Editorial Audio
ഭരണഘടനയുടെയും നിയമത്തിന്റെയും സംരക്ഷണമുള്ള ഉന്നതപദവികൾ വഹിക്കുന്നവർ രാഷ്ട്രീയ സ്വാധീനത്തിനും സ്വജനപക്ഷപാതത്തിനും വഴിപ്പെട്ട് ആരോപണവിധേയരാകുന്ന ലജ്ജാകരമായ അവസ്ഥയിൽ കേരളത്തിന്റെ പബ്ലിക് സർവീസ് കമ്മിഷനും എത്തിച്ചേർന്നിരിക്കുന്നു. കേരള ഹൈക്കോടതിയുടെ പ്രഹരത്തിൽ തലതാഴ്ത്തി നിൽക്കുമ്പോഴാണ് പിഎസ്സി ചെയർമാനും അംഗങ്ങൾക്കുംമേൽ ഇടിത്തീപോലെ ഗവർണറുടെ ശിപാർശ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കേവലം രാഷ്ട്രീയപകപോക്കലെന്ന കവചമണിഞ്ഞ് രക്ഷപ്പെടാൻ കഴിയുന്നതല്ല ചെയർമാനും അംഗങ്ങളും ചേർന്ന് വരുത്തിവച്ചിരിക്കുന്ന കളങ്കങ്ങളുടെ മാലിന്യക്കൂമ്പാരം. ജനങ്ങളുടെ, പ്രത്യേകിച്ച്, യുവതയുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ശക്തമായ ഭരണകൂടങ്ങൾപോലും വിറകൊള്ളുമെന്ന് ലോകം മുഴുവൻ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ രാജ്യതലസ്ഥാനത്തടക്കം പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം പിഎസ്സിയിൽ നടന്ന ക്രമക്കേടുകൾക്കും അഴിമതിക്കും കുടപിടിക്കാൻ തയാറാകുന്നത് അവരുടെ പരിതാപകരമായ ദുരവസ്ഥയെയാണ് വെളിവാക്കുന്നത്.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ പ്രതീക്ഷയാണ് പിഎസ്സി. 2025 ഓഗസ്റ്റ് 31ലെ കേരള സർക്കാരിന്റെ എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് തൊഴിലന്വേഷകരിൽ 45.15 ശതമാനം പേർ എസ്എസ്എൽസി യോഗ്യതയുള്ളവരും 31.76 ശതമാനം ഹയർ സെക്കൻഡറിക്കാരും 14.25 ശതമാനം ബിരുദധാരികളുമാണ്. പിഎസ്സി ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച 2023-24ലെ വാർഷിക റിപ്പോർട്ട്പ്രകാരം 2023 ജൂലൈ-ഡിസംബർ കാലയളവിൽ മാത്രം 56,76,739 അപേക്ഷകൾ ലഭിച്ചു. ഇതിൽ 18,964 പേരെ റിക്രൂട്ട് ചെയ്തെന്നും ഇത് രാജ്യത്തുതന്നെ ഏറ്റവും മികച്ചതാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
അതായത്, ഒരു വർഷം ഒരുകോടിയിലധികം യുവജനങ്ങൾ തങ്ങളുടെ തൊഴിലെന്ന ഏറ്റവും വലിയ ജീവിതാഭിലാഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന സ്ഥാപനമാണ് പിഎസ്സി. തിരുവനന്തപുരത്തുള്ള ആസ്ഥാനത്തെ ആയിരത്തോളം പേരടക്കം 1800ലധികം ജീവനക്കാരുള്ള ബൃഹത്തായ ഭരണഘടനാ സ്ഥാപനം. ഇവരെ നയിക്കാൻ നാലു ലക്ഷത്തിലധികം രൂപ മാസശമ്പളം പറ്റുന്ന ചെയർമാനും മൂന്നു ലക്ഷത്തിലധികം ശമ്പളമുള്ള 20 അംഗങ്ങളും. അവിടെയാണ് ഒരിക്കലും നടക്കാൻ പാടില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായിരിക്കുന്നത്.
ഒന്നും രണ്ടുമല്ല, നിരവധി അഴിമതിക്കഥകളാണ് സമീപകാലത്തെ പിഎസ്സി റാങ്ക് ലിസ്റ്റുകൾക്കെതിരേ ഉയർന്നിരിക്കുന്നത്. 2019ലെ സിവിൽ പൊലിസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾവരെ ഉൾപ്പെട്ടതായ വിവരം കേരളം ഞെട്ടലോടെയാണ് കേട്ടത്. അടുത്തിടെ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫിസർ നിയമനവുമായി ബന്ധപ്പെട്ട് പിഎസ്സിക്ക് സ്വന്തം റാങ്ക് ലിസ്റ്റ്തന്നെ തിരുത്തേണ്ടിവന്നതും അഞ്ചാം റാങ്കിലുണ്ടായിരുന്നയാളെ ഒന്നാം സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നതും അഴിമതിയുടെ കൃത്യമായ തെളിവായി മാറി.
