ഓസ്ലോ: പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യയിലും ഗവേഷണത്തിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിൽ ധാരണ.
ഓസ്ലോയിൽ മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഡെന്മാര്ക്കും ഫിന്‍ലന്‍ഡും ഐസ്ലന്ഡും നോര്‍വേയും സ്വീഡനും അടങ്ങുന്ന നോർഡിക് രാജ്യങ്ങളുടെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിപുലമായ ചർച്ചകൾ നടത്തി. ഹരിത ഊർജം, സുസ്ഥിരത, പുതിയ സാങ്കേതിക വിദ്യകൾ എന്നിവയിൽ ഊന്നിയായിരുന്നു ചർച്ച.
ഭീകരതയുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ച സ്വീകരിക്കില്ലെന്നു മൂന്നാമത് ഇന്ത്യാ-നോർഡിക് ഉച്ചകോടിയിൽ നേതാക്കൾ തീരുമാനിച്ചു. ഇരട്ടനിലപാടും ഉണ്ടാകില്ല. പശ്ചിമേഷ്യയിലും യുക്രെയ്നിലും തുടരുന്ന സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കണമെന്ന നിർദേശവും നേതാക്കൾ മുന്നോട്ടുവച്ചു.
കഴിഞ്ഞ വര്‍ഷം നോര്‍വേ സന്ദര്‍ശിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്നതാണെന്നും പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നതാണെന്നും മോദി പറഞ്ഞു. ചതുര്രാഷ്ട്രപര്യടനത്തിന്റെ ഭാഗമായി നോർവേയിലെത്തിയ പ്രധാനമന്ത്രി മോദി നേരത്തേ പ്രധാനമന്ത്രി യൂനാസ് ഗാര് സ്റ്റൊറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാപാരം, നിക്ഷേപം, പരിസ്ഥിതിയോടിണങ്ങിയുള്ള സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു ചർച്ച. നോര്‍വേയുടെ പരമോന്നത പുരസ്കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ് റോയല്‍ നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റും പ്രധാനമന്ത്രി ഏറ്റുവാങ്ങി.
നോർവേ സന്ദർശനത്തിനുശേഷം ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി ഇറ്റലിയിലേക്കു തിരിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരമാണു സന്ദർശനം. പ്രസിഡന്റ് സെർജിയോ മാറ്ററെല്ല ഉൾപ്പെടെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും. നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര സാങ്കേതിക ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകൾ ഒപ്പിട്ടേക്കും.