x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25
APR
2026

ന​ര​ക​ക്കു​ഴി​യ​ല്ലി​ത്, ദൈ​വ​നാ​ട് കേ​ര​ളം

Editorial Audio


Published: April 25, 2026 12:00 AM IST | Updated: April 24, 2026 09:47 PM IST

എ​ന്താ​ണീ പ​റ​യു​ന്ന​ത്? ന​മു​ക്കു കൈ ​കോ​ർ​ക്കാ​ൻ, ഒ​ന്നി​ച്ചൊ​രു പാ​ട്ടു പാ​ടാ​ൻ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ​ന​ന്ദ​നൃ​ത്ത​മാ​ടാ​ൻ അ​വ​രു​ടെ അ​നു​മ​തി വേ​ണ​മെ​ന്നോ? പ്ര​ള​യ​ങ്ങ​ളും മ​ഹാ​മാ​രി​ക​ളും മ​തം നോ​ക്കാ​തെ പ്രാ​ണ​നെ​ടു​ക്കാ​ൻ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ൾ കൈ​കോ​ർ​ത്ത സ​ഹോ​ദ​ര​ങ്ങ​ള​ല്ലേ നാം. ​പ്ര​ള​യ​ത്തി​ലൊ​ഴു​കി​പ്പോ​യ ജീ​വ​നു ക​ണ​ക്കി​ല്ല. കോ​വി​ഡി​ൽ മ​ര​ണം മ​ഴ​പോ​ലെ പെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്നൊ​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കും മ​സ്ജി​ദി​ലേ​ക്കും ഇ​വ​രാ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. കൊ​റോ​ണ​യെ പേ​ടി​ച്ച്, സ്വ​ന്തം മ​ത​ക്കാ​ര​നെ ശു​ശ്രൂ​ഷി​ക്കാ​നോ ശ​വ​മ​ട​ക്കാ​നോ​പോ​ലും മാ​ള​ത്തി​ൽ​നി​ന്നി​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ ഒ​രു പാ​ട്ടി​ൽ​നി​ന്നു മ​ത​ത്തെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്!

പ​ക്ഷേ, ന​മ്മ​ളൊ​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് യു​വാ​ക്ക​ളു​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷ​വ്യാ​പാ​രി​ക​ൾ​ക്കു പൊ​ങ്കാ​ല​യി​ടു​ന്നു. സ്നേ​ഹ​ത്തി​ന്‍റെ വി​രു​ന്നൊ​രു​ക്കു​ന്നു. ആ​രാ​ധ​നാ​ല​യ​മു​റ്റ​ങ്ങ​ളി​ൽ സ​ഹോ​ദ​ര​മ​ത ഭ​ക്തി​ഗാ​ന​ങ്ങ​ൾ കേ​ട്ട് നൃ​ത്ത​മാ​ടു​ന്ന വി​ശ്വാ​സി​ക​ളു​ടെ വീ​ഡി​യോ​ക​ൾ കു​ത്തി​പ്പൊ​ക്കി സാ​ഹോ​ദ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​താ​ണു ഞ​ങ്ങ​ളു​ടെ കേ​ര​ള​മെ​ന്ന് ആ​ർ​പ്പു​വി​ളി​ക്കു​ന്നു... അ​തേ, കേ​ര​ളം ന​ര​ക​ക്കു​ഴി​യ​ല്ല, ദൈ​വ​നാ​ടാ​ണ്.

കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ൽ ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് ഭ​ജ​ന​സം​ഘം ഒ​രു ക്രി​സ്ത്യ​ൻ പാ​ട്ട് പാ​ടി​യ​ത് ഭൂ​രി​പ​ക്ഷ​വും ഹി​ന്ദു​ക്ക​ളാ​യ ശ്രോ​താ​ക്ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യും ക​ര​ഘോ​ഷ​ത്തോ​ടെ​യു​മാ​യി​രു​ന്നു. “ഈ ​പ​ര​ദേ​വ​ന​ഹോ ന​മു​ക്ക് പ​രി​ത്രാ​ണ​ന​ത്തി​ൻ അ​ധി​പ​ൻ” എ​ന്നു പാ​ടും​മു​ന്പ് ഗാ​യ​ക​ൻ ന​വീ​ൻ മോ​ഹ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: “ ഞാ​ൻ എ​ൽ​കെ​ജി മു​ത​ൽ പ​ഠി​ച്ച​ത് ഇ​വി​ട​ത്തെ പ​ള്ളി സ്കൂ​ളി​ലാ​ണ്. ന​മ്മു​ടെ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ. എ​ന്‍റെ കു​റേ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ ഇ​വി​ടെ​യു​ണ്ട്. ഈ ​ഭ​ജ​ന ന​ട​ക്കു​ന്പോ​ൾ തി​ര​ക്കു​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞി​ട്ട് ന​മു​ക്കു​വേ​ണ്ടി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​ക്കെ ഒ​രു​ക്കി​ത്ത​ന്ന​ത് ഈ ​പ​ള്ളി ഗ്രൗ​ണ്ടി​ലാ​ണ്. ദേ​ശ​വി​ള​ക്ക് അ​ടു​ത്ത ദി​വ​സ​മു​ണ്ട്. അ​തി​വി​ടെ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ പ​ള്ളി​യി​ലും വി​ള​ക്കു ക​ത്തി​ക്കാ​റു​ണ്ട്. അ​ങ്ങ​ന​ത്തെ ഒ​രു നാ​ടാ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ​മെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് എ​ന്തൊ​ക്കെ​യോ പ്ര​ശ്നം​പോ​ലെ ക​മ​ന്‍റു​ക​ൾ വ​രാ​റു​ണ്ട്. അ​ങ്ങ​നെ​യൊ​ന്നും അ​റി​യി​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ച മ​നു​ഷ്യ​ന്മാ​രാ​ണ് ന​മ്മ​ൾ. ഭ​ജ​ന കേ​ൾ​ക്കാ​ൻ​വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക്രി​സ്ത്യ​ൻ​സ് ആ​യി​ട്ടു​ള്ള, എ​ന്നെ പ​ഠി​പ്പി​ച്ച ടീ​ച്ചേ​ഴ്സ്, സി​സ്റ്റേ​ഴ്സ് ഒ​ക്കെ ഇ​വി​ടെ വ​ന്നി​ട്ടു​ണ്ട്. അ​വ​രൊ​ക്കെ ഇ​വി​ടെ ഉ​ണ്ടാ​കും. ഒ​രു കാ​ര്യ​ത്തി​ലും വ്യ​ത്യാ​സ​ങ്ങ​ൾ കാ​ണാ​ത്ത ഒ​രു നാ​ടാ​ണി​ത്. അ​പ്പോ ന​മു​ക്കു​വേ​ണ്ടി ഇ​ത്ര​യും സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തു​ത​ന്ന അ​വ​ർ​ക്കു​വേ​ണ്ടി ഒ​രു പാ​ട്ട് ന​മു​ക്ക് പാ​ടാ​മ​ല്ലോ അ​ല്ലേ?” കൈ​യ​ടി​ക​ൾ​ക്കി​ട​യി​ൽ പാ​ട്ടു തു​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​ത് എ​ത്ര ന​ല്ല കേ​ര​ള സ്റ്റോ​റി​യാ​ണെ​ന്ന് ആ​ളു​ക​ൾ ചി​ന്തി​ച്ചും പ​റ​ഞ്ഞും മു​ന്നേ​റ​വേ​യാ​ണ് അ​പ​ശ​ബ്ദ​മു​യ​ർ​ന്ന​ത്. “ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് കു​ന്തി​രി​ക്കം ഭ​ജ​ൻ​സ് ആ​യ​തെ​ങ്ങ​നെ?” തൊ​ട്ടു​പി​ന്നാ​ലെ സ്ഥി​രം വി​ദ്വേ​ഷ​വേ​ദി​ക​ൾ മൈ​ക്കു​ക​ളെ​ടു​ത്തു. “ഭ​ജ​ന​യെ​ന്നാ​ൽ ഗാ​ന​മേ​ള​യ​ല്ല, പ​ള്ളി​മു​റ്റ​ത്താ​ണെ​ങ്കി​ൽ ഹി​ന്ദു​ഭ​ക്തി​ഗാ​നം പാ​ടു​മോ...?” പ​തി​വു​പോ​ലെ ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ സം​ഘ​ട​ന​യും ‘പ​ണി’​ക്കി​റ​ങ്ങി. പ​ക്ഷേ, പ​തി​വി​നു വി​പ​രീ​ത​മാ​യി മ​ത​വി​ശ്വാ​സി​ക​ളി​ൽ നി​ര​വ​ധി​പ്പേ​ർ മ​റു​പ​ടി പ​റ​യാ​ൻ ധൈ​ര്യം കാ​ണി​ച്ചു. പെ​രു​ന്നാ​ളി​നു പ​ള്ളി​മു​റ്റ​ത്ത് അ​യ്യ​പ്പ​ഭ​ക്തി​ഗാ​നം പാ​ടു​ന്ന​തും ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ആ​ളു​ക​ൾ ഇ​ള​കി​യാ​ടു​ന്ന​തു​മാ​യ വീ​ഡി​യോ​ക​ളു​മു​ൾ​പ്പെ​ടെ എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും സൗ​ഹൃ​ദ​ക്കാ​ഴ്ച​ക​ൾ പു​റ​ത്തു​വ​ന്നു. ഹി​ന്ദു, ക്രി​സ്ത്യ​ൻ, മു​സ്‌​ലിം ഭ​ക്തി​ഗാ​ന​ങ്ങ​ളെ​ഴു​തി മ​ല​യാ​ളി​യെ ന​മ്ര​ശി​ര​സ്ക​രാ​ക്കി​യ ശ്രീ​കു​മാ​ര​ൻ ത​ന്പി, യേ​ശു​ദാ​സി​ന്‍റെ ‘ഹ​രി​വ​രാ​സ​നം’ കേ​ട്ട് പ​ള്ളി​യു​റ​ങ്ങു​ന്ന ശ​ബ​രി​ഗീ​രി​ശ​നെ​ക്കു​റി​ച്ചും, ഉ​സ്താ​ദ് ബി​സ്മി​ല്ലാ​ഖാ​ന്‍റെ ഷെ​ഹ​നാ​യ് കേ​ൾ​ക്കു​ന്ന കാ​ശി വി​ശ്വാ​ഥ​നെ​ക്കു​റി​ച്ചും, യൂ​സ​ഫ​ലി കേ​ച്ചേ​രി​യെ​ഴു​തി​യ കൃ​ഷ്ണ​ഭ​ക്തി​ഗാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു. പ​ക്ഷേ, വി​ഷ​പ്ര​ചാ​ര​ണ​ത്തെ ക​ല​യാ​ക്കി​യ​വ​രും കൂ​ട്ടാ​ളി​ക​ളും അ​ട​ങ്ങു​ന്നി​ല്ല. അ​വ​ർ വി​ഭ​ജ​ന​രാ​ഷ്‌​ട്രീ​യം പ​യ​റ്റു​ക​യാ​ണ്. ശ്ര​ദ്ധി​ച്ചാ​ല​റി​യാം, സ്ഥി​ര​മാ​യി ഇ​ത​ര മ​ത​വി​ദ്വേ​ഷം പ​റ​യു​ന്ന​വ​രും ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​വ​രും ത​ന്നെ​യാ​ണ് ഇ​ത്. ഇ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​യ​റി​നോ​ക്കു​ക, വെ​റു​പ്പ​ല്ലാ​തൊ​ന്നും വി​ല്പ​ന​യ്ക്കി​ല്ല. ഈ ​രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ കേ​ര​ളം സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യം മു​റു​കെ​പ്പി​ടി​ക്ക​ണം.

