Editorial Audio
ഇന്നലെ പുറത്തുവന്ന ഒരു വാർത്ത മലയാളിയെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്. സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ മലയാളി എന്നീ ക്ലീഷെകൾ അറബിക്കടലിലെറിയാൻ നേരമായി എന്നതിന്റെ സൂചന. തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ വിലകെട്ട മലയാളി എന്ന ലേബലാകും നെറ്റിയിൽ പതിയുക. വരുമാനപരിധിക്ക് പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡ് പട്ടികയിൽനിന്ന് പുറത്താകുന്നു എന്നതാണ് വാർത്ത. കേന്ദ്രസർക്കാരാണ് സംസ്ഥാനത്തെ ഈ ‘മിടുക്കരെ’ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ രേഖകളുടെ അടിസ്ഥാനത്തിൽ, ഉയർന്ന വരുമാനമുള്ള ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ആധാർ നമ്പർ വഴി ബാങ്ക് ഇടപാടുകൾ, വസ്തു-വാഹന രജിസ്ട്രേഷൻ എന്നിവ ബന്ധിപ്പിച്ചതും നിർമിതബുദ്ധി ഉപയോഗിച്ചു നടത്തിയതുമായ പരിശോധനയാണ് അനർഹരെ കണ്ടെത്താൻ സഹായിച്ചത്.
ബിപിഎൽ യോഗ്യതാ മാനദണ്ഡങ്ങൾ വളരെ വ്യക്തമാണ്. ആദായനികുതിദായകരാകാൻ പാടില്ല, പ്രതിമാസ വരുമാനം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം രൂപ) അതിൽ കൂടുതലോ ആകരുത്, നാലുചക്ര വാഹനമോ 0.40 ഹെക്ടറിൽ കൂടുതൽ ഭൂമിയോ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉണ്ടാകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 86,000 കുടുംബങ്ങൾ ഇതിന്റെ നഗ്നമായ ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. അനർഹർക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ട ശേഷം ബിപിഎൽ പട്ടികയിൽനിന്ന് ഒഴിവാക്കുകയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.
അർഹതയില്ലാത്തത് നേടിയെടുക്കുന്നവരും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ സാധിക്കുന്നവരും സമർഥരാകുകയും അതിനു സാധിക്കാത്തവർ അവരെ അസൂയയോടെ നോക്കുന്നവരാകുകയും ചെയ്യുന്ന, ലജ്ജയും സാമൂഹികബോധവും കൈമോശം വന്ന സമൂഹമാകുകയാണോ നമ്മൾ? ക്ഷേമരാഷ്ട്രസങ്കല്പത്തിൽ പാവപ്പെട്ടവർക്കും അരികുവിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാകില്ല. അർഹരെ കണ്ടെത്തി സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. എന്നാൽ, അതിലേക്ക് നുഴഞ്ഞുകയറുന്ന ‘അതിസമർഥർ’ ക്ഷേമരാഷ്ട്ര സങ്കല്പത്തെത്തന്നെയാണ് അട്ടിമറിക്കുന്നത്. അത്തരക്കാർക്കുള്ള ശിക്ഷ കേവലം പിഴയിലൊതുക്കിയാൽ മതിയോ എന്നുപോലും ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.
‘സർക്കാരിൽനിന്നു കിട്ടുന്നതെല്ലാം ലാഭം’ എന്ന അവിവേകമാണ് ഇക്കൂട്ടരിൽ മുന്നിട്ടു നിൽക്കുന്നത്. ഒരു ലോറി മറിഞ്ഞ് വിലപിടിപ്പുള്ളതെന്തെങ്കിലും റോഡിൽ വീണാൽ അപകടത്തിൽപ്പെട്ടവരെ മറന്ന് അതു പെറുക്കാൻ ഓടിക്കൂടുന്ന ദൃശ്യങ്ങൾ കാണാറുണ്ട്. അതുപോലെതന്നെയാണ് തങ്ങൾക്ക് അർഹതയില്ലാത്ത സൗജന്യ റേഷൻ ആനുകൂല്യങ്ങൾ വ്യാജരേഖകളിലൂടെ കൈക്കലാക്കുന്നതും.
