കാസര്‍ഗോഡ്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് ലിഫ്റ്റ് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കാസര്‍ഗോഡ് കൂലിപ്പണി ചെയ്തിരുന്ന കര്‍ണാടക ഹൊസൂര്‍ സ്വദേശി ചന്ദ്രശേഖര്‍ സുരേഷ് പട്ടാട് (38) ആണ് മരിച്ചത്.
കാസർഗോഡ് താമസിച്ച് ജോലി ചെയ്തുവരുന്ന ബന്ധുക്കളും നാട്ടുകാരായ ചിലരും ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം ചന്ദ്രശേഖറിന്റേതാണെന്നു തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10.15 ഓടെടെയാണ് നുള്ളിപ്പാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്.
അടിവസ്ത്രം മാത്രമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളു. വിവരമറിഞ്ഞ് എത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അകത്തും വഴിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റപാടുകളും തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായും പരിശോധനയില്‍ കണ്ടെത്തി.
ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ചന്ദ്രശേഖറിനൊപ്പം താമസിച്ചിരുന്നയാളെ ഇപ്പോള്‍ കണ്മാനില്ല.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
Tags : Young man's death homicide chandrasekhar suresh death