x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
APR
2026

ക്ഷീ​ര​ക​ർ​ഷ​ക​രെ​യും തൊ​ഴു​ത്തി​ൽ കെ​ട്ടി

Editorial Audio


Published: April 21, 2026 12:00 AM IST | Updated: April 20, 2026 11:14 PM IST

ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ൽ പാ​ലി​ന്‍റെ വി​ല കൂ​ട്ടു​ക എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും സ​ർ​ക്കാ​രി​ന്‍റെ ചി​ന്ത​യി​ൽ ഉ​ദി​ക്കു​ന്നി​ല്ലെ​ന്ന​ത് ക​ഴി​വു​കേ​ടാ​ണ്. ക​ന്നു​കാ​ലി വ​ള​ർ​ത്തു​ന്ന​വ​രോ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​രോ ആ​രു​മാ​ക​ട്ടെ ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നി​നു​മി​ല്ലൊ​രു നി​ശ്ച​യ​വും.

നെ​ല്ല് കൊ​യ്ത് പാ​ട​ത്തു കൂ​ട്ടി​യി​ട്ടു ക​ഴി​യു​ന്പോ​ഴാ​ണ് സം​ഭ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച തു​ട​ങ്ങു​ന്ന​ത്. വി​ല സ​മ​യ​ത്തു കി​ട്ടു​ക​യു​മി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രേ പ്ര​ശ്നം, ഒ​രേ ഒ​ഴി​ക​ഴി​വു​ക​ൾ, ഒ​രേ തോ​ൽ​വി. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പെ​ടാ​പ്പാ​ടും സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടും അ​റി​യാ​വു​ന്ന​വ​ർ പാ​ലി​നു ചെ​റി​യ വി​ല​വ​ർ​ധ​ന ഉ​ണ്ടാ​യാ​ലും സ​ഹി​ച്ചേ​ക്കും.

എ​ന്നു​വ​ച്ചാ​ലെ​ന്താ? ന​മ്മു​ടെ ക​ർ​ഷ​ക​രെ നി​ല​നി​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ര​ല്ല, അ​രി​യും പാ​ലും പ​ച്ച​ക്ക​റി​യും മ​റ്റും വാ​ങ്ങു​ന്ന​വ​ർ ത​നി​ച്ചാ​ണെ​ന്ന്. വേ​ന​ൽ​ക്കാ​ല​ത്ത് ക്ഷീ​രോ​ത്പാ​ദ​നം കു​റ​യു​മെ​ന്നും നെ​ല്ല് കൊ​യ്താ​ൽ സം​ഭ​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്കു കാ​ശു​കൊ​ടു​ക്ക​ണ​മെ​ന്നും അ​റി​യാം. പ​ക്ഷേ, പ​രി​ഹ​രി​ക്കാ​ന​റി​യി​ല്ല. ഭ​ര​ണ​പാ​പ്പ​ര​ത്തം..!

ചൂ​ടു​കൊ​ണ്ട് മ​നു​ഷ്യ​ർ​ക്കു മാ​ത്ര​മ​ല്ല, മൃ​ഗ​ങ്ങ​ൾ​ക്കും പൊ​റു​തി​മു​ട്ടി. പ​ച്ച​പ്പു​ല്ലി​നും ജ​ല​ത്തി​നും ക്ഷാ​മ​മാ​യ​തോ​ടെ പാ​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. കാ​ലി​ത്തീ​റ്റ വി​ല​വ​ര്‍​ധ​ന​യും ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ച്ചു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ തൊ​ഴു​ത്തി​ല്‍ ഒ​രു​ക്ക​ണ​മെ​ങ്കി​ല്‍ ചെ​ല​വേ​റും. മൃ​ഗ​ചി​കി​ത്സാ ചെ​ല​വ് കൂ​ടി.

ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​തോ​ടെ പ​ശു​ക്ക​ള്‍​ക്ക് അ​കി​ടു​വീ​ക്കം ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​മേ​റി. പ​ച്ച​പ്പു​ല്ല് കി​ട്ടാ​താ​യ​തോ​ടെ പ​ശു​ക്ക​ള്‍​ക്കു ന​ല്കു​ന്ന​തു വൈ​ക്കോ​ലാ​ണ്. അ​തോ​ടെ പാ​ൽ കു​റ​ഞ്ഞു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ കാ​ലി​ത്തീ​റ്റ കൂ​ടു​ത​ലാ​യി ന​ല്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, വി​ല​വ​ര്‍​ധ​ന തി​രി​ച്ച​ടി​യാ​യി. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ചോ​ള​ത്ത​ണ്ടു​ക​ള്‍ എ​ത്തു​ന്ന​തും കു​റ​ഞ്ഞു.

സ്വ​കാ​ര്യ​ക​മ്പ​നി​ക​ളു​ടെ 50 കി​ലോ​ഗ്രാം ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 1,500 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് വി​ല. 20 കി​ലോ​ഗ്രാം റോ​ള്‍ വൈ​ക്കോ​ലി​ന് 240-260 രൂ​പ. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഇ​വ എ​ത്തി​ക്കു​ന്ന​തി​നു വ​ണ്ടി​ക്കൂ​ലി​യും മ​റ്റു പ​ണി​ച്ചെ​ല​വു​ക​ളും വേ​റെ.

ജ​ല​ക്ഷാ​മ​വും തി​രി​ച്ച​ടി​യാ​യി. പ​ശു​വി​നു ദി​വ​സം 100 ലി​റ്റ​റി​ല്‍ അ​ധി​കം വെ​ള്ളം കു​ടി​ക്കാ​ന്‍ ന​ല്ക​ണം. കു​ളി​പ്പി​ക്കാ​നും വേ​ണം വെ​ള്ളം. ന​ന്നാ​യി കു​ളി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ രോ​ഗ​സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ലി​റ്റ​റി​ന് 50 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലേ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കൂ​വെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ന​ഷ്ടം സ​ഹി​ച്ചു മ​ടു​ത്ത​വ​ർ ഈ ​പ​ണി നി​ർ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വി​ച്ച​ത​ല്ല ഇ​തൊ​ന്നും. മ​റ്റു വ​രു​മാ​ന​മു​ള്ള​വ​രും കാ​ലി​വ​ള​ർ​ത്ത​ലി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും വ​ൻ​കി​ട​ക്കാ​രും​പോ​ലും ലാ​ഭ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നാ​യി. പ​ക്ഷേ, ഇ​തു​കൊ​ണ്ടു മാ​ത്രം ക​ഴി​യു​ന്ന​വ​രോ? മൂ​ന്നു വ​ര്‍​ഷ​മാ​യി പാ​ല്‍​വി​ല കൂ​ട്ടി​യി​ട്ടി​ല്ല. 29ന് ​ചേ​രു​ന്ന മി​ല്‍​മ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ പാ​ല്‍​വി​ല കൂ​ട്ടാ​ന്‍ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. അ​തു മാ​ത്ര​മേ സ​ർ​ക്കാ​രി​ന് അ​റി​യൂ.

പാ​ൽ​വി​ല വ​ർ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ക്ഷീ​ര​ക​ർ​ഷ​ക​രെ​യും, വ​ർ​ധി​പ്പി​ച്ചാ​ൽ പാ​വ​പ്പെ​ട്ട​വ​രെ​യും ബാ​ധി​ക്കും. വി​ല​വ​ർ​ധ​ന​യ​ല്ലാ​തെ മ​റ്റൊ​രു പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു സ​ർ​ക്കാ​ർ ചി​ന്തി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രും സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ പ്ര​തി​സ​ന്ധി​ക​ൾ അ​പ്പ​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഒ​രു കാ​ര്യ​വു​മി​ല്ല.

