Editorial Audio
കൃത്യം രണ്ടു വർഷം. 2024 നവംബർ ഒന്നിന് റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 16 പേർ മരിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ സമരത്തിനിറങ്ങിയ വിദ്യാർഥികൾ സെർബിയയിൽ അധികാരത്തിലേക്ക്. അട്ടിമറിയൊന്നുമല്ല, തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കുകയാണ്. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്. ഒന്ന്, അധികാരപ്രമത്തതയിലും വർഗീയതയിലും അഴിമതിയിലുമൊക്കെ മുങ്ങിയ ഭരണകൂടങ്ങളെ ചോദ്യം ചെയ്യാൻ, സഹികെട്ട യുവാക്കൾ തീരുമാനിച്ചിരിക്കുന്നു. പരന്പരാഗത രാഷ്ട്രീയ പാർട്ടികളുടെയും യുവ-വിദ്യാർഥി സംഘടനകളുടെയും അലസരാഷ്ട്രീയത്തിൽ മനം മടുത്ത ജനം വിദ്യാർഥിമുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്നു. അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ അധികാരത്തെ ദുരുപയോഗിക്കുന്നവർക്കുനേരേ ചൂണ്ടിയ തോക്കാണ് സെർബിയ.
14 വർഷം അധികാരത്തിലിരുന്ന അലക്സാണ്ടർ വുചിച് തോൽവി സമ്മതിച്ചു. 250 അംഗ പാർലമെന്റിൽ വിദ്യാർഥിസഖ്യമായ സ്റ്റുഡന്റ് ലിസ്റ്റ് 141 സീറ്റ് നേടിയപ്പോൾ വുചിച്ചിന്റെ വലതുപക്ഷ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് (എസ്എൻഎസ്) 103 സീറ്റ്. മറ്റു പാർട്ടികൾക്കു ആറ് സീറ്റ്. 52.65 ശതമാനം വോട്ടാണ് സ്റ്റുഡന്റ്സ് ലിസ്റ്റിനു ലഭിച്ചത്. എസ്എൻഎസ് 39.2 ശതമാനത്തിലേക്കു ചുരുങ്ങി.
വ്യാപക തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നെന്ന ആരോപണമുണ്ടായിരുന്നു. എന്നിട്ടും സർക്കാരിനു ജയിക്കാനായില്ല. ഏകാധിപത്യ രാജ്യങ്ങളായ റഷ്യയും ചൈനയുമായിരുന്നു വുചിച്ചിന്റെ പിന്തുണക്കാർ. പക്ഷേ, 1989ൽ ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടി പ്രതിഷേധസമരത്തിനിറങ്ങിയ ആയിരക്കണക്കിനു വിദ്യാർഥികളെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് ശൈലി യൂറോപ്യൻ ജനാധിപത്യരാജ്യമായ സെർബിയയിൽ ചെലവായില്ല.
സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിലെ റെയിൽവേ സ്റ്റേഷന്റെ കോണ്ക്രീറ്റ് മേൽക്കൂര തകർന്നുവീണ് രണ്ടു കുട്ടികളടക്കം 16 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തമാണ് ഈ ജനകീയ വിപ്ലവത്തിന് തുടക്കമായത്. ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയുടെ ഭാഗമായി ചൈനീസ് കണ്സോർഷ്യമാണ് ഈ റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. പദ്ധതിയിലെ സുതാര്യതക്കുറവും അഴിമതിയുമാണ് ദുരന്തത്തിനു കാരണമായതെന്നാരോപിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങി.
ഇതു വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്നും പക്ഷേ, സർക്കാരിനു ചൈനയുടെയം റഷ്യയുടെയും പിന്തുണയുണ്ടെന്നും വുചിച് അവകാശപ്പെട്ടിരുന്നു. ഭരണപക്ഷ പാർട്ടിയുടെ ഗുണ്ടകൾ പോലീസിനൊപ്പം ചേർന്ന് വിദ്യാർഥികളെ അക്രമിക്കാനും തല്ലിയോടിക്കാനും ഇറങ്ങി. പക്ഷേ, അതോടെ സ്ഥിതി വഷളായി. കർഷകരും കായികതാരങ്ങളും ഉദ്യോഗസ്ഥരുമൊക്കെ വിദ്യാർഥികൾക്കു പിന്തുണയുമായെത്തി. തങ്ങളൊരു രാഷ്ട്രീയ പാർട്ടിയല്ലെന്ന് തുടക്കത്തിൽ വ്യക്തമാക്കിയിരുന്ന വിദ്യാർഥികൾ സർക്കാരിന്റ അടിച്ചമർത്തൽ രൂക്ഷമായതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വുചിച്ചിന്റെ ചൈനീസ്-റഷ്യൻ അനുകൂല നയങ്ങളിൽനിന്നു മാറി, കൂടുതൽ പാശ്ചാത്യ അനുകൂല നയങ്ങളിലേക്കും യൂറോപ്യൻ യൂണിയൻ പ്രവേശനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികൾ തയാറാകുമെന്നാണു സൂചന. ചൈനയുമായി മുൻ സർക്കാർ ഉണ്ടാക്കിയതും അഴിമതിയാരോപണത്തിലുള്ളതുമായ പല കരാറുകളും പുതിയ സർക്കാർ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏകാധിപത്യത്തിനുമേൽ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് യൂറോപ്യൻ രാഷ്ട്രീയ നിരീക്ഷകർ സെർബിയൻ തെരഞ്ഞെടുപ്പുഫലത്തെ നിരീക്ഷിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും സെർബിയയിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നെന്നും വിദ്യാർഥിസർക്കാരുമായി സഹകരിക്കാൻ തയാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്. റഷ്യയും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുകൂട്ടർക്കും കാര്യം മനസിലായി. വിദ്വേഷ രാഷ്ട്രീയക്കാരും അഴിമതിക്കാരും തെരഞ്ഞെടുപ്പ് അട്ടിമറിക്കാരുമായ ഏകാധിപതികൾക്കെതിരേയുള്ള പോരാട്ടക്കാർക്ക് ഇത് ആവേശമാണ്. ലോകമെങ്ങുമുള്ള അടിച്ചമർത്തലുകാരോടാണ് സെർബിയൻ ‘പാറ്റ’കളുടെ മൻ കി ബാത്.
Tags : Deepika Editorial