേളനത്തിൽപറഞ്ഞു. മുള്ളൂർക്കര പഞ്ചായത്തിന്റെ വനാതിർത്തി പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനയിറങ്ങുന്നതും കൃഷികൾ നശിപ്പിക്കുന്നതും നിത്യസംഭവമായിമാറിയിരിക്കുകയാണന്നും ജനങ്ങൾ ഭീതിയോടെയാണു ജീവിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ്് പറഞ്ഞു.
കഴിഞ്ഞ ദിവസം വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ ആനകളിറങ്ങി നിരവധി കർഷകരുടെ വിവിധയിനം കൃഷികൾ നശിപ്പിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താതിരുന്നത് മോശമായെന്നും പ്രസിഡന്റ്് പറഞ്ഞു. ഇനിയെങ്കിലും ആനവിഷയം ഉണ്ടാകുമ്പോൾ ചെറുതുരുത്തി - വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിൽനിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നും വർഗീസ് കൂട്ടിചേർത്തു.
തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ തുരങ്കപാത നിർമിച്ചതോടെയാണു ഷോളയാർ വനത്തിൽനിന്നും ആനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്കു കടന്നതെന്നും അകമല ഉൾപ്പടെയുള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ അനാഥാലയങ്ങളായിമാറിയെന്നും അത് ഉടൻ തുറന്നുപ്രവർത്തിക്കാൻവേണ്ട നടപടികൾ ഉടൻ അധികൃതർ കൈക്കൊള്ളണമെന്നും വർഗീസ് പറഞ്ഞു.
കാട്ടാന ശല്യത്തിന് ശ്വാശ്വതപരിഹാരംതേടി പഞ്ചായത്ത് ഭരണസമിതിഅംഗങ്ങൾ വനംമന്ത്രി ഷിബു ബേബിജോണിനെ നേരിൽക്കണ്ട് വിവരങ്ങൾ ധരിപ്പിക്കും. കുതിരാനിൽ അടിയന്തര സോളാർ ഫെൻസിംഗ് നടത്തി ആനകളെ റിവേഴ്സ്ഡ്രൈവ് നടത്തി തിരിച്ചയക്കുന്നതിനായുള്ള ചർച്ചയാണ് പ്രധാനമായും മന്ത്രിയെക്കണ്ട് നടത്തുക.
പിആർടി അംഗങ്ങൾക്ക് ഫോ റസ്റ്റ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് കൂടുതൽ പരിശീലനം നൽകും. യു.ആർ. പ്രദീപ് എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കു നിവേദനം നൽകും. ആനകളെസൂക്ഷിക്കുക എന്നമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റിനെക്കൂടാതെ ഭരണസമിതി അംഗങ്ങളാ യ കെ. നാരായണൻകുട്ടി, കെ.എ. മൊഹിയുദ്ദീൻ, കെ.ഇ. മീന, ജലജ ശശി തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Wild elephant nuisance