അ​വ​ർ മ​റ​ക്കാ​ൻ പ‍​റ​യു​ന്ന​ത് ന​മ്മ​ൾ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം. ഒ​ന്നി​ച്ച​തി​നാ​ൽ മാ​ത്രം ജ​യി​ച്ച യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചു മ​ക്ക​ളോ​ടു പ​റ​യ​ണം. ഒ​രു മേ​ൽ​ക്കൂ​ര​യ്ക്ക​ടി​യി​ൽ ഉ​ണ്ടു​മു​റ​ങ്ങി​യും ക​ഴി​ഞ്ഞ നാ​ളു​ക​ൾ! പെ​രു​മ​ഴ​യു​ടെ താ​ള​ത്തി​ലും മ​ഹാ​മാ​രി​യു​ടെ ഈ​ണ​ത്തി​ലു​മൊ​രു​ങ്ങി​യ ദുഃ​ഖ​ഗീ​ത​ങ്ങ​ൾ കേ​ര​ള​ത്തെ ഈ​റ​ന​ണി​യി​ച്ച കാ​ല​ത്തെ​ക്കു​റി​ച്ച്. കി​ട്ടി​യ പൊ​തി​ച്ചോ​ർ പ​ങ്കു​വ​ച്ച​വ​ർ, എ​ന്‍റെ വീ​ട് നി​ന്‍റേ​തു​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച​വ​ർ, വി​ല ത​രേ​ണ്ടെ​ന്നു പ​റ​ഞ്ഞ് ക​ട​ക​ൾ തു​റ​ന്നി​ട്ട​വ​ർ..! മ​റ​ക്ക​രു​ത്, ക്ഷേ​ത്ര-​പ​ള്ളി-​മ​സ്ജി​ദ് കെ​ട്ടി​ട​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ക്ക​പ്പെ​ട്ട നാ​ളു​ക​ൾ! അ​ക്കാ​ല​ത്ത് വ​ള്ള​ത്തി​ൽ​നി​ന്നു വെ​ള്ള​ത്തി​ൽ വീ​ഴാ​തി​രി​ക്കാ​ൻ മു​തു​കു കാ​ട്ടി​ക്കൊ​ടു​ത്ത​വ​രെ​ക്കു​റി​ച്ചു പ​റ​യ​ണം. ഓ​ഖി വീ​ശി​യ ക​ട​ലാ​ഴ​ങ്ങ​ളി​ൽ​നി​ന്നു സെ​മി​ത്തേ​രി​യി​ലേ​ക്കെ​ടു​ത്ത പ്രി​യ​പ്പെ​ട്ട​വ​രു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ക​ണ്ണീ​രു​ണ​ങ്ങും​മു​ന്പേ പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ അ​പ​ര​നെ പൊ​ക്കി​യെ​ടു​ക്കാ​ൻ വ​ള്ള​ങ്ങ​ളു​മാ​യി​റ​ങ്ങി​യ മീ​ൻ​പി​ടി​ത്ത​ക്കാ​രെ​ക്കു​റി​ച്ചു പ​റ​യ​ണം. ക​രു​ത്താ​യ സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച്, രാ​വും പ​ക​ലും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര​ക്കം​പാ​ഞ്ഞു ന​ട​ന്ന ജെ​ൻ​സി​യെ​ക്കു​റി​ച്ച്, കോ​വി​ഡ് ബാ​ധി​ച്ചു പി​ട​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ ആ​തു​ര​ശു​ശ്രൂ​ഷ​ക​രെ​ക്കു​റി​ച്ചു പ​റ​യ​ണം... ഈ ​കേ​ര​ള​ത്ത ന​മു​ക്കെ​ങ്ങ​നെ​യാ​ണ് ഒ​രു പാ​ട്ടു​കൊ​ണ്ട് വി​ഭ​ജി​ക്കാ​നാ​കു​ന്ന​ത്.

ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ർ പ​രി​യാ​ര​ത്തു​നി​ന്നു വ​ന്ന ഒ​രു വാ​ർ​ത്ത​കൂ​ടി ചൂ​ണ്ടി​ക്കാ‌​ട്ടാം. പ​രി​യാ​രം ഏ​മ്പേ​റ്റ് അ​മ്പേ​റ്റു​കാ​വ് കി​രാ​തേ​ശ്വ​ര ക്ഷേ​ത്രോ​ത്സ​വ പ​രി​പാ​ടി​ക്കാ​യി ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പ​രി​യാ​രം സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി മ​തി​ൽ പൊ​ളി​ച്ചു​കൊ​ടു​ത്ത് സൗ​ക​ര‍്യ​മൊ​രു​ക്കി. ക​ലാ​പ​രി​പാ​ടി ന​ട​ത്താ​നും പാ​ർ​ക്കിം​ഗി​നു​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര‍്യം പ​ള്ളി​ക്ക​മ്മി​റ്റി രൂ​പ​താ​ധ‍്യ​ക്ഷ​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി ചെ​യ്ത​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലും ന​ട​ത്തു​ന്ന പൂ​ജ​ക​ളെ​യും പ്രാ​ർ​ഥ​ന​ക​ളെ​യും കു​റി​ച്ച​ല്ല നാം ​പ​റ​യു​ന്ന​ത്. അ​തൊ​ക്കെ അ​തി​ന്‍റെ ത​നി​മ​യോ​ടെ ന​ട​ക്ക​ട്ടെ. പ​ക്ഷേ, പു​റ​ത്ത് ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ത​ര മ​ത​സ്ഥ​രും നി​രീ​ശ്വ​ര​വാ​ദി​ക​ളു​മൊ​ക്കെ​യു​ണ്ടാ​കും. അ​വ​ർ ന​മ്മു​ടെ അ​തി​ഥി​ക​ളാ​ണ്. അ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​തെ ഒ​റ്റ​യ്ക്ക് ആ​ഘോ​ഷി​ക്കു​ന്ന ശാ​ഠ്യ​ങ്ങ​ളാ​ണ് വി​ശ്വാ​സ​മെ​ന്നു ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ നാം ​തി​രു​ത്തേ​ണ്ട​തു​ണ്ട്.

ഉ​ഷ്ണ​കാ​ല​മാ​ണ്; വീ​ടു​ക​ൾ​ക്ക്, എ​ന്തി​ന് സ്നേ​ഹ​ത്ത​ണു​പ്പു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക​ടു​ത്തു​പോ​ലും ആ​പ​ത്തു​ക​ളെ​ത്തും. മ​ന​സു​പോ​ലെ പ​രി​സ​ര​ങ്ങ​ളും മാ​ലി​ന്യ​മൊ​ഴി​വാ​ക്കി സൂ​ക്ഷി​ക്കു​ക. ജാ​ഗ്ര​ത വേ​ണ​മെ​ന്നു മ​ക്ക​ളോ​ടും പ​റ​യു​ക. ഈ ​കാ​ല​ത്തെ​യും ന​മു​ക്ക് ഒ​ന്നി​ച്ചു​നി​ന്ന് അ​തി​ജീ​വി​ക്ക​ണം.

Tags : DEEPIKA EDITORIAL

Recent News

Corehub Up