പ്രതീകാത്മകചിത്രം
ആധുനിക ഭക്ഷണ രീതിയിൽ പല്ലിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരസാധനങ്ങൾ കൂടുതലാണ്. ഭക്ഷണക്രമത്തിലുള്ള ഫാസ്റ്റ് ഫുഡും ഭക്ഷണത്തിനുശേഷം കൃത്യമായി വായി കഴുകാതിരിക്കുന്നതും മോണരോഗങ്ങളും ദന്തക്ഷയവും ഉണ്ടാകാൻ പ്രധാന കാരണമാകുന്നു. ഭക്ഷണശീലങ്ങളും ക്രമങ്ങളും രീതികളും ദന്തരോഗങ്ങളുടെ കാരണങ്ങളായി മാറുന്നുണ്ട്. ശ്രദ്ധക്കുറവ്, സമയക്കുറവ്, മടി, അലസത എന്നീ കാരണങ്ങളാൽ കൃത്യമായ ദന്ത, വായ പരിചരണം നടക്കാതെയും വരുന്നു.
ബ്രഷിംഗ് ടെക്നിക്ക് പഠിക്കാം
പല്ലുകളുടെ ഹോം ക്ലീനിംഗ് രീതിയിൽ കൃത്യമായി പാലിക്കേണ്ടതാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഏറ്റവും അവശ്യവുമായ കാര്യം പല്ല് തേയ്ക്കുന്ന രീതി കൃത്യമാക്കുക എന്നതാണ് . പല്ല് തേയ്ക്കുന്ന രീതി കൃത്യമാക്കാൻ ഒരു ഡോക്ടറുടെ സഹായം തേടുന്നതു നല്ലതാണ്. ഇത് കൃത്യമായ രീതിയിൽ ഡോക്ടർ പറഞ്ഞുതരും. ഈ രീതി പഠിക്കാൻ യൂട്യൂബിൽ പല വീഡിയോകളും ലഭ്യമാണ്. ബ്രഷിംഗ് ടെക്നിക്ക് എന്ന കീ വേർഡ് നൽകിയാൽ മതിയാകും.
ദന്തൽ ഫ്ലോസ്
ബ്രഷിങ്ങിനോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന രീതിയാണ് ഫ്ലോസിങ്.
ദന്തൽ ഫ്ലോസ് ഒരു നൂലാണ്. ഇത് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് കൈ വിരലുകളിൽ ചുറ്റി രണ്ട് പല്ലുകൾക്കിടയിലേക്കു കടത്തി പല്ലിന്റെ ഇടവശം വൃത്തിയാക്കാവുന്നതാണ്. ബ്രഷ് കൊണ്ട് പല്ലുതേച്ചാൽ ഈ ഭാഗം വൃത്തിയാവില്ല. ഏറ്റവുമധികം പോട് അഥവാ ദന്തക്ഷയം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലം രണ്ടു പല്ലുകളുടെ ഇടയാണ്. ഭക്ഷണത്തിന്റെ അംശങ്ങൾ ഏറ്റവും കൂടുതൽ കയറിയിരിക്കാനും പോട് ഉണ്ടാകാനും ഇത് കാരണമാകും.
പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെ വേഗം പോട് വലുതായി വേദനയിലേക്കും പഴുപ്പ് ഉണ്ടാവുന്ന അവസ്ഥയിലേക്കും എത്താൻ ഇത് കാരണമാകും. വേദന മാറാനുള്ള ചികിത്സ റൂട്ട് കനാൽ ചികിത്സ അല്ലെങ്കിൽ പല്ലെടുക്കുക എന്നതു മാത്രമാണ്. പല്ലുതേക്കുന്നതിനൊപ്പം തന്നെ എല്ലാ ദിവസവും ഫ്ലോസും ശീലമാക്കിയാൽ നല്ലൊരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാനാവും.
വാട്ടർ ഫ്ലോസ്
ആധുനിക രീതികൾക്കും ആധുനിക ചികിത്സകൾക്കും ശേഷം ശരിയായ പരിചരണം ആവശ്യമാണ്. ദന്തൽ ഇംപ്ലാന്റ്, ദന്തൻ ബ്രിഡ്ജ് ചികിൽസ നടത്തിയവർക്ക് ഈ ഉപാധി വളരെയധികം പ്രയോജനം ചെയ്യും. പല്ലിനിടയിലെ വിടവുകളിലുള്ള ഭക്ഷണാവശിഷ്ടങ്ങളെ പ്രഷറിൽ ചീറ്റുന്ന വെള്ളം കൃത്യമായി നീക്കംചെയ്യും. 2000 രൂപയിൽ താഴെ വിലവരുന്ന ഈ മെഷിൻ റീചാർജ് ചെയ്യാവുന്നതാണ്. വെള്ളം നിറയ്ക്കാൻ ചെറിയ ഒരു ടാങ്ക് ഇതിലുണ്ട്. സാധാരണ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു പേലെ ഇത് ചാർജ് ചെയ്യാം. ഒരു മെഷിൻ വാങ്ങി ഇതിന്റെ ടിപ്പ് ഓരോരുത്തർക്കും ഓരോന്നു മാറ്റി മാറ്റിയിട്ടാൽ വീട്ടിലുള്ള എല്ലാവർക്കും ഉപയോഗിക്കാം. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് രോഗിയുടെ പല്ലും വായും വൃത്തിയാക്കാൻ വാട്ടർ ഫ്ലോസ് പ്രയോജനം ചെയ്യും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Tags : DentalCleaning Dentakfloss WaterFloss DentalHealth FamilyHealth