Editorial Audio
കാലത്തിന്റെ ചുമരെഴുത്തുകൾ വ്യക്തമായി വായിച്ചെടുക്കുക എന്നതാണ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാതിരിക്കാനുള്ള ഏക പോംവഴിയെന്ന് ലോകരാഷ്ട്രീയത്തിന്റെ നിധി കാക്കുന്ന ഭൂതങ്ങളെന്ന് സ്വയം കരുതുന്ന നേതാക്കൾ മനസിലാക്കിയാൽ നന്ന്
ഭാവിയിലുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു രാജ്യത്തിന് അതു തിരികെ നൽകുമെന്നായിരുന്നു 2017ൽ ഇമ്മാനുവൽ മാക്രോണിന്റെ വാഗ്ദാനം. ആദ്യമായി ഫ്രഞ്ച് പ്രസിഡന്റ് പദത്തിലെത്തുന്നതിനു തൊട്ടുമുമ്പ് പുറത്തിറക്കിയ പുസ്തകത്തിലായിരുന്നു ഈ ഉറപ്പ്. എന്നാൽ, മാക്രോണിന്റെ രണ്ടാം ഭരണകാലം അടുത്ത ഏപ്രിലിൽ അവസാനിക്കാനിരിക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതി തികഞ്ഞ പരാജയമായിരിക്കുന്നു.
ഫ്രാൻസിലെങ്ങും പ്രക്ഷോഭത്തിന്റെ തീ ആളിപ്പടരുകയാണ്. തെരുവുകളുടെ നിയന്ത്രണം പൊലിസിന് നഷ്ടപ്പെട്ടതോടെ രണ്ടായിരത്തിലധികം കടകൾ കൊള്ളയടിക്കപ്പെട്ടു. തീവ്ര ഇടത് ഗ്രൂപ്പുകൾ ടൗൺ ഹാളുകളും മറ്റു കെട്ടിടങ്ങളും കത്തിച്ചു. പൊലിസുമായി പ്രക്ഷോഭകാരികൾ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. മാക്രോണിന്റെ ആദ്യ ഭരണകാലത്ത് 2018ൽ ജീവിതച്ചെലവ് കുതിച്ചുയർന്നതിന്റെ പേരിൽ രംഗത്തുവന്ന ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനവും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു തുടക്കമിട്ട വിദ്യാർഥി പ്രതിഷേധങ്ങളും ഒന്നായപ്പോൾ എട്ട് ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങിയത്.
ഫ്രാൻസ് മാത്രമല്ല; ബെൽജിയം, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, അൽബേനിയ എന്നിവിടങ്ങളും അസ്വസ്ഥമാണ്. വ്യത്യസ്ത കാരണങ്ങളെങ്കിലും പ്രക്ഷോഭക്കാറ്റ് യൂറോപ്പിലാകമാനം പടരുകയാണ്. സാമ്പത്തിക അസ്ഥിരതയും ഭരണകൂടവിരുദ്ധ വികാരവുമാണ് പ്രക്ഷോഭത്തിന്റെ പൊതുഘടകം. സാഹചര്യം മുതലെടുത്ത് തീവ്ര വിഭാഗങ്ങളും നിക്ഷിപ്ത താത്പര്യക്കാരും മുഖംമൂടിയണിഞ്ഞെത്തുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു.
ലോകമെങ്ങുമെന്നതുപോലെ മുഖ്യധാരാ രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലും യുവജനങ്ങൾക്കു കഴിയുന്നില്ല. സാമൂഹിക ഘടന തകർന്നുപോയി എന്ന തിരിച്ചറിവാണ് ഫ്രാൻസിലെ അശാന്തിയുടെ പ്രധാന കാരണം. അസമത്വം നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിദ്യാർഥിസമൂഹം കരുതുന്നു.
വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതും അവരുടെ രോഷം ആളിക്കത്തിച്ചു. കാലാവസ്ഥാ വ്യതിയാനവും എഐ അതിപ്രസരവും അവരുടെ ഭാവിയെ ഭയജടിലമാക്കുന്നു. കോവിഡ് മഹാമാരിക്കുശേഷമുണ്ടായ തുടർച്ചയായ സാമ്പത്തിക ആഘാതങ്ങളും അവഗണിക്കപ്പെട്ട നഗര സമ്പദ്വ്യവസ്ഥയും കാരണം ജനജീവിതം വെന്തുനീറുന്നതിനിടയിലാണ് ന്യൂജൻ എണ്ണ കോരിയൊഴിച്ചത്.
വിപണിയെ പ്രീതിപ്പെടുത്താൻ ഫ്രാൻസിന്റെ പൊതുകടം കുറയ്ക്കാനുള്ള ചെലവുചുരുക്കൽ ഇരട്ടിയാക്കിയ മാക്രോണിന്റെ വാശി പാടേ തിരിച്ചടിച്ചു. ഏതു സാഹചര്യത്തിലായാലും സ്കൂളുകൾക്കും ആരോഗ്യ പരിപാലനത്തിനുമുള്ള ചെലവ് കുറച്ചത് ഒരു വ്യാഖ്യാനത്തിനും ന്യായീകരണത്തിനും വഴങ്ങുന്നതായിരുന്നില്ല. വൻതോതിലുള്ള സ്വകാര്യ സ്വത്തിന്റെ വളർച്ച കാരണം, ഉയർന്ന പൊതുകടം നിലനിൽക്കുമ്പോഴും ‘ഫ്രാൻസ് ഇതിനുമുമ്പ് ഇത്രയധികം സമ്പന്നമായിരുന്നിട്ടില്ല’ എന്ന് കഴിഞ്ഞയാഴ്ച സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കെറ്റി ചൂണ്ടിക്കാണിച്ചതിൽ എല്ലാമടങ്ങിയിട്ടുണ്ട്.
