ഫാ. ഹാമൽ
പാരീസ്: വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഫ്രഞ്ച് വൈദികന് ഫാ. ഷാക് ഹാമലിനെ ഭീകരർ കൊലപ്പെടുത്തിയിട്ട് പത്തു വര്‍ഷം. 2016 ജൂലൈ 26നാണ് രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഫാ. ഹാമലിനെ കഴുത്തറത്തു കൊന്നത്.
പാരീസില്‍നിന്ന് 128 കിലോമീറ്റര്‍ അകലെ റൂവന്‍ നഗരത്തിലെ സെന്റ് സ്റ്റീഫൻസ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ അതിക്രമിച്ചു കയറിയ രണ്ടു ഭീകരര്‍ പള്ളിയിലുണ്ടായിരുന്നവരെ ബന്ദികളാക്കിയശേഷം എണ്‍പത്തിയാറുകാരനായ ഫാ. ഷാക് ഹാമലിനെ കഴുത്തറത്തു കൊല്ലുകയായിരുന്നു. ഭീകരര്‍ വധം കാമറയില്‍ പകര്‍ത്തിയിരുന്നു.
രണ്ടു ഭീകരരെയും പോലീസ് വെടിവച്ചു കൊന്നു. വിരമിച്ചിട്ട് ഒരു ദശകം പിന്നിട്ടിട്ടും രണ്ടു പള്ളികളില്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാ. ഷാക് ഹാമല്‍. സെന്റ് സ്റ്റീഫൻസ് പള്ളിയില്‍ വരുന്പോഴെല്ലാം താൻ ഫാ. ഹാമലിനെ ഓർമിക്കുന്നുവെന്ന്, ആക്രമണത്തിനിടെ ഭീകരർ ബന്ദിയാക്കിയ കന്യാസ്ത്രീകളിലൊരാളായ സിസ്റ്റർ ഡാനിയേല ദെലാഫോസ് പറഞ്ഞു.
ദരിദ്രരോടും അഭയാർഥികളോടും ഏറെ കരുണയുള്ള ആളായിരുന്നു ഫാ. ഹാമലെന്ന് സിസ്റ്റർ ഓർമിച്ചു.
അന്ന് ഭീകരർ ബന്ദികളാക്കിയ കന്യാസ്ത്രീകളിൽ സിസ്റ്റർ ഡാനിയേല മാത്രമാണു ജീവിച്ചിരിക്കുന്നത്.
ഫാ. ഹാമലിന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ ഫ്രഞ്ച് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനും മാർസെയി ആർച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഴാങ് മാര്‍ക് അവ്ലീന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫ്രാന്‍സിലെങ്ങും ഇതിന്റെ സംപ്രേഷണം നടന്നു.
Tags : FrShaqHamel BloodTestimony France IS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash