അള്‍ജിയേഴ്സ് : തന്റെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ തീര്‍ഥാടകനായി വീണ്ടും ലെയോ പതിനാലാമന്‍ മാര്‍പാപ്പ എത്തി. അള്‍ജീരിയയിലെ പുരാതനനഗരമായ അന്നാബാ (ഹിപ്പോ)യില്‍ പ്രാദേശികസമയം ഇന്നലെ രാവിലെ പത്തോടെയാണു മാര്‍പാപ്പയെത്തിയത്.
സാര്‍വത്രികസഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും അഗസ്റ്റീനിയന്‍ സന്യാസിയുമായ വിശുദ്ധ അഗസ്റ്റിന് 35 വര്‍ഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്ത ഈ വിശുദ്ധഭൂമിയില്‍ സാര്വത്രികസഭാധ്യക്ഷന് എന്ന നിലയില്‍ വീണ്ടുമെത്തിയപ്പോള്‍ ഒരുനിമിഷം ലെയോ മാര്‍പാപ്പ പ്രാര്ഥനാനിമഗ്നനായി.
ആ വിശുദ്ധജീവിതത്തെ സ്മരിച്ച മാര്‍പാപ്പ, അള്‍ജീരിയന്‍ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്മരിച്ചു പ്രാര്‍ഥിച്ചു. പുരാതന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്ന മാര്‍പാപ്പ അവിടെ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ഒലിവുതൈ നടുകയും ചെയ്തു.
ഇതേസമയം, അന്നാബായിലെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയുംകുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താന്‍ തന്നെ സഹായിച്ച ദൈവികപരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് താന്‍ നന്ദിയുള്ളവനാണെന്നു മാര്‍പാപ്പ പറഞ്ഞു.
അന്നാബായിലെ പുരാതനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവര്‍ സന്യാസിനികള്‍ നടത്തുന്ന മാ മായിസണ് അഗതിമന്ദിരം സന്ദര്‍ശിച്ച മാര്‍പാപ്പ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി.
അന്തേവാസികളുമായി സംസാരിക്കവെ യുദ്ധങ്ങള്‍, അക്രമം, അനീതി, നുണകള്‍ എന്നിവയാല്‍ ദൈവത്തിന്റെ ഹൃദയം കീറിമുറിക്കപ്പെടുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവം ഇവിടെ വസിക്കുന്നുവെന്നും സ്നേഹവും സേവനവും എവിടെയുണ്ടോ അവിടെയെല്ലാം ദൈവം വസിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവറിന്റെ അഗതിശുശ്രൂഷയെ മാര്‍പാപ്പ പ്രകീര്‍ത്തിക്കുകയും ചെയ്തു.
പ്രഭാഷണത്തിനുശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത മാര്‍പാപ്പ തൊട്ടടുത്തുള്ള അഗസ്റ്റീനിയന്‍ ആശ്രമത്തിലേക്ക് കാല്‍നടയായി യാത്രയായി. ഉച്ചയ്ക്ക് 12 ഓടെ അവിടെയെത്തിയ മാര്‍പാപ്പ സമൂഹാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
1934നും 35നും ഇടയില്‍ നിര്‍മിച്ചതാണ് ഈ ആശ്രമം. ആഫ്രിക്കയില്നിന്നുതന്നെയുള്ള മൂന്ന് സന്യസ്തരാണ് നിലവില്‍ ഈ ഭവനത്തിലുള്ളത്. ഇവിടത്തെ സെന്റ് അഗസ്റ്റിന് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം മാര്‍പാപ്പ അള്‍ജിയേഴ്സിലേക്കു മടങ്ങി.
അള്‍ജീരിയയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ഇന്ന് കാമറൂണിലേക്കു തിരിക്കും.
Tags : Pope pilgrimage homeland Saint Augustine