ഒ​രു ലി​റ്റ​ർ പാ​ലി​ന്‍റെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 60 രൂ​പ​യി​ലേ​റെ​യാ​ണ്. എ​ന്നാ​ൽ, പാ​ൽ സൊ​സൈ​റ്റി​ക​ൾ സം​ഭ​രി​ക്കു​ന്ന​ത് 42 രൂ​പ​യ്ക്കാ​ണ്. 2019ൽ​പോ​ലും ഒ​രു ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ 48.68 രൂ​പ​യു​ടെ ചെ​ല​വു​ണ്ടെ​ന്ന് മി​ൽ​മ​ത​ന്നെ ക​ണ്ടെ​ത്തി​യ​താ​ണ്.

ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലും കു​റ​ച്ച് ഉ​ത്പ​ന്നം വി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​ര​ല്ലാ​തെ ആ​രു​ണ്ട്? ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും രാ​പ​ക​ൽ അ​ധ്വാ​ന​ത്തി​നു​കൂ​ടി കൂ​ലി നി​ശ്ച​യി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചൂ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​യും. ഈ ​ക​ർ​ഷ​ക​ർ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ വ​ല്ല​പ്പോ​ഴും പാ​ൽ​വി​ല കൂ​ട്ടി​യാ​ൽ പോ​രാ. സാ​ന്പ​ത്തി​ക​സ​ഹാ​യ​വും സ​ബ്സി​ഡി​യു​മൊ​ക്കെ വ​ർ​ധി​പ്പി​ക്ക​ണം.

വേ​ന​ൽ​കാ​ല​ത്ത് പ്ര​ത്യേ​ക സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം. അ​പ്ര​തീ​ക്ഷി​ത ന​ഷ്ട​ങ്ങ​ളെ ഏ​റ്റെ​ടു​ക്ക​ണം. ന​മ്മു​ടെ കാ​ലി​ത്തൊ​ഴു​ത്തു​ക​ളും നെ​ൽ​പാ​ട​ങ്ങ​ളും കൃ​ഷി​ത്തോ​ട്ട​ങ്ങ​ളു​മൊ​ക്കെ വി​ഷാ​ദ​ത്തി​ന്‍റെ വി​ള​നി​ല​ങ്ങ​ളാ​ണെ​ന്ന്, വ​രു​ന്ന സ​ർ​ക്കാ​ർ ഏ​താ​യാ​ലും തി​രി​ച്ച​റി​യ​ണം.

ക​ർ​ഷ​ക​ർ കൊ​ഴി​യു​ന്ന​തോ​ടെ ക്ഷീ​ര​സം​ഘ​ങ്ങ​ളും അ​ട​യു​ക​യാ​ണ്. അ​ഞ്ചു വ​ർ​ഷം മു​ന്പ് 13 ല​ക്ഷം പ​ശു​ക്ക​ൾ സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ഒ​ന്പ​തു ല​ക്ഷ​മാ​യി. ഈ ​പോ​ക്ക് നാ​ശ​ത്തി​ലേ​ക്കാ​ണ്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പാ​ല്‍, കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ത്തു​ന്ന​തു​കൊ​ണ്ട് ചാ​യ​കു​ടി മു​ട്ടു​ന്നി​ല്ല. പ​ക്ഷേ, ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​ണ്.

ക്ഷീ​ര​വ​കു​പ്പും മ​ന്ത്രി​യും മി​ൽ​മ ഭ​രി​ക്കു​ന്ന​വ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന​ല്ല. പ​ക്ഷേ, ആ​ർ​ക്കാ​ണു ഗു​ണ​മെ​ന്ന​റി​യാ​ൻ ഗ​വേ​ഷ​ണം ന​ട​ത്ത​ണം. ക്ഷീ​ര​ക​ർ​ഷ​ക​രെ ര​ഹ​സ്യ​ത്തി​ൽ ച​തി​ക്കു​ന്ന​വ​രു​ടെ പ​ര​സ്യ​മാ​ണ് ‘കേ​ര​ളം ക​ണി ക​ണ്ടു​ണ​രു​ന്ന ന​ന്മ!’ ഒ​ന്നു​കി​ൽ പ​ര​സ്യം മാ​റ്റ് അ​ല്ലെ​ങ്കി​ൽ പെ​രു​മാ​റ്റം മാ​റ്റ്.

Tags : DEEPIKA EDITORIAL

Recent News

Corehub Up