ഇത് സമൂഹത്തിലെ അർഹരായ നിർധനരോട് കാണിക്കുന്ന വലിയൊരു അനീതികൂടിയാണ്. ഒരാൾ അനർഹമായി മുൻഗണനാ കാർഡ് കൈവശം വയ്ക്കുമ്പോൾ, യഥാർഥത്തിൽ പട്ടിണിയിലായ മറ്റൊരു നിർധന കുടുംബമാണ് പുറത്താകുന്നത്. ധനതത്വശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച മിൽട്ടൺ ഫ്രീഡ്മാൻ അനശ്വരമാക്കിയ പ്രശസ്തമായ ഒരു ചൊല്ലുണ്ട്; “There is no such thing as a free lunch” (സൗജന്യമായി ആർക്കും ഒന്നും ലഭിക്കുന്നില്ല). സർക്കാർ നൽകുന്ന ഓരോ സൗജന്യത്തിന്റെയും ഭാരം പരോക്ഷ നികുതി കൂട്ടിയോ അത്യന്താപേക്ഷിതമായ വികസന പദ്ധതികളുടെ തുക വെട്ടിക്കുറച്ചോ ജനങ്ങളിൽനിന്നുതന്നെ ഈടാക്കുകയാണ്. അതായത്, സൗജന്യമായി ഇന്ന് നേടുന്ന ആനുകൂല്യങ്ങൾക്ക് പകരമായി നാളത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയുമാണ് നമ്മൾ ബലികഴിക്കുന്നത്.
സൗജന്യങ്ങളോടും ഓഫറുകളോടുമുള്ള മലയാളിയുടെ അമിതമായ ആകർഷണത്തെക്കുറിച്ചുള്ള ചിന്തകളും പങ്കുവയ്ക്കേണ്ടതുണ്ട്. വെറും സാമ്പത്തിക ലാഭക്കൊതി മാത്രമല്ല അതിനു പിന്നിൽ. മനഃശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ കൃത്യമായ കാരണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില ‘സീറോ’ ആകുമ്പോൾ ഗുണനിലവാരമോ ആവശ്യകതയോ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മനുഷ്യമനസ് പെട്ടെന്ന് പ്രേരിപ്പിക്കപ്പെടുന്നു. സൗജന്യങ്ങൾ നേടുമ്പോൾ കിട്ടുന്ന സന്തോഷവും മറ്റുള്ളവർക്കു കിട്ടുന്നത് എനിക്കു കിട്ടാതെപോകുമോ എന്ന ഭയവും മലയാളിയെ യുക്തിസഹമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചില സൗജന്യങ്ങൾ സ്വന്തമാക്കാൻ പരക്കംപായുന്നവർ വലിയ തട്ടിപ്പുകൾക്ക് ഇരയാകുന്നതും പതിവാണ്.
സൗജന്യങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന കൃത്രിമമായ സന്തോഷത്തെയാണ് തത്പരകക്ഷികൾ കൃത്യമായി മുതലെടുക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുമ്പോൾ തിരിച്ച് ഒരു കടപ്പാട് കാണിക്കാൻ മനുഷ്യർ ബാധ്യസ്ഥരാകുന്നു എന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് സിയാൽഡിനി പറയുന്നത്. ഈ കടപ്പാടിനെയാണ് കിറ്റുകളും സൗജന്യ വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കി മാറ്റുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു കാഴ്ചയാണ് ലഭിക്കുക. വരുമാനത്തിന്റെ വലിയൊരു ഭാഗം ജനപ്രിയ സൗജന്യങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ സംസ്ഥാനങ്ങൾ വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. ഇത്തരം സൗജന്യങ്ങൾ ഉത്പാദനക്ഷമമായ ആസ്തികളോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്ന അവസ്ഥ വരുമ്പോൾ അധ്വാനിക്കാനും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കാനുമുള്ള ജനങ്ങളുടെ താത്പര്യം കുറയുകയും ചെയ്യും.
പിടിക്കപ്പെടുമ്പോൾ മാത്രം പിഴയൊടുക്കാൻ നിർബന്ധിതരാകുന്നതിനേക്കാൾ പ്രധാനം, പൗരന്മാരിൽ ഉണ്ടാകേണ്ട ധാർമിക ബോധമാണ്. തങ്ങൾക്ക് അർഹതയില്ലാത്തവ സ്വമേധയാ വേണ്ടെന്നു വയ്ക്കാനുള്ള സന്മനസും പൗരബോധവുമാണ് മലയാളിസമൂഹം വളർത്തിയെടുക്കേണ്ടത്.
Tags : DEEPIKA EDITORIAL