സംസ്ഥാനത്ത് ഭരണമാറ്റംകൂടി ഉണ്ടായതോടെയാണ് നാണംകെട്ട അഴിമതിക്കഥകൾ കൂടുതലായി വെളിച്ചത്തുവന്നത്. ഇതോടെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ഭരണഘടനാപദവിയും നിയമപരിരക്ഷയും ഉപയോഗിച്ച് അന്വേഷണത്തോടു സഹകരിക്കാതിരിക്കാനാണ് ചെയർമാൻ ശ്രമിച്ചത്. ഇവിടെ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചപ്പോഴാണ് ഹൈക്കോടതിക്ക് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കേണ്ടിവന്നത്. ഇതിനു പിന്നാലെയാണ് ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവർണറുടെ ശിപാർശയും വന്നിരിക്കുന്നത്.
സിപിഎം രാഷ്ട്രീയ പ്രതിരോധം തീർക്കാൻ രംഗത്തിറങ്ങിക്കഴിഞ്ഞു. ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടി രാഷ്ട്രീയ പകപോക്കലായി വ്യാഖ്യാനിക്കാൻ സിപിഎമ്മിന് പ്രയാസമുണ്ടാകില്ല. അർലേക്കർ പല രാഷ്ട്രീയ നീക്കങ്ങളും നടത്തിയിരുന്നു താനും. എന്നാൽ, അന്വേഷണത്തെ ഭയക്കുന്നുവെന്നത് പകൽപോലെ വ്യക്തമായ സാഹചര്യത്തിൽ പിഎസ്സി ചെയർമാൻ ഡോ. എം.ആര്. ബൈജുവിന്റെയും അംഗങ്ങളുടെയും മടിയിൽ കനമുണ്ടെന്ന് പൊതുജനം ന്യായമായും സംശയിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ അറിയാതെയാണ് ഗവർണറുടെ തീരുമാനമെന്ന തൊടുന്യായത്തിൽ പിടിച്ച് യുഡിഎഫ് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമെടുത്താൽ ഹൈക്കോടതി പറഞ്ഞ ‘ഭായി ഭായി കളി’ സത്യമാണെന്ന് വിശ്വസിക്കേണ്ടിവരും. പിണറായിസർക്കാരിന്റെമേൽ ആരോപിക്കപ്പെട്ട മറ്റു പല അഴിമതിക്കേസുകളിലും അന്വേഷണം മന്ദഗതിയിലാണെന്ന ദുഷ്പേര് ഇതിനോടകമുണ്ട്. അതിനാൽ യുഡിഎഫ് സർക്കാർ യുവജനങ്ങൾക്കു നൽകിയ പ്രതീക്ഷയും വാഗ്ദാനങ്ങളും പാലിക്കാൻ ഗവർണർ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പിന്തുണ നൽകണം. രാഷ്ട്രീയത്തിനപ്പുറമാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നത് കോൺഗ്രസിനെ ഇക്കാലത്ത് പഠിപ്പിക്കേണ്ടതില്ലല്ലോ.
പൊതുജനങ്ങൾക്കും തൊഴിലന്വേഷകർക്കും പിഎസ്സി കളങ്കരഹിതമായിരിക്കണമെന്ന് നിർബന്ധമുണ്ട്. അവിടെ രാഷ്ട്രീയ അടിമത്തവും അഴിമതിയും നടത്തിയവർക്കു മാപ്പു നൽകാനാകില്ല. സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് രാജിവയ്ക്കുകയും നിയമത്തിനു മുന്നിൽ കീഴടങ്ങുകയുമാണ് ചെയർമാനും അംഗങ്ങളും ചെയ്യേണ്ടത്. അല്ലെങ്കിൽ ഹൈക്കോടതി ഓർമിപ്പിച്ചതുപോലെ കടുത്ത നിയമനടപടികൾക്ക് സംസ്ഥാന സർക്കാർ തയാറാകണം. അതുറപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ചെറുതല്ലാത്ത ബാധ്യതയുണ്ട്. ഇല്ലെങ്കിൽ നിങ്ങൾ മറ്റൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷനെതിരേയുള്ള സമരം അവസാനിപ്പിക്കണം.
ജനങ്ങളോടു മാപ്പു പറയണം. ഇരട്ടത്താപ്പ് തുടരരുത്. സിപിഎമ്മിനെയും ഇടതുമുന്നണിയെയും തോൽപ്പിച്ചത് പിഎസ്സിയിലെ മേലാളന്മാർകൂടിയാണെന്ന് അവരും ഓർക്കുന്നതു നല്ലത്. വീഴ്ചകൾ മറയ്ക്കാൻ ശ്രമിക്കുംതോറും കൂടുതൽ ആഴത്തിലേക്കു പതിക്കുമെന്നതാണ് യാഥാർഥ്യം.