Editorial Audio
സുപ്രീംകോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാരെ കൊളീജിയത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നിയമിക്കുന്നത്.’’- മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ. ചന്ദ്രു (ഒക്ടോബർ 10, ചെന്നൈ). ഒറ്റപ്പെട്ടതല്ല, ജസ്റ്റീസ് ചന്ദ്രുവിന്റെ വാക്കുകൾ. ഇന്ത്യയിലെ പ്രമുഖ ന്യായാധിപർ ഏതാനും വർഷങ്ങളായി ഉന്നയിക്കുന്ന ആശങ്കകളിൽ മൂർച്ചയേറിയ ഒന്നു മാത്രം. ചരിത്രത്തിലെ ഏറ്റവും സംശയനിഴലിലായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേയുള്ള പരാതികളൊക്കെയും കോടതികൾ അവഗണിച്ചതോടെയാണ് ജനം തെരുവിലിറങ്ങിയത്. ജുഡീഷ്യറിയെന്ന ജനാധിപത്യത്തിന്റെ ഒടുവിലത്തെ തൂണും വീഴുംമുന്‍പ് ജാഗ്രത പാലിക്കാൻ സമയമായിരിക്കുന്നു.
അങ്ങേയറ്റം മനുഷ്യസ്നേഹിയായ ജസ്റ്റീസ് ചന്ദ്രുവിന്റെ വാക്കുകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നേർചിത്രമായിട്ടുണ്ട്. നടൻ സൂര്യ വക്കീലായി പ്രധാന വേഷത്തിലെത്തിയ ‘ജയ് ഭീം’ എന്ന തമിഴ് സിനിമയുടെ പ്രചോദനം ജസ്റ്റീസ് ചന്ദ്രുവായിരുന്നു. "2014ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന് (എൻജെഎസി) കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സുപ്രീംകോടതി ആ നിയമനിര്‍മാണം റദ്ദാക്കുകയായിരുന്നു. അതിനുശേഷം സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങള്‍ കൊളീജിയത്തിനു പകരമായി മോദി നേരിട്ടാണു നടത്തുന്നത്. എന്ജെഎസിയേക്കാള് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന മറ്റ് വഴികള്‍ കണ്ടെത്തിയതിനാലാണ് അത് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത്.''
ജസ്റ്റീസ് ചന്ദ്രുവിനുമുന്പ് ആദ്യ അപായമണി മുഴങ്ങിയത് 2018 ജനുവരി 12നായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, അന്നു വാർത്താസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷ്യറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു. ഗോദി മീഡിയയിലൊഴികെ അന്നതു വലിയ വാർത്തയായിരുന്നെങ്കിലും ക്രമേണ അതൊക്കെ നിസാര സംഭവങ്ങളായി സാമാന്യവത്കരിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ കുപ്രസിദ്ധമായ ആലസ്യത്തിന്റെ പരിണതഫലവുമായിരുന്നു. പക്ഷേ, രാജ്യം അതിനു വില കൊടുത്തുതുടങ്ങി.
ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും തെരഞ്ഞെടുപ്പുകാലത്തെ ക്രൂരമായ വിദ്വേഷപ്രസംഗങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ കണ്ടില്ലെന്നു നടിച്ചു. പ്രതിപക്ഷത്തെ വെറുതേ വിട്ടുമില്ല. കോടതിയുടെ നിശബ്ദത ജനാധിപത്യത്തെ തളർത്തുകയായിരുന്നു. ന്യൂനപക്ഷ ആക്രമണങ്ങളും ബുൾഡോസർരാജുമൊക്കെ കോടതികളിലെത്തിയപ്പോൾ ഉപദേശങ്ങളിലും നിരീക്ഷണങ്ങളിലും ന്യായാധിപർ ഒളിച്ചു. ബാബറി മസ്ജിദ് കേസിലൊഴികെയുള്ള ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ലെ തത്സ്ഥിതി നിലനിർത്തണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കേ, കോടതികൾ ഹിന്ദുത്വയുടെ പുതിയ ഹർജികൾ ഫയലിൽ സ്വീകരിക്കുകയും തുടർനടപടികൾക്കു നിർദേശിക്കുകയും ചെയ്തു. വാരാണസിയിലെ ഗ്യാൻവാപി മോസ്ക്, യുപിയിലെ മഥുര ഷാഹി ഈദ്ഗാഹ്, മധ്യപ്രദേശ് കമാൽ മൗല മസ്ജിദ് എന്നിവയുൾപ്പടെ രാജ്യത്തുടനീളമുള്ള പല ആരാധനാലയങ്ങളും കേസിലായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ആറാംതീയതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ഡിവിഷൻ ബെഞ്ച് കൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച വിധിയിൽ ക്രൈസ്തവ മതത്തെക്കുറിച്ച്, “എല്ലാവരെയും യേശുക്രിസ്തുവിന്റെ അനുയായികളാക്കുക എന്നതാണ് ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രപരമായ ദൗത്യം”എന്നും ""പുള്ളിപ്പുലി തന്റെ പുള്ളികൾ മാറ്റില്ല'' എന്നും പരാമർശിച്ചിരുന്നു. പക്ഷേ, ഘർവാപസിക്കാരായ മൗലികവാദ ഹിന്ദു സംഘടനകളെ പരാമർശിക്കുമ്പോൾ, അതു ഹിന്ദു സംഘടനകളുടെ പൊതുസ്വഭാവമായി ചിത്രീകരിക്കാൻ തയാറായുമില്ല. എന്താണു സംഭവിക്കുന്നത്?
"ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.’’- സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവേ. (2023 ഫെബ്രുവരി 19). ദവേയുടെ വാക്കുകളിൽ ഭരണഘടനയുടെ പിടച്ചിലുണ്ട്. കോടതികൾക്കു പുറത്ത് ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും വക്കാലത്തുമായി ജനാധിപത്യം ഒരേ നിൽപാണ്.
എസ്ഐആർ സമരത്തിൽ സുപ്രീംകോടതി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തിരിച്ചുവന്നുവെന്ന് പിന്നീട് പറഞ്ഞെങ്കിലും സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ തൊട്ടുമുന്‍പു പറഞ്ഞ വാക്കുകൾ നിരാശയുടെ പടിവാതിൽക്കൽ നിൽക്കുന്ന എല്ലാവരുടേതുമായി. ""എസ്ഐആറിലൂടെ നിരവധിപ്പേരെ അനധികൃതമായി ഒഴിവാക്കിയതു സംബന്ധിച്ച് സുപ്രീംകോടതിയെ പലതവണ സമീപിച്ചെങ്കിലും യാതൊരു ആശ്വാസവും ലഭിച്ചില്ല. ഇക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കാൻ സുപ്രീംകോടതിക്കു കഴിയുമെങ്കിലും അവിടെ വീണ്ടും വീണ്ടും പോകുന്നതുകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതുന്നു.’’ഡൽഹിയിൽ ഒക്ടോബർ 11നാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഏതാനും അഭിഭാഷകർക്കും ജഡ്ജിമാർക്കുമേ സർക്കാരിനെതിരേ പ്രതികരിക്കാൻ ധൈര്യമുള്ളൂ. പക്ഷേ, മുന്പെങ്ങുമില്ലാത്തവിധം ഇന്ത്യൻ ജുഡീഷ്യറിയെ ബാധിച്ചെന്നു കരുതാവുന്ന ചരിത്രപരമായ നിശബ്ദതയും വിധേയത്വവും തിരിച്ചറിയാൻ അതുതന്നെ ധാരാളം. ഈ നിമിഷംവരെ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷയാണ് കോടതികൾ. ജനാധിപത്യത്തെ പുനഃസ്ഥാപിക്കുന്ന പരാമർശങ്ങളും വിധികളും പല ജഡ്ജിമാരും പുറപ്പെടുവിക്കുന്നുണ്ട്. പക്ഷേ, നീതിന്യായ സംവിധാനം ഏതാനും ജഡ്ജിമാരുടെ മാത്രം നീതിനിഷ്ഠയാലല്ല വിലയിരുത്തപ്പെടേണ്ടത്. ജനം ജഡ്ജിയെ അല്ല, കോടതിയെ ആണ് സമീപിക്കുന്നത്. പക്ഷേ, നീതി ലഭിക്കുമെന്ന ആത്മവിശ്വാസം കൂടുതൽ ആളുകളിൽനിന്നു ചോർന്നുപോകുകയാണ്.
ജനങ്ങൾ ചെയ്യേണ്ടത്, കോടതികൾക്ക് ഒരപചയവും സംഭവിക്കുന്നില്ലെന്ന് ആശ്വസിച്ചിരിക്കുകയല്ല, ഉറപ്പാക്കുകയാണ്. ന്യായാധിപർ ചെയ്യേണ്ടത്, വിധിയെഴുതാനുള്ള കടലാസിനും മസ്തിഷ്കത്തിനുമിടയിൽ ഒരു യജമാനന്റെ മുഖം തെളിയുന്നില്ലെന്ന് ഉറപ്പാക്കുകയും. സർക്കാരിന്റെ മാത്രം ജീർണതയല്ല പാറ്റകൾ പെരുകാനിടയാക്കിയതെന്ന് ആത്മവിമർശനത്തോടെ കോടതികൾ തിരിച്ചറിയണമെന്ന് ജനം താത്പര്യപ്പെടുന്നു.
Tags : DEEPIKA EDITORIAL