കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന അധ്യാപക മാർച്ചും ധർണയും വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള ഏത് ശ്രമത്തെയും ജനകീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി. ശിവൻകുട്ടി. കെഎസ്ടിഎ തിരുവല്ലയിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ പത്ത് വർഷം ഉണ്ടായതെന്ന് ശിവൻകുട്ടി പറഞ്ഞു. ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല, അക്കാദമിക സൗകര്യങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ, അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസത്തോടുള്ള തങ്ങളുടെ നിഷേധാത്മക സമീപനം ആദ്യഘട്ടത്തിൽത്തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് ഒഴിവാക്കാനുള്ള സർക്കാരിന്റെ പുതിയ തീരുമാനം ഇത്തരം ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തിരുത്തുക, അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, ശമ്പള പരിഷ്കരണവും ഡിഎ കുടിശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.
കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജെ. ഷൈൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എസ്. വള്ളിക്കോട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ് സ്വാഗതവും ട്രഷറാർ ഷീജ നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham education achievements