പ്രതിഷേധിക്കുന്ന വിദ്യാർഥികൾ, അവരുടെ പിന്തുണക്കാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ‘കാസേഴ്സ്’ എന്നറിയപ്പെടുന്ന അക്രമികളായ യുവാക്കളിൽനിന്ന് വ്യക്തമായി വേർതിരിച്ചറിയേണ്ടതുണ്ട്. സമരത്തിൽ നുഴഞ്ഞുകയറുന്ന കുറച്ച് അക്രമികൾ യഥാർഥ ജനകീയ അജൻഡ ഹൈജാക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അക്രമങ്ങൾ തീവ്ര വലതുപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നു.
സ്കൂളുകളിൽ അച്ചടക്കം പുനഃസ്ഥാപിക്കുമെന്നും പൊലിസിന് ഫണ്ട് നൽകുമെന്നും കാസേഴ്സിനെ അനധികൃത കുടിയേറ്റക്കാരായി കണ്ട് നാടു കടത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ മതി മറീൻ ലെ പെന്നിനും മറ്റു നേതാക്കൾക്കും മുന്നേറാൻ. അതേസമയം, പ്രതിഷേധങ്ങളെ ശക്തമായി പിന്തുണച്ച ജീൻ-ലൂക് മെലെൻഷോണിനും അദ്ദേഹത്തിന്റെ ഇടതുപക്ഷ പാർട്ടിയായ ലാ ഫ്രാൻസ് ഇൻസൗമിസിനും ഇത് കടുത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ബെൽജിയം, അൽബേനിയ എന്നിവിടങ്ങളിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ ഫ്രാൻസിലെ സംഭവങ്ങളുമായി ചേർത്തുവയ്ക്കുമ്പോൾ യൂറോപ്പിലെ ജനതയുടെ പൊതുപ്രശ്നങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നുണ്ട്. സ്പെയിനിലും പോർച്ചുഗലിലും വാടകവർധനയും വീടുകൾ കിട്ടാത്തതും യുവജനങ്ങളെയും ഇടത്തരം കുടുംബങ്ങളെയും തെരുവ് പ്രക്ഷോഭങ്ങളിലേക്ക് നയിച്ചു.
ഇറ്റലിയിൽ ജീവിതച്ചെലവ് കൂടിയതിനെതിരേയുള്ള പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് സൈന്യത്തെ വിളിക്കേണ്ടിവന്നു. ബൽജിയത്തിലും പോർച്ചുഗലിലും വിദ്യാഭ്യാസച്ചെലവുകൾക്കും അധ്യാപകക്ഷാമത്തിനുമെതിരേ വിദ്യാർഥികളുടെ വൻ പ്രതിഷേധപ്രകടനങ്ങളുണ്ടായി. അൽബേനിയയിലാകട്ടെ ഭരണകൂട അഴിമതിയും തൊഴിലില്ലായ്മയുമാണ് യുവജനങ്ങളെ തെരുവിലിറക്കിയത്.
കിട്ടിയ അവസരം മുതലെടുത്ത് ഫ്രാൻസിലെ സംഭവങ്ങളെ തന്റെ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിനുള്ള ആയുധമാക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉദാരനയങ്ങളും അതിർത്തിയിലെ സൗമനസ്യവും തുടർന്നാൽ അമേരിക്കയും ഫ്രാൻസിന്റെ ഗതിയിലാകുമെന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയക്കളി.
ഈ പ്രതിഷേധങ്ങൾ യൂറോപ്പിനെ എങ്ങോട്ടാണു നയിക്കുക എന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. വിദ്യാർഥികളും ട്രേഡ് യൂണിയൻ പ്രസ്ഥാനവും തമ്മിൽ ഭിന്നതകൾ ഉയർന്നുവരാനിടയുണ്ട്. ഒരുപക്ഷേ പ്രതിഷേധം യൂറോപ്പിലുടനീളം പടർന്നുപിടിച്ചേക്കാം. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ വ്യവസ്ഥാപിത അഴിമതിയും കുതന്ത്രങ്ങളും പുതിയ തലമുറ നിരാകരിക്കുന്നു എന്നതാണ് ലോകമെങ്ങുംനിന്നുള്ള ശുഭവാർത്ത. യൂറോപ്പിൽ മാത്രമല്ല, ഇന്ത്യയിലും മറ്റു പലയിടത്തും ജെൻ-സി പ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ വിറപ്പിക്കുന്നുണ്ട്.
കാലത്തിന്റെ ചുമരെഴുത്തുകൾ വ്യക്തമായി വായിച്ചെടുക്കുക എന്നതാണ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാതിരിക്കാനുള്ള ഏക പോംവഴിയെന്ന് ലോകരാഷ്ട്രീയത്തിന്റെ നിധി കാക്കുന്ന ഭൂതങ്ങളെന്ന് സ്വയം കരുതുന്ന നേതാക്കൾ മനസിലാക്കിയാൽ നന